അറ്റാഷെ ദുബായിലേക്കു മടങ്ങിയതു ഡല്‍ഹി വഴി.സ്വപ്‌നയെ ഫോണ്‍ വിളിച്ചത് 172 തവണ.കടുത്ത കുറ്റം ചെയ്താലും ചോദ്യംചെയ്യാന്‍ പോലും സാധിക്കില്ല. ഇന്ത്യയില്‍ തുടര്‍ന്നാലും അറ്റാഷെയെ തൊടാനാവില്ല.

ന്യൂഡല്‍ഹി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ യു.എ.ഇ. അറ്റാഷെയുടെ പങ്ക് തെളിഞ്ഞാല്‍പ്പോലും ഇന്ത്യയില്‍ നിയമനടപടി സാധ്യമാകണമെങ്കില്‍ യു.എ.ഇയുടെ പ്രത്യേകാനുമതി വേണ്ടിവരും. നിലവില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് യു.എ.ഇ. സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ അന്വേഷണത്തില്‍ അറ്റാഷെ കുറ്റം ചെയ്തതായി കണ്ടെത്തി, യു.എ.ഇ. നിയമപ്രകാരം കുറ്റം ചുമത്തപ്പെട്ടാലേ ഇന്ത്യയിലേക്കു മടക്കിയെത്തിക്കാനാകൂ. എന്‍.ഐ.എ. അന്വേഷണം നടത്തി പ്രതിചേര്‍ക്കുകയും വിചാരണ നടത്താന്‍ തീരുമാനിക്കുകയും ചെയ്തശേഷം പ്രതിയെ വിട്ടുകിട്ടാന്‍ ഇന്ത്യക്കു യു.എ.ഇയോട് ആവശ്യപ്പെടാം. ഇന്ത്യയും യു.എ.ഇയും തമ്മില്‍ കുറ്റവാളികളെ െകെമാറാന്‍ ധാരണയുണ്ട്.

തിരുവനന്തപുരം സ്വര്‍ണക്കടത്തില്‍ ആരോപണവിധേയനായ യു.എ.ഇ. അറ്റാഷെ ഇന്ത്യയില്‍ തുടര്‍ന്നിരുന്നെങ്കിലും കേസെടുക്കാന്‍ കഴിയില്ലെന്നു വിദേശകാര്യവിദഗ്ധര്‍. നയതന്ത്രപരിരക്ഷയുള്ളതിനാല്‍ ചോദ്യംചെയ്യാന്‍പോലും സാധിക്കില്ല. കൊലപാതകം പോലുള്ള കടുത്ത കുറ്റം ചെയ്താല്‍പ്പോലും ആതിഥേയരാജ്യത്തെ നിയമപ്രകാരം നയതന്ത്രപ്രതിനിധികള്‍ക്കെതിരേ നടപടിയെടുക്കാനാവില്ല. അത്തരം സാഹചര്യങ്ങളില്‍ നയതന്ത്രപ്രതിനിധിയെ മാതൃരാജ്യത്തിനു തിരിച്ചുവിളിക്കാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുറ്റകൃത്യം നടന്ന രാജ്യത്തെ സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ നയതന്ത്രപരിരക്ഷ നീക്കംചെയ്തശേഷം വിട്ടുകൊടുക്കാമെങ്കിലും അതിനുള്ള സാധ്യത വിദൂരമാണെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നയതന്ത്രപ്രതിനിധികളെ തടഞ്ഞുവയ്ക്കാനോ വിചാരണ ചെയ്യാനോ ശിക്ഷിക്കാനോ ആതിഥേയരാജ്യത്തിന് അധികാരമില്ല. യു.എ.ഇ. അറ്റാഷെ കേരളത്തില്‍ തുടര്‍ന്നിരുന്നെങ്കിലും സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍.ഐ.എയ്‌ക്കോ കസ്റ്റംസിനോ ചോദ്യംചെയ്യാന്‍പോലും കിട്ടില്ലായിരുന്നു.

രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രച്ചട്ടങ്ങളുടെ ക്രോഡീകരണം 15-ാം നൂറ്റാണ്ടുമുതല്‍ 20-ാം നൂറ്റാണ്ടുവരെ പല ഘട്ടങ്ങളായാണു നടന്നത്. പ്രോട്ടോക്കോള്‍ നടപടിക്രമങ്ങള്‍ രൂപീകരിച്ചത് 1815-ലെ വിയന്നാ കണ്‍വെന്‍ഷനിലാണ്. ഇതുപ്രകാരം രാഷ്ട്രങ്ങള്‍ക്ക് ഔപചാരികതുല്യതയുണ്ട്. നയതന്ത്രബന്ധങ്ങള്‍, കോണ്‍സുലാര്‍ ബന്ധങ്ങള്‍, ഉടമ്പടികള്‍ എന്നിവയ്ക്കു വ്യക്തത നല്‍കിയതുകൂടാതെ നയതന്ത്രപ്രവര്‍ത്തനരീതികളും ഉദ്യോഗസ്ഥര്‍ക്കു പരിരക്ഷ ഉറപ്പാക്കാനുള്ള ചട്ടങ്ങളും രൂപീകരിച്ചിരുന്നു. 1961, 63, 69 വര്‍ഷങ്ങളില്‍ രാജ്യാന്തരതലത്തില്‍ പ്രത്യേകനിയമങ്ങള്‍ രൂപീകരിച്ചിട്ടുമുണ്ട്.

