
കൊച്ചി:ഭാര്യയുടെ നിയമനം രാഷ്ട്രീയവത്കരിച്ചെന്ന് എം. ബി രാജേഷ് . മൂന്ന് പേരുടെ വ്യക്തി താത്പര്യമാണ് വിവാദങ്ങൾക്ക് പിന്നിൽ. ചിലർ വിളിച്ച് നിയമനത്തിൽ നിന്ന് പിന്മാറാൻ സമ്മർദം ചെലുത്തിയെന്നും എം. ബി രാജേഷ് പറഞ്ഞു.ഇന്റർവ്യൂവിന് മുൻപ് തന്നെ ഭാര്യയെ അയോഗ്യയാക്കാൻ നീക്കം നടന്നു. ഇന്റർവ്യൂവിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് ചിലർ ഭീഷണിപ്പെടുത്തി. ആദ്യം നിനിതയുടെ പിഎച്ച്ഡിക്കെതിരെയായിരുന്നു പരാതി. അത് തള്ളിപ്പോയി. നിയമനത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് വിളിച്ചവർ തങ്ങൾ മാധ്യമളെ സമീപിക്കുമെന്ന് അറിയിച്ചു. ഇതിന് പിന്നിൽ പ്രവർത്തിച്ച മൂന്ന് പേരുടേയും വിഷയം രാഷ്ട്രീയമല്ല. അവർക്കിഷ്ടപ്പെട്ട ഒരാളെ നിയമിക്കുക എന്നതായിരുന്നു പരാതിക്ക് പിന്നിൽ. ഭീഷണിക്ക് മുൻപിൽ വഴങ്ങില്ലെന്നും എം.ബി രാജേഷ് കൂട്ടിച്ചേർത്തു.
അതേസമയം സര്‍വകലാശാല നിയമന വിവാദത്തില്‍ അവ്യക്ത നീക്കണമെന്ന് ആവശ്യപ്പെട്ട് നിനിത കണിച്ചേരി യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ക്ക് കത്ത് അയച്ചു. ഫെബ്രുവരി 1ന് ആണ് രജിസ്ട്രാര്‍ക്ക് നിനിത കത്തയച്ചത്. ജനുവരി 31ന് സെലക്ഷന്‍ കമ്മിറ്റിയിലുള്ള മൂന്നു ആളുകളുടെ പേരിലുള്ള കത്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചെന്നും ഇതിന്റെ അവ്യക്തത നീക്കിയതിന് ശേഷം മാത്രം തന്നെ ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്നും നിനിത രജിസ്ട്രാര്‍ക്ക് അയച്ച പരാതിയില്‍ പറയുന്നു.
ജനുവരി 31ന് രാത്രി 11നാണ് സെലക്ഷന്‍ കമ്മറ്റിയിലെ ചിലരുടെ കത്ത് സമൂഹ മാധ്യമങ്ങളിലൂടെ തനിക്ക് ലഭിച്ചത്. ഇപ്പോള്‍ തനിക്കെതിരെ കൊടുത്ത പരാതിയുടെ പകര്‍പ്പും അന്ന് തന്നെ ലഭിച്ചിരുന്നു. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച കത്തിന്റെ ഉള്ളടക്കം മനോവേദനയുണ്ടാക്കി. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നാണ് നിനിത കണിച്ചേരി ആവശ്യപ്പെടുന്നത്. ജോലിയില്‍ പ്രവേശിക്കുന്നത് ആലോചിച്ച ശേഷം മാത്രമേ ചെയ്യാവൂ എന്ന് കാണിച്ച് ചില ഫോണ്‍ കോളുകള്‍ എം ബി രാജേഷിന് വന്നിരുന്നെന്ന് അദ്ദേഹത്തോട് അടുപ്പമുള്ള വൃത്തങ്ങള്‍ പറയുന്നു.