
ന്യൂഡൽഹി: മരടിലെ വിവാദ ഫ്ലാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ സർക്കാരിന് സുപ്രീം കോടതിയുടെ ശാസന. വിധി നടപ്പിലാക്കുന്നതിൽ സംസ്ഥാന സർക്കാരിന് ഗുരുതരമായ വീഴ്‌ചയുണ്ടായെന്ന് സുപ്രീം കോടതി വിലയിരുത്തി. കേരളത്തിന്റെ നിലപാടിൽ ഞെട്ടലുണ്ടാക്കുന്നു. അടുത്തിടെ ഉണ്ടായ പ്രളയത്തിൽ നിരവധി പേർ കൊല്ലപ്പെട്ടത് രാജ്യം മുഴുവൻ കണ്ടതാണ്. എന്നാൽ ഇതിൽ കേരളം പാഠം പഠിച്ചിട്ടില്ലെന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്- സുപ്രീം കോടതി പറഞ്ഞു.
കേരളത്തിലെ മുഴുവൻ നിയമലംഘനങ്ങളും പരിശോധിക്കും. നിയമലംഘകരെ കേരളം സംരക്ഷിക്കുകയാണ്. ഫ്ലാറ്റ് പൊളിക്കാൻ എത്ര സമയം വേണമെന്നും കോടതിയിൽ ഹാജരായ ചീഫ് സെക്രട്ടറി ടോം ജോസിനോട് സുപ്രീം കോടതി ചോദിച്ചു. മരട് കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്‌ച വിശദമായ ഉത്തരവ് പുറത്തിറക്കുമെന്നും കേസ് പരിഗണിച്ച ജസ്‌റ്റിസ് അരുൺ മിശ്ര വ്യക്തമാക്കി.
കേസ് പരിഗണിച്ച ഉടൻ ചീഫ് സെക്രട്ടറി എവിടെ, വിളിക്കൂ, എന്ന് ജസ്റ്റിസ് അരുൺ മിശ്ര ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിക്കൊപ്പം അഡീഷണൽ ചീഫ് സെക്രട്ടറി ഉഷാ ടൈറ്റസും കോടതിയിൽ ഹാജരായിരുന്നു. എത്ര സമയം വേണം ഫ്ലാറ്റുകൾ പൊളിക്കാൻ എന്ന് കോടതി ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി. നിയമലംഘനം സംരക്ഷിക്കുകയാണോ കേരളമെന്ന് കോടതി ചോദിച്ചു. കേരളത്തിന്‍റെ നിലപാടിൽ ഞെട്ടൽ തോന്നുന്നുവെന്നുമാണ് കോടതി പറഞ്ഞത്.
”ഈ ഫ്ലാറ്റിലുള്ള 343 കുടുംബങ്ങളെയെങ്കിലും രക്ഷിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഇതാണ് സമീപനമെങ്കിൽ ഗുരുതരമായിരിക്കും സ്ഥിതി. ഉത്തരവിറക്കി മൂന്ന് മാസമായി കേരളം ഒന്നും ചെയ്തില്ല”, എന്ന് ജസ്റ്റിസ് അരുൺ മിശ്ര.
ഇന്ന് തന്നെ കേസിൽ ഉത്തരവിറക്കാനാണ് ജസ്റ്റിസ് അരുൺ മിശ്ര തീരുമാനിച്ചത്. എന്നാൽ ദയവ് ചെയ്ത് ഉത്തരവ് വെള്ളിയാഴ്ചത്തേക്ക് മാറ്റണമെന്ന് സർക്കാരിന് വേണ്ടി ഹാജരായ ഹരീഷ് സാൽവേ അഭ്യർത്ഥിച്ചു. ഇത് പരിഗണിച്ച് വിശദമായ ഉത്തരവ് വെള്ളിയാഴ്ച പറയുമെന്ന് ജസ്റ്റിസ് അരുൺ മിശ്ര വ്യക്തമാക്കി.