അനര്‍ഹമായ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതായി കണ്ടെത്തിയ വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്റെ റേഷന്‍ കാര്‍ഡ് റദ്ദാക്കാന്‍ ഉത്തരവ്. ഭക്ഷ്യമന്ത്രി പി. തിലോത്തമനാണ് ജോസഫൈന്റെ റേഷന്‍ കാര്‍ഡ് റദ്ദാക്കാന്‍ ഉത്തരവിട്ടത്.
പ്രത്യേക പരിഗണനകള്‍ കിട്ടുന്ന മുന്‍ഗണനപട്ടികയില്‍ ജോസഫൈന്‍ അനര്‍ഹമായി ഉള്‍പ്പെട്ടെന്ന് കണ്ടെത്തിയിരുന്നു ഇതിനാലാണ് കാര്‍ഡ് റദ്ദാക്കി മുന്‍ഗണനേതര കാര്‍ഡ് നല്‍കാന്‍ നിര്‍ദേശം നല്‍കിയത്. എറണാകുളം എളംകുന്നപ്പുഴ പഞ്ചായത്ത് പരിധിയിലെ മുരിക്കുംപാടം റേഷന്‍ കടയില്‍ 1735038020 നമ്പര്‍ റേഷന്‍ കാര്‍ഡിലാണ് ജോസഫൈന്റെ പേരുള്ളത്.
ജോസഫൈന്റെ സഹോദരന്‍ ജോണ്‍സന്റെ ഭാര്യ മേരി ലിയോണിയ മോളിയാണ് കാര്‍ഡുടമ. കുടുംബത്തിന് ആനുകൂല്യം ലഭിക്കണമെങ്കില്‍ എം.സി. ജോസഫൈന്‍ മറ്റൊരു കാര്‍ഡിന് അപേക്ഷിക്കണം. തുടര്‍ന്ന് സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന ക്ലേശഘടകങ്ങള്‍ കുടുംബത്തിന് ഉണ്ടെന്ന് ബോധ്യപ്പെട്ടാലേ മുന്‍ഗണന കാര്‍ഡ് (പിങ്ക്) അനുവദിക്കാന്‍ കഴിയൂവെന്നും അധികൃതര്‍ അറിയിച്ചു.
വനിത കമ്മീഷന്‍ അധ്യക്ഷ എന്ന നിലക്ക് സര്‍ക്കാറില്‍ നിന്ന് പ്രതിമാസം 60,000 രൂപയും അലവന്‍സുകളും ലഭിക്കുമ്പോഴും കാര്‍ഡിലെ ഏഴ് പേരുടെയും പ്രതിമാസ വരുമാനമായി രേഖപ്പെടുത്തിയിട്ടുള്ളത് 1800 രൂപ മാത്രമാണ്. ഇതിനെതിരെ മന്ത്രി പി. തിലോത്തമന് ലഭിച്ച പരാതിയില്‍ നടന്ന പരിശോധനയിലാണ് ദാരിദ്ര്യരേഖക്ക് താഴെയുള്ളവരുടെ പട്ടികയിലാണ് ജോസഫൈന്റെ കുടുംബവുമെന്ന് കണ്ടെത്തിയത്. തുടര്‍ന്നാണ് കാര്‍ഡ് റദ്ദാക്കാന്‍ താലൂക്ക് സപ്ലൈ ഓഫിസര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയത്. വനിത കമ്മീഷന്‍ അധ്യക്ഷയുടെ പേര് കാര്‍ഡില്‍ ഉള്ളിടത്തോളം മുന്‍ഗണനാവിഭാഗത്തില്‍ പരിഗണിക്കാന്‍ കഴിയില്ലെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.