കണ്ണൂര്‍: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ചു വ്യക്തമായ ചരിത്ര രേഖകള്‍ പുറത്ത് വന്നു. 200 വര്‍ഷം മുമ്പുള്ള ചരിത്ര രേഖയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ബ്രിട്ടീഷുകാര്‍ തയ്യാറാക്കിയ രേഖയില്‍ സ്ത്രീ പ്രവേശന വിലക്കിനെക്കുറിച്ചുള്ള പരാമര്‍ശമുണ്ട്. 1991 വരെ ക്ഷേത്രത്തില്‍ യുവതികള്‍ പ്രവേശിച്ചിരുന്നുവെന്നുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിന് വിരുദ്ധമായ തെളിവാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന രേഖ.
ഇരുനൂറു വര്‍ഷം മുമ്പ് 1816 മുതല്‍ 1820 വരെ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ മേഖലകളില്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിക്കുവേണ്ടി സര്‍വേ ജോലികള്‍ക്കായി എത്തിയ വാര്‍ഡ്, കോണര്‍ എന്നീ ബ്രിട്ടീഷുകാര്‍ രചിച്ച ”മെമ്മയര്‍ ഓഫ് ദി സര്‍വേ ഓഫ് ദി ട്രാവന്‍കൂര്‍ ആന്‍ഡ് കൊച്ചിന്‍ സ്റ്റേറ്റ്സ്” എന്ന ഗ്രന്ഥത്തിലാണു ശബരിമലയില്‍ ഒരു നിശ്ചിത പ്രായത്തിനുള്ളിലുള്ള സ്ത്രീകള്‍ക്കു വിലക്കേര്‍പ്പെടുത്തിയിരുന്നെന്നു വ്യക്തമാക്കുന്നത്. ശബരിമലയുടെ സാമൂഹിക- സാമ്പത്തിക-പരിസ്ഥിതി വിഷയങ്ങളും മൂന്നു വാല്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുള്ള ഈ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നുണ്ട്. 1827-ല്‍ ബ്രിട്ടീഷ് സര്‍ക്കാരും 1994-ല്‍ കേരള സര്‍ക്കാരും പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിന്റെ മൂന്നു വാല്യങ്ങളും തിരുവനന്തപുരം െതെക്കാട്ടുള്ള െവെകുണ്ഡസ്വാമി അന്തര്‍ദേശീയ പഠനകേന്ദ്രത്തില്‍ ലഭ്യമാണ്.
സ്ത്രീപ്രവേശനം സംബന്ധിച്ചു നിശ്ചിതപ്രായപരിധിക്കുള്ളില്‍ എന്നു രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അതു പുസ്തകത്തില്‍ കൃത്യമായി നിര്‍വചിച്ചിട്ടില്ല. പശ്ചിമഘട്ട മലനിരകളില്‍, സാധാരണഗതിയില്‍ ചെന്നെത്താന്‍, ഏറെ ദുര്‍ഘടമായ പ്രദേശത്താണു ക്ഷേത്രം സ്ഥിതിചെയ്യുന്നതെന്നും ഭക്തരെ ക്ഷേത്രത്തിലേക്കു വനവാസികളാണ് അക്കാലത്തു നയിച്ചിരുന്നതെന്നും പുസ്തകം സൂചിപ്പിക്കുന്നുണ്ട്.
