കൊച്ചി:യു.ഏ.ഇ. അറ്റാഷെ ഇന്ത്യ വിട്ടു! രാജ്യദ്രോഹക്കേസിൽ ചോദ്യം ചെയ്യാൻ എൻ.ഐ. അനുമതി തേടിയ ആളാണ് രക്ഷപ്പെട്ടത് !!മുൻ എംപിയും സി.പി.എം നേതാവുമായ എം ബി രാജേഷിന്റെ പോസ്റ്റ് വൈറലാവുന്നു .
പോസ്റ്റ് പൂർണ്ണമായി:
യു.ഏ.ഇ. അറ്റാഷെ ഇന്ത്യ വിട്ടു! രാജ്യദ്രോഹക്കേസിൽ ചോദ്യം ചെയ്യാൻ എൻ.ഐ. അനുമതി തേടിയ ആളാണ് രക്ഷപ്പെട്ടത് !! കേരള സർക്കാരാണോ ഉത്തരവാദി? നയതന്ത്ര പരിരക്ഷയുടെ പേരിലാണ് രാജ്യം വിടാൻ അനുവദിച്ചത് എന്നാണ് വാദമെങ്കിൽ കേസ് രാജ്യദ്രോഹമല്ലേ? രാജ്യദ്രോഹക്കേസിൽ പങ്കാളിത്തം ആരോപിക്കപ്പെടുന്ന നയതന്ത്രപ്രതിനിധിയെ ഇന്ത്യ പുറത്താക്കാതിരുന്നത് എന്തു കൊണ്ട്? ഇന്ത്യയിലെ പാകിസ്ഥാനി എംബസിയിൽ ചാരവൃത്തി ആരോപിക്കപ്പെട്ടവരെ പുറത്താക്കിയ എത്ര ഉദാഹരണങ്ങൾ വേണം? ഇതിലെന്തേ അതുണ്ടായില്ല? ഏതാനും വർഷം മുമ്പ് കേവലമൊരു ക്രിമിനൽ കേസിൽ യു.എസിലെ ഇന്ത്യൻ നയതന്ത്രപ്രതിനിധി ദേവയാനി ഖോബ്രഗ ഡെയെ അമേരിക്ക അറസ്റ്റ് ചെയ്തതും ചോദ്യം ചെയ്തതും ഓർക്കുന്നില്ലേ? രാജ്യദ്രോഹക്കേസിൽ നയതന്ത്ര പരിരക്ഷയുള്ള അറ്റാഷെയുടെ വിചാരണ സാദ്ധ്യമാവില്ലെന്ന് അംഗീകരിക്കാം. എന്നാൽ നിർണായക വിവരങ്ങൾ പോലും അറ്റാഷേയെ മറ്റ് പ്രതികൾക്കൊപ്പമിരുത്തി എൻ.ഐ.എ.ക്ക് തേടാൻ അവസരം നൽകാതെ രക്ഷപ്പെടാൻ അനുവദിച്ചതിന് എന്താണ് ന്യായം?
അറ്റാഷെ മറ്റു പ്രതികളുമായി എണ്ണമറ്റ തവണ ഫോണിൽ ബന്ധപ്പെട്ടിരുന്നു എന്നിപ്പോൾ വ്യക്തമായിരിക്കുന്നു. എന്നിട്ടും ഐബിയും റോയും പോലുള്ള കേന്ദ്ര രഹസ്യാന്വോഷണ ഏജൻസികൾക്ക് ഒരു സംശയവും തോന്നിയില്ലേ?അവിശ്വസനീയം! സാധാരണ ഇന്ത്യയിലെ വിദേശ നയതന്ത്രപ്രതിനിധികൾ ഇന്ത്യൻ പൗരൻമാരെ നിരന്തരമായും അസ്വാഭാവികമായും ഫോണിൽ ബന്ധപ്പെടുമ്പോൾ ആ കോളുകൾ നിരീക്ഷിക്കപ്പെടാതെ പോയത് എന്തുകൊണ്ട്? ഇന്ത്യൻ ജെയിംസ് ബോണ്ട് എന്ന് അവകാശപ്പെടുന്ന പൊങ്ങച്ചക്കാരൻ്റെ കീഴിലുള്ള കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾക്ക് രാജ്യസുരക്ഷയിലുള്ള ശുഷ്കാന്തി ഇത്രയേയുള്ളോ?
അറ്റാഷെയുടെ പങ്ക് ഉൾപ്പെടെ എല്ലാ രഹസ്യങ്ങളും അറിയുന്നതു കൊണ്ടല്ലേ അന്വേഷണം ആരംഭിക്കും മുമ്പുതന്നെ തിരക്കിട്ട് വിദേശകാര്യ സഹമന്ത്രി മുരളീധരൻ ഡിപ്ലോമാറ്റിക് ബാഗേജല്ല എന്ന് തീർപ്പുകൽപ്പിച്ചത്?
ഇതിനു വിരുദ്ധമായല്ലേ എൻ.ഐ.എ പിന്നീട് പറഞ്ഞത്? മുരളീധരന് ആരെ രക്ഷിക്കാനുള്ള തിടുക്കമായിരുന്നു? ഡിപ്ലോമാറ്റിക് ബാഗേജല്ലെങ്കിൽ എന്തിന് യു.എ.ഇ. അംബാസഡറുടെ അനുമതിയോടെ മാത്രം തുറന്നു? അത് തേടാതെ തന്നെ ഉടൻ തുറക്കാമായിരുന്നില്ലേ?14 യാത്രക്കാരിൽ നിന്ന് സ്വർണ്ണം പിടിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണ ഉത്തരവിൽ തെറ്റിച്ചു പറഞ്ഞത് പ്രതികൾക്ക് ആയുധമായില്ലേ? രാജ്യരക്ഷയുമായി ബന്ധപ്പെട്ട കേസിൽ പോലും അമിത് ഷായുടെ മന്ത്രാലയത്തിൻ്റെ ജാഗ്രത ഇത്രയേ ഉള്ളൂ എന്നാണോ? ബി.ജെ.പി.യുടേയും കേന്ദ്ര സർക്കാരിൻ്റേയും എല്ലാ നടപടികളും സംശയമുനയിലാണ്.