അച്ഛനമ്മമാരുടെ അസ്ഥിത്തറയിൽ വന്ദിച്ച് ജസ്റ്റിസ് സി.ടി.രവികുമാർ..

മാവേലിക്കര: സുപ്രീംകോടതി നിയുക്ത ജഡ്ജി ജസ്റ്റിസ് സി.ടി.രവികുമാർ അച്ഛനമ്മമാരുടെ അസ്ഥിത്തറയിൽ വന്ദിച്ച് അനുഗ്രഹം വാങ്ങി. കഴിഞ്ഞ ദിവസം വൈകിട്ടോടെ കുടുംബവീടായ മാവേലിക്കര തഴക്കര കുറ്റിയിലയ്യത്ത് എത്തിയ അദ്ദേഹം, ചങ്ങനാശ്ശേരി മജിസ്ട്രേട്ട് കോടതിയിൽ ബെഞ്ച് ക്ലാർക്കായിരുന്ന അച്ഛൻ കെ.ഒ.തേവന്റെയും മാതാവ് വി.ടി.സരസ്വതിയുടെയും അസ്ഥിത്തറയ്ക്കു മുന്നിൽ ഭാര്യ അഡ്വ.സൈറയോടൊപ്പം തൊഴുകൈകളുമായി നിന്നു.തുടർന്ന്, കുടുംബവീട്ടിൽ താമസിക്കുന്ന സഹോദരനും റിട്ട.അദ്ധ്യാപകനുമായ കെ.ഡി.മുരളീധരനും കുടുംബാംഗങ്ങൾക്കുമൊപ്പം കുറച്ചു നേരം ചെലവഴിച്ചു.സാമൂഹ്യ പ്രതിബദ്ധത വെളിപ്പെടുത്തിയ ഒട്ടേറെ വിധികളിലൂടെ ശ്രദ്ധേയനായ കേരള ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജി ജസ്റ്റിസ് സി ടി രവികുമാർ ഇനി സുപ്രീംകോടതി ജഡ്ജി.

ആറു മക്കളിൽ ഏറ്റവും ഇളയതായതിനാൽ കുഞ്ഞ് എന്നാണ് എല്ലാവരും ഓമനിച്ചു വിളിച്ചിരുന്നതെന്ന് രവികുമാർ പറഞ്ഞു. അച്ഛൻ കോടതി ജീവനക്കാരനായിരുന്നത് നീതിന്യായമേഖല തിരഞ്ഞെടുക്കാൻ രവികുമാറിന് പ്രചോദനമായി. രവികുമാർ ന്യായാധിപനാകണമെന്നത് അച്ഛന്റെ ആഗ്രഹമായിരുന്നു. പരമോന്നത കോടതിയിൽ എത്തുന്നതു കാണാൻ അച്ഛൻ ഇല്ലാതെ പോയതിന്റെ നൊമ്പരം മനസ്സിലുണ്ട്. എല്ലാ ഉയർച്ചയ്ക്കും കാരണം അച്ഛന്റെയും അമ്മയുടെയും പ്രാർത്ഥനയും ഈശ്വരാനുഗ്രഹവുമാണെന്ന് രവികുമാർ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തന്നെ ഒരു അഭിഭാഷകനായി രൂപപ്പെടുത്തിയതും ഉന്നതിയിലേക്ക്‌ നയിച്ചതും പരേതനായ മുൻ അഡ്വക്കറ്റ്‌ ജനറൽ എം കെ ദാമോദരനാണെന്ന്‌ സുപ്രീംകോടതി ജഡ്‌ജിയായി നിയമിതനായ ജസ്‌റ്റിസ്‌ സി ടി രവികുമാർ പറഞ്ഞു . വെള്ളിയാഴ്‌ച ഹൈക്കോടതി ഫുൾകോർട്ട് റഫറൻസിലൂടെ നൽകിയ യാത്രയയപ്പുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ എജി അഡ്വ. സി പി സുധാകരപ്രസാദും തന്റെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ചെന്നും അദ്ദേഹം പറഞ്ഞു. മാതാപിതാക്കളും സഹോദരങ്ങളും നൽകിയ സ്‌നേഹത്തെക്കുറിച്ചും അദ്ദേഹം ഓർമ്മിച്ചു. ചീഫ്‌ ജസ്‌റ്റിസ്‌ എസ്‌ മണികുമാർ അധ്യക്ഷനായി.