നയതന്ത്രസ്ഥാപനങ്ങള്‍ക്കു യാതൊരു തടസവും കൂടാതെ പ്രവര്‍ത്തിക്കാനുള്ള സൗകര്യങ്ങളുണ്ടാക്കേണ്ടത് ആതിഥേയരാജ്യത്തിന്റെ ചുമതലയാണ്. നയതന്ത്രദൗത്യത്തിനിടെ അവരെ അറസ്റ്റ് ചെയ്യാനോ തടങ്കലില്‍ വയ്ക്കാനോ പ്രോസിക്യൂട്ട് ചെയ്യാനോ പാടില്ല. നയതന്ത്രസന്ദേശങ്ങളും പരിരക്ഷിക്കപ്പെടും. നയതന്ത്രരേഖകള്‍ എവിടെ കൊണ്ടുപോകാനും രാജ്യാതിര്‍ത്തി കടത്താനും പൂര്‍ണസ്വാതന്ത്ര്യമുണ്ട്. അതു തടസപ്പെടുത്താനോ പരിശോധിക്കാനോ പാടില്ലെന്ന് 1963-ലെ നിയമത്തില്‍ പറയുന്നു.

അതേസമയം യു.എ.ഇ. കോണ്‍സുലേറ്റിന്റെ ചുമതലയുള്ള അറ്റാഷെ റാഷിദ് ഖാമിസ് അലി മുസാഖിരി അല്‍ ഷെമേലി ആരോരുമറിയാതെ ഇന്ത്യ വിട്ടു.രണ്ടുദിവസം മുമ്പ് ഡല്‍ഹി വഴിയാണു ദുബായിലേക്കു മടങ്ങിയത്. അദ്ദേഹത്തെ ചോദ്യംചെയ്യണമെങ്കില്‍ നയതന്ത്രപരിരക്ഷ ഒഴിവാക്കി, യു.എ.ഇയുടെ അനുമതി വേണ്ടിവരും. എന്നാല്‍, അതിനു സാധ്യത കുറവാണെന്നു നയതന്ത്രവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതോടെ സ്വര്‍ണക്കടത്തിലെ ‘നയതന്ത്ര’പങ്ക് അടഞ്ഞ അധ്യായമായേക്കും.

യു.എ.ഇ. എംബസിയുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ 14-നു തിരുവനന്തപുരത്തുനിന്നു ഡല്‍ഹിയിലെത്തിയ അറ്റാഷെ അവിടെനിന്നാണു ദുബായിലേക്കു മടങ്ങിയത്. സ്വര്‍ണക്കടത്തില്‍ അറ്റാഷെയ്ക്കു പങ്കുണ്ടെന്നു പ്രതി സന്ദീപ് നായര്‍ കസ്റ്റംസിന്റെയും എന്‍.ഐ.എയുടെയും ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു. 30 കിലോഗ്രാം സ്വര്‍ണമടങ്ങിയ ബാഗേജ് അറ്റാഷെയുടെ പേരിലാണു ദുബായില്‍നിന്ന് എത്തിയത്. ഇതു കസ്റ്റംസ് പിടികൂടിയ അന്നുതന്നെ അറ്റാഷെ പ്രതി സ്വപ്‌ന സുരേഷിനെ ഫോണില്‍ വിളിച്ചതിന്റെ വിവരങ്ങളും പുറത്തുവന്നിരുന്നു. ഭക്ഷ്യസാധനങ്ങള്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയിരുന്നതെന്നും സ്വര്‍ണത്തെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു അറ്റാഷെയുടെ നിലപാട്.

കേസിലെ ഒന്നാംപ്രതി പി.എസ്. സരിത്തും അറ്റാഷെയും തമ്മില്‍ ജൂെലെ മൂന്നിനും അഞ്ചിനും ഫോണ്‍ വിളി നടന്നതായി എന്‍.ഐ.എ. കണ്ടെത്തി. സ്വപ്‌നയെ ജൂണ്‍ ഒന്നുമുതല്‍ ഒരുമാസം 117 തവണയും ജൂെലെ 1-4 വരെ 35 തവണയും ജൂെലെ മൂന്നിന് 20 തവണയും അറ്റാഷെയും സ്വപ്നയും തമ്മില്‍ ഫോണ്‍വിളിച്ചു. കേസിലെ മൂന്നാംപ്രതി െഫെസല്‍ ഫരീദുമായും അറ്റാഷെയ്ക്ക് ഉറ്റസൗഹൃദമുണ്ടെന്നു സൂചനയുണ്ട്.നയതന്ത്ര ബാഗേജ് കസ്റ്റഡിയിലെടുത്തപ്പോള്‍ അതു തുറക്കരുതെന്നാവശ്യപ്പെട്ട് അറ്റാഷെയില്‍നിന്ന് വന്‍സമ്മര്‍ദമുണ്ടായിരുന്നു. കസ്റ്റംസ് ഓഫീസില്‍ നേരിട്ടെത്തി ഉദ്യോഗസ്ഥരോട് ക്ഷുഭിതനായ അദ്ദേഹം പിന്നീടു സ്ഥലംവിട്ടു. നയതന്ത്ര ബാഗേജല്ലെന്നു യു.എ.ഇ. ഔദ്യോഗികമായി വ്യക്തമാക്കുകയും ചെയ്തതോടെ അറ്റാഷെ വെട്ടിലായിരുന്നു.

Top