കൊച്ചുകുട്ടികള്‍ക്കും പ്രായമായ സ്ത്രീകള്‍ക്കും ക്ഷേത്രത്തില്‍ ദര്‍ശനം നടത്താമെങ്കിലും നിശ്ചിതപ്രായത്തിനുള്ളിലുള്ള സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചിരുന്നില്ല. ക്ഷേത്രത്തിലെ ദേവനു യുവതീദര്‍ശനം ഇഷ്ടമല്ലാത്തതിനാലാണിത്. ആനകള്‍ ഏറെയുള്ള മലനിരകളില്‍ തടാകവും അരുവികളും ദൃശ്യമാണ്. കാടിനു നടുവിലുള്ള ചെറിയ ക്ഷേത്രത്തിലേക്കു കല്ലില്‍ നിര്‍മ്മിച്ച 18 പടികളുണ്ട്. ഇതിനോടു ചേര്‍ന്ന് ഉദ്ദേശം 150 ചതുരശ്രയടി വരുന്ന ഭിത്തിയും നിര്‍മ്മിച്ചിട്ടുണ്ട്. പിത്തള മേഞ്ഞ ക്ഷേത്രത്തിലെ വാര്‍ഷികാഘോഷം ജനുവരി 12 മുതല്‍ അഞ്ചുദിവസമാണു നടത്തിവന്നത്. ഈ സമയം ഇന്ത്യയിലെ വിവിധ ഗ്രാമങ്ങളില്‍നിന്ന് 10,000 മുതല്‍ 15,000 വരെ ഭക്തര്‍ ദര്‍ശനത്തിനെത്തിയിരുന്നു. ക്ഷേത്രം നിലനില്‍ക്കുന്ന മേഖലയിലും സമീപപ്രദേശങ്ങളിലും ജനവാസമുണ്ടായിരുന്നില്ല. പതിനെട്ടാം പടിക്കു താഴെയാണു ഭക്തര്‍ നേര്‍ച്ചപ്പണം ഇട്ടിരുന്നത്. വലിയ തുകതന്നെ ഈ ഇനത്തില്‍ ലഭിക്കും. സര്‍ക്കാരാണ് പണം ശേഖരിച്ചിരുന്നത്.
ഇതിനായിമാത്രം ഒരു ബ്രാഹ്മണനെയും രണ്ടു നായന്മാരെയും നിയമിച്ചിരുന്നു. ഭക്തര്‍ ഭണ്ഡാരത്തില്‍ അര്‍പ്പിക്കുന്ന നേര്‍ച്ച ക്ഷേത്രത്തിലെ വാര്‍ഷികചെലവുകള്‍ക്ക് ആവശ്യമായ തുകയേക്കാള്‍ അധികമാണ്. കാട്ടാനകള്‍ ഏറെയുള്ളതിനാല്‍ ക്ഷേത്രത്തിനു സമീപം ഉയരത്തില്‍ ഒരു കെട്ടിടവും മറ്റൊരു ദേവാലയവുമുണ്ട്. എരുമേലിയില്‍നിന്നു കരിമലതാണ്ടി വലിയാനവട്ടം, ചെറിയാനവട്ടം വഴിയെത്തുന്ന ഭക്തര്‍ക്കു പമ്പയ്ക്കു കുറുകെയുള്ള കോസ്വേയും കടന്നു ശബരിമലയിക്കുള്ള യാത്ര ദുഷ്‌കരമായിരുന്നു. അക്കാലത്ത് പമ്പാനദി 150 മീറ്റര്‍ വീതിയില്‍ പരന്ന് ഒഴുകിയിരുന്നു-പുസ്തകം പറയുന്നു.
ശബരിമല എന്നതിനു ചൗരിമുള്ള എന്നും എരുമേലിക്ക് എരമകുളി എന്നുമാണ് പുസ്തകത്തില്‍ പറഞ്ഞിട്ടുള്ളത്. ക്ഷേത്രത്തിനു സമീപം ഉയരത്തില്‍ ഒരു കെട്ടിടവും മറ്റൊരു ദേവാലയവുമുണ്ടെന്നു പറയുന്നതിലെ ദേവാലയം മാളികപ്പുറത്തമ്മയുടെ ക്ഷേത്രമാണെന്നുവേണം കരുതാന്‍. എരുമേലിയില്‍നിന്നു കരിമലതാണ്ടി വലിയാനവട്ടം, ചെറിയാനവട്ടം വഴിയെത്തുന്ന ഭക്തര്‍ക്കു പമ്പയ്ക്കു കുറുകെയുള്ള കോസ്വേയും കടന്നു ശബരിമലയിലേക്കുള്ള യാത്ര ദുഷ്‌കരമായിരുന്നുവെന്നു പുസ്തകത്തിലുള്ള പരാമര്‍ശം എരുമേലിവഴി കരിമലകയറിയുള്ള ഭക്തജന പ്രവാഹം രണ്ടു നൂറ്റാണ്ടു മുമ്പുമുതല്‍ ഉണ്ടായിരുന്നുവെന്നതിനു തെളിവാണ്.