ചങ്ങനാശേരി ജുഡീഷ്യൽ ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതിയിലെ ബെഞ്ച് ക്ലർക്കായിരുന്ന മാവേലിക്കര തഴക്കര കുറ്റിയിലയ്യത്ത് തേവന്റെയും വി ടി സരസ്വതിയുടെയും മകനായി 1960 ജനുവരി ആറിനാണ് സി ടി രവികുമാർ ജനിച്ചത്‌. കോഴിക്കോട് ഗവ. ലോ കോളജിൽനിന്ന് നിയമ ബിരുദം നേടി. 1986ൽ എൻറോൾ ചെയ്തു. മാവേലിക്കര കോടതിയിലാണ് പ്രാക്ടീസ് തുടങ്ങിയത്‌. പിന്നീട്‌ എറണാകുളത്തേക്ക് മാറി ഹൈക്കോടതിയിലും കീഴ്‌കോടതികളിലും ട്രൈബ്യൂണലുകളിലും പ്രാക്ടീസ് തുടർന്നു. സിവിൽ, ക്രിമിനൽ, സർവീസ് കേസുകളിൽ പ്രാഗൽഭ്യം തെളിയിച്ചു. ഗവ. പ്ലീഡർ, സീനിയർ ഗവ. പ്ലീഡർ, സ്പെഷ്യൽ ഗവ. പ്ലീഡർ (എസ്‌സി, എസ്‌ടി ) എന്ന നിലകളിലും പ്രവർത്തിച്ചു. ഭാര്യ അഭിഭാഷകയായ സൈറ. അഭിഭാഷകയായ നീതു രവികുമാർ, മെസൂറിലെ സെൻട്രൽ ഫുഡ് ടെക്നോളജി ആൻഡ് റിസർച്ച് സെന്ററിൽ ഗവേഷകയായ നീനു രവികുമാർ എന്നിവർ മക്കൾ. സുപ്രീംകോടതി അഭിഭാഷകനായ അഡ്വ. ശബരീഷ് സുബ്രഹ്മണ്യൻ മരുമകനാണ്. ചെറുമകൾ ആരവി.

ഒന്നാം മാറാട് കലാപത്തിൽ കീഴ്‌കോടതി ശിക്ഷിച്ചവരുടെ അപ്പീലിന്മേലുള്ള വിധി, ശബരിമല വെർച്വൽ ക്യൂ ഏർപ്പെടുത്തുന്നതിന് അനുമതി നൽകിയ വിധിയടക്കം ദേവസ്വം വിഷയങ്ങളിലുൾപ്പെടെ ഒട്ടേറെ ശ്രദ്ധേയ വിധികൾ പുറപ്പെടുവിച്ചു.ബാർ ലൈസൻസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെ സുഹൃത്തായ അഭിഭാഷകൻ സ്വാധീനിക്കാൻ ശ്രമിച്ചതായി വെളിപ്പെടുത്തി കേസിൽനിന്ന് പിൻമാറിയത് ഏറെ ചർച്ചചെയ്യപ്പെട്ടു. ചെറിയകാര്യങ്ങളിൽപ്പോലും കാട്ടിയ നീതിബോധമാണ്‌ അദ്ദേഹത്തെ പരമോന്നത നീതിപീഠത്തിലേക്കെത്തിച്ചത്‌. അഭിഭാഷകരോട്‌ എന്നും സ്‌നേഹവും അടുപ്പവും പുലർത്തിയിരുന്നു.

Top