ന്യൂഡല്‍ഹി: സംഘപരിവാറിന്റെ 56 ഇഞ്ച് നെഞ്ചളവില്‍ നടത്തിയ കാളിയമര്‍ദനമാണ് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ പ്രസംഗമെന്ന് എം ബി രാജേഷ് എംപി. കനയ്യ എന്നാല്‍ ഹിന്ദിയില്‍ കൃഷ്ണന്‍ എന്നാണ് അര്‍ത്ഥം. സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ വിഷപ്പത്തി ചവിട്ടിമെതിച്ച കാളിയമര്‍ദനമായിരുന്നു കനയ്യയുടെ പ്രസംഗമെന്ന് രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു.
കനയ്യ അന്തസായ ഭാഷയില്‍ ഉന്നയിച്ച ഒരു ചോദ്യത്തിനും മറുപടി പറയാനുള്ള കഴിവും ബുദ്ധിയും ആത്മവിശ്വാസവുമില്ലാത്ത ഭീരുക്കളും സംവാദത്തിന് ധൈര്യമില്ലാത്തവരും കനയ്യയുടെ പ്രസംഗത്തിനെതിരെ പതിവുപോലെ തെറി ചൊരിഞ്ഞ് തുടങ്ങിയിട്ടുണ്ട്. പാവം! അവരോട് ക്ഷമിക്കാം. അവര്‍ക്കതല്ലാതെ എന്ത് ചെയ്യാനറിയാം. അവര്‍ വിളിക്കുന്ന ഓരോ തെറിയും ഉത്തരം മുട്ടിയ പരാജിതരുടെ ദീനരോദനങ്ങളാണെന്നും എം ബി രാജേഷ് പറഞ്ഞു.
വാക്കുകള്‍ക്ക് വെടിയുണ്ടയേക്കാള്‍ ശക്തിയുണ്ടെന്ന് തെളിയിച്ച പ്രസംഗമാണ് കനയ്യയുടേത്. ആശയ വ്യക്തത അതിനൊത്ത രാഷ്ട്രീയ മൂര്‍ച്ച, ലാളിത്യം, നര്‍മ്മം, പരിഹാസം, യുക്തിഭദ്രത, വാക്കുകളുടെ ഒഴുക്ക്, എതിരാളികളോട് പുലര്‍ത്തിയ മിതത്വവും അന്തസും തുടങ്ങി ഒരു പ്രസംഗത്തിന് വേണ്ട എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ പ്രസംഗമാണ് കനയ്യ നടത്തിയതെന്നും രാജേഷ് പറഞ്ഞു.