തിരുവനന്തപുരം: സര്‍ക്കാറിനെ വിമര്‍ശിക്കുന്നവരെ വേട്ടയാടുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. അന്വേഷണങ്ങളെ താന്‍ ഭയപ്പെടുന്നില്ല. വേട്ടയാടിയാലും മുന്നോട്ട് വച്ച കാല്‍ പിന്നോട്ടില്ലെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. വിജിലന്‍സ് കേസുകൊണ്ട് ഭയപ്പെടുത്താമെന്ന് കരുതേണ്ട. പൊതു സമൂഹത്തിന്റെ പിന്തുണ തനിക്കുണ്ട്. പിണറായിയുടെ കയ്യിലും അദ്ദേഹത്തിന്റെ സുഹൃത്തായ മോദിയുടെ കയ്യിലുമാണ് രാജ്യത്തെ മുഴുവന്‍ അന്വേഷണം ഏജന്‍സികളും. ഏത് അന്വേഷണവും നടന്നോട്ടെ. താന്‍ ഭയപ്പെടില്ലെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ കോഴിക്കോട് സ്വദേശി ഹര്‍ഷിന സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നികുതി വെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും നടത്തിയെന്ന ആരോപണത്തിലാണ് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടനെതിരെ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിനൊരുങ്ങുന്നത്. ചിന്നക്കനാലില്‍ നികുതിവെട്ടിപ്പ് നടത്തി എന്ന പരാതി അന്വേഷിക്കാനാണ് നീക്കം. സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്താനാണ് ശ്രമം. ദിവസങ്ങള്‍ക്കുള്ളില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചേക്കും.