ചണ്ഡിഗഢ്: ഹരിയാനയിലെ ഗുര്‍ഗോണില്‍ അന്യജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം ചെയ്തതിന്റെ പേരില്‍ 22കാരിയായ യുവതിയെ കുടുംബാംഗങ്ങള്‍ കഴുത്തുഞെരിച്ച് കൊന്നു. ബി.എസ്.സി വിദ്യാര്‍ത്ഥിയായ അഞ്ജലിയാണ് കൊല്ലപ്പെട്ടത്. അഞ്ജലിയെ കൊലപ്പെടുത്തിയതിന് ശേഷം മൃതദ്ദേഹം കത്തിച്ചുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ അഞ്ജലിയുടെ മാതാപിതാക്കളെയും സഹോദരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
വ്യാഴാഴ്ച സഹോദരന്‍ കുനാലിനൊപ്പം താമസിക്കാന്‍ പോയ അഞ്ജലിയെ കാണാനില്ലെന്ന് പങ്കാളി സന്ദീപ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്ന് എ.സി.പി വരുണ്‍ ദഹിയയെ ഉദ്ധരിച്ച് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
‘അഞ്ജലിയെ മാതാപിതാക്കള്‍ വധിക്കാന്‍ പദ്ധതിയിട്ടതിനെ തുടര്‍ന്നാണ് കുനാലിനൊപ്പം താമസിക്കാന്‍ പോയത്. സന്ദീപ് തന്റെ സഹോദരിയുടെ വീട്ടിലും കുനാലിന്റെ പങ്കാളി ജോലിക്കും പോയ സമയം നോക്കി കുനാല്‍ മാതാപിതാക്കളെ ഫ്‌ലാറ്റിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.
തുടര്‍ന്ന് മാതാപിതാക്കളായ കുല്‍ദീപും റിങ്കിയും ഫ്‌ലാറ്റിലെത്തുകയും കുല്‍ദീപ് അഞ്ജലിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നു. കുനാലും റിങ്കിയും കൊലപാതകത്തില്‍ സഹായിച്ചു. പോസ്റ്റ്‌മോര്‍ട്ടവും പൊലീസ് അന്വേഷണവും ഇല്ലാതിരിക്കാന്‍ ഝജ്ജാറിലെ തങ്ങളുടെ ഗ്രാമത്തിലെത്തിച്ച് മൃതദേഹം കത്തിക്കുകയായിരുന്നു എ.സി.പി പറഞ്ഞു.