ദയാവധം ചര്‍ച്ച സുപ്രീം കോടതി വീണ്ടും സജീവമാക്കി.മരണം ഉറപ്പായവരെ വെന്റിലേറ്ററില്‍ വെക്കണമോ? സുപ്രീം കോടതി

ന്യൂഡല്‍ഹി: മാരകവും മരണം ഉറപ്പായതുമായ അസുഖ ബാധിതര്‍ക്ക് ദയാവധം നല്‍കണമോ വേണ്ടയോ എന്ന ചര്‍ച്ച സുപ്രീം കോടതി വീണ്ടും സജീവമാക്കി. മരണം ഉറപ്പാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ രോഗികളെ വെന്റിലേറ്ററില്‍ അവരുടെ ജീവന്‍ നിലനിര്‍ത്തുന്നത് ശരിയാണോ എന്ന് കോടതി ചോദിച്ചു. ജസ്റ്റിസുമാരായ എ.ആര്‍ ദവെ, കുര്യന്‍ ജോസഫ്, എസ്.കെ സിംഗ്, എ.കെ ഗോയല്‍, ആര്‍.എഫ് നരിമാന്‍ എന്നിവര്‍ അടങ്ങിയ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് പ്രസ്തുത വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം ചോദിച്ചിരിക്കുന്നത്.

 

വെന്റിലേറ്ററിലും മറ്റ് ജീവന്‍ നിലനിര്‍ത്തുന്ന യന്ത്രസംവിധാനം ഉപയോഗിച്ച് രോഗിയുടെ ഇച്ഛക്ക് വിപരീതമായി ചെയ്യുന്നത് രോഗിയെ പീഡിപ്പിക്കുന്നതിനും സാമ്പത്തികമായി അവരുടെ കുടുംബത്തെ തളര്‍ത്തുന്നതുമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി.എസ് പട്‌വാലിയ ബെഞ്ചിന്റെ അഭിപ്രായത്തോട് യോജിക്കുകയും ജനങ്ങളുടെ വികാരങ്ങളെ വ്യാവസായികമായി ചൂഷണം ചെയ്യുകയാണ് ആശുപത്രികളെന്നും വെന്റിലേറ്ററുകളുടെ സഹായം തേടുന്നത് ആദായകരമായ ബിസിനസാണെന്നും അഭിപ്രായപ്പെട്ടു.mercy killing

മാരകമായ അസുഖം ബാധിച്ച് മരണം ഉറപ്പാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയാല്‍ അയാളെ വെന്റിലേറ്ററില്‍ വെച്ച് ജീവന്‍ നിലനിര്‍ത്തേണ്ടതില്ലെന്ന് ഒരാള്‍ പൂര്‍ണ്ണ ആരോഗ്യത്തോടെയും സ്വബോധത്തോടെയും ജീവിക്കുന്ന കാലത്ത് തയ്യാറാക്കുന്ന വില്‍പത്രത്തിന് നിയമസാധുത നല്‍കണമെന്ന കോമണ്‍ കോസ് എന്ന എന്‍.ജി.ഒയുടെ വാദത്തിനോട് കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം സുപ്രീം കോടതി ചോദിച്ചു. നിരവധി രോഗികളെ വെന്റിലേറ്ററുകളുടെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തി വരുന്നുണ്ടെന്നും അവര്‍ അതുവഴി വേദനകള്‍ സഹിക്കുകയാണെന്നും സുപ്രീം കോടതി അഭിഭാഷകനും എന്‍.ജി.ഒയായ കോമണ്‍ കോസിനും വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണ്‍ അഭിപ്രായപ്പെട്ടു.

Top