മെല്‍ബണില്‍ മലയാളി കൊല്ലപ്പെട്ട സംഭവത്തിന് പിന്നില്‍ ദുരൂഹതകളേറെ. ഞെട്ടിപ്പിക്കുന്ന കഥകളാണ് പുറത്തുവരുന്നത്. സോഫിയുടെ കഥ കേട്ടാല്‍ ഇങ്ങനെയും സ്ത്രീകള്‍ കേരളത്തിലുണ്ടാകുമോയെന്ന്് ചിന്തിച്ചുപോകും. ഇരട്ടപ്രണയമാണ് ഈ ക്രൂരകൃത്യത്തിലേക്ക് നയിച്ചത്. പ്രണയത്തിനും മലയാളിക്കും അപമാനമായി ഒരു കൊലപാതകം.
ദീര്‍ഘനാളത്തെ തയാറെടുപ്പു നടത്തിയതിനുശേഷമാണ് സോഫിയും കാമുകനും ചേര്‍ന്ന് പുനലൂര്‍ സ്വദേശി സാം ഏബ്രഹാമിനെ കൊലപ്പെടുത്തിയത്. പ്രതികളായ സോഫിയും അരുണ്‍ കമലാസനും സംശയം തോന്നിപ്പിക്കാതെ സാമിനെ കൊടിയ വിഷം നല്‍കി കൊലപ്പെടുത്തിയെന്നതാണു കേസ്.
കഴിഞ്ഞ ഒക്ടോബറിലാണു സാം മരിക്കുന്നത്. അന്നു പോസ്റ്റ്‌മോര്‍ട്ടം നടത്തിയതായി ഓസ്‌ട്രേലിയന്‍ പൊലീസ് പറയുന്നില്ല. കൊലപാതകത്തിന്റെ രഹസ്യം എങ്ങിനെയാണു ചോര്‍ന്നതെന്ന വിവരവും പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കോട്ടയത്തു കോളജില്‍ പഠിക്കുന്ന കാലത്താണു സോഫി ആദ്യം സാമുമായും പിന്നീട് അരുണുമായും പരിചയപ്പെടുന്നത്. സാമുമായുള്ള ബന്ധം വിവാഹത്തിലെത്തിയെങ്കിലും കൊല്ലം സ്വദേശിയായ അരുണുമായും അടുപ്പം തുടര്‍ന്നതാണു കൊലപാതകത്തിനു പ്രേരണയായതെന്നാണു നിഗമനം.
വിവാഹനാളുകളില്‍ സാം ദുബായിലായിരുന്നു ജോലി ചെയ്തിരുന്നത്. ഓസ്‌ട്രേലിയയിലേക്ക് ആദ്യം കുടിയേറിയതു സോഫിയാണ്. സാം എത്തുന്നതു പിന്നീടാണ്. ഇതിനിടയില്‍ അരുണും ഭാര്യയും കുഞ്ഞും ഓസ്‌ട്രേലിയയില്‍ എത്തിയിരുന്നു. പിന്നീട് അരുണ്‍ ഭാര്യയെയും കുഞ്ഞിനെയും കൊല്ലത്തേക്കു തിരികെ അയച്ചു. ഏകദേശം ഒരു വര്‍ഷത്തോളം നീണ്ട തയാറെടുപ്പ് കൊലപാതകത്തിനു പിന്നിലുണ്ട്. രഹസ്യം പുറത്തറിയാന്‍ വീണ്ടും പത്തുമാസം വൈകി. സാം മരിച്ചു പത്തു മാസത്തിനു ശേഷം പ്രതികള്‍ക്കെതിരെ കുറ്റം തെളിയാന്‍ കാരണം ഇവരുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ന്നതാണെന്നാണു പ്രാഥമിക നിഗമനം. കേസിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ മാത്രമേ ഇക്കാര്യം പുറത്തു വരൂ.