വിവാഹമോചനം വ്യക്തിപരം..വില്ലനല്ല മുകേഷ് ,ദേഷ്യം വന്നാല്‍ സ്വയം നിയന്ത്രണം നഷ്ടപ്പെടുമായിരുന്നു, മുകേഷിന് മേല്‍ ചളി വാരിയെറിയാനില്ല: മേതിൽ ദേവിക

തിരുവനന്തപുരം: കൊല്ലം എംഎല്‍എയും നടനുമായ മുകേഷുമായുളള വിവാഹ മോചനത്തിന് കാരണം ഗാര്‍ഹിക പീഡനമാണ് എന്നതടക്കമുളള ആരോപണങ്ങളോട് പ്രതികരിച്ച് മേതില്‍ ദേവിക.മുകേഷുമായുള്ള വിവാഹമോചനം വ്യക്തിപരമാണെന്നും വിവാദമാക്കേണ്ടതില്ലെന്നും മേതില്‍ ദേവിക. പാലക്കാട്ടെ വസതിയില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അവര്‍.വിവാഹ മോചനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കഥകള്‍ അടിസ്ഥാനരഹിതമാണ്. താനും മുകേഷും വ്യത്യസ്തമായ ആദര്‍ശമുള്ളവരാണ്. വിവാഹമോചനം ഒരു രാഷ്ട്രീയ വിവാദമാക്കേണ്ടതില്ലെന്നും മേതില്‍ ദേവിക പറഞ്ഞു. മുകേഷില്‍ നിന്ന് മേതില്‍ ദേവികയ്ക്ക് ഗാര്‍ഹിക പീഡനമുണ്ടായെന്ന കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയുടെ ആരോപണത്തെയും അവര്‍ തള്ളി. തനിക്ക് മുകേഷുമായി പ്രശ്‌നങ്ങളുണ്ടെങ്കിലും അതില്‍ ഗാര്‍ഹിക പീഡനം ഉള്‍പ്പെടുന്നില്ലെന്ന് മേതില്‍ ദേവിക വ്യക്തമാക്കി.

വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് വേര്‍പിരിയുന്നതെന്ന് മേതില്‍ ദേവിക മാധ്യമങ്ങളോട് വ്യക്തമാക്കി.താനാണ് വിവാഹ മോചനഹര്‍ജി നല്‍കിയിരിക്കുന്നത് എന്നും എന്നാല്‍ മുകേഷിന്റെ നിലപാട് ഇനിയും വ്യക്തമാക്കിയിട്ടില്ലെന്നും മേതില്‍ ദേവിക പ്രതികരിച്ചു. പൂര്‍ണ പ്രതികരണത്തിലേക്ക് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിവാഹമോചനം ആവശ്യപ്പെട്ട് വക്കീല്‍ വഴി നോട്ടീസ് അയച്ചിട്ടുണ്ടെന്നും എന്നാല്‍ കോടതി നടപടികളിലേക്ക് കടന്നിട്ടില്ലെന്നും മേതില്‍ ദേവിക പറഞ്ഞു. തീരുമാനങ്ങള്‍ മുഴുവനായിട്ടി്ല്ല. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് ബന്ധം ഒഴിയാന്‍ താന്‍ തീരുമാനിച്ചത്. ഒരാളുടെ കുടുംബത്തിലെ എല്ലാ കാര്യങ്ങളും തുറന്ന് പറയാന്‍ കഴിയില്ല. മുകേഷ് തന്റെ ഭര്‍ത്താവ് കൂടിയാണ്. അതിനാല്‍ വേര്‍പിരിയാനുളള കാരണങ്ങള്‍ തുറന്ന് പറയാന്‍ ബുദ്ധിമുട്ടാണെന്ന് മേതില്‍ ദേവിക പറഞ്ഞു.

വിവാഹ മോചനത്തിനുളള കാരണം ഗാര്‍ഹിക പീഡനം ആണെന്നുളള ആരോപണം മേതില്‍ ദേവിക നിഷേധിച്ചു. മുകേഷിനെതിരെ ആരോപണങ്ങള്‍ ഉണ്ടെങ്കിലും അതില്‍ ഗാര്‍ഹിക പീഡനം ഉള്‍പ്പെടുന്നില്ല. താനാണ് നോട്ടീസ് അയച്ചത്. വേര്‍പിരിയുന്നതില്‍ മുകേഷിന്റെ നിലപാട് വ്യക്തമല്ല. ബന്ധം പിരിയുന്നത് ദേഷ്യപ്പെട്ടല്ല. എല്ലാവരും ദേഷ്യപ്പെട്ടാണ് വേര്‍പിരിയുന്നത് എന്നത് കൊണ്ട് തങ്ങളും അങ്ങനെ ആവണമെന്നുണ്ടോ എന്നും ദേവിക ചോദിച്ചു.

മുകേഷിനോട് ഇപ്പോഴും ഫോണില്‍ സംസാരിക്കാറുണ്ട്. പണ്ടത്തെ പോലെ ഇല്ല എന്നേ ഉളളൂ. ഈ വേര്‍പിരിയലിന്റെ സമയം വളരെ ബുദ്ധിമുട്ടേറിയതാണ്. താന്‍ ഇങ്ങനെ സംസാരിക്കുന്നുവെങ്കിലും അദ്ദേഹം തന്റെ ജീവിതത്തിലെ വലിയൊരു ഭാഗമായ വ്യക്തിയാണ്. ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇത്തരമൊരു വിശദീകരണം നല്‍കുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിലുളള സ്ഥാനം കണക്കിലെടുത്താണെന്നും മേതില്‍ ദേവിക പറഞ്ഞു.

ബന്ധം വേര്‍പിരിഞ്ഞതോടെ എല്ലാ കഴിഞ്ഞു എന്ന് കരുതുന്നില്ല. അത് പഴയ ചിന്താഗതിയാണ്. മുകേഷിന്റെ മേല്‍ ചളി വാരിയെറിയാനൊന്നും താനില്ല. അദ്ദേഹത്തിനും അത് പോലെ തന്നെ ആയിരിക്കുമെന്ന് കരുതുന്നു. വേര്‍പിരിയുന്നത് തനിക്കും മുകേഷേട്ടനും ഒരുപോലെ വേദനയുളള കാര്യമാണ്. ഈ ഒരു സമയം സമാധാനത്തോടെ കടന്ന് പോകാന്‍ അനുവദിക്കണം എന്നും മേതില്‍ ദേവിക അഭ്യര്‍ത്ഥിച്ചു.

വേര്‍പിരിയലിന്റെ പേരില്‍ മുകേഷിനെ കുറ്റക്കാരനാക്കരുത് എന്നും മേതില്‍ ദേവിക ആവശ്യപ്പെട്ടു. അദ്ദേഹം ഒരു മുതിര്‍ന്ന സിനിമാ താരവും രാഷ്ട്രീയ പ്രവര്‍ത്തകനുമാണ്. അതും ഈ വിഷയവുമായി ഒരു ബന്ധവുമില്ല. തന്റെ വീട്ടിലെ പ്രശ്‌നത്തിന് കേരളവുമായി ബന്ധമുണ്ടെങ്കില്‍ താനത് പറഞ്ഞേനെ എന്നും മേതില്‍ ദേവിക പറഞ്ഞു. മുകേഷിനെതിരെ താന്‍ മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും പല വാര്‍ത്തകളും തെറ്റാണെന്നും അവര്‍ വ്യക്തമാക്കി.

40 വര്‍ഷത്തിലേറെയായി അഭിനയ രംഗത്തുളള മുകേഷിനെ ഒരു തരത്തിലും അപമാനിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മേതില്‍ ദേവിക പ്രതികരിച്ചു. ഒരു കുടുംബത്തിന് അകത്ത് നടക്കുന്ന കാര്യങ്ങളാണ് ഇതൊക്കെ. പങ്കാളിയുമായി തുടര്‍ന്ന് ജീവിക്കാനുളള വിശ്വാസം നഷ്ടമായി എന്ന് വക്കീല്‍ നോട്ടീസിലുണ്ട്. അത് എങ്ങനെ വ്യാഖ്യാനിക്കപ്പെടും എന്നറിയില്ല.

സൗഹാര്‍ദ്ദപരമായി പിരിയാനാണ് ശ്രമിക്കുന്നത്. തങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളം പ്രശ്‌നങ്ങളുമുണ്ട്. അതിനര്‍ത്ഥം അദ്ദേഹം മോശക്കാരനായ ഒരു മനുഷ്യനാണ് എന്നല്ല. ഒരു രാഷ്ട്രീയ നേതാവിന്റെ വിവാഹ മോചനം സ്വാഭാവികമായും വിവാദമാവും. അതില്‍ നമുക്കൊന്നും ചെയ്യാനില്ല. രാഷ്ട്രീയത്തിലേക്ക് വരാനുളളത് അദ്ദേഹതിന്റെ തീരുമാനമായിരുന്നു. അതുകൊണ്ട് ഈ വിവാഹമോചനം രാഷ്ട്രീയമായി ഉപയോഗിക്കപ്പെടുന്നത് നേരിടാനും അദ്ദേഹം തയ്യാറായിരിക്കും .

മുകേഷ് ഒരു നല്ല ഭര്‍ത്താവായിരുന്നു എന്ന് പറയുന്നില്ല. വളരെ പക്വമതിയായ ഒരു മനുഷ്യന്‍ ആയിരുന്നില്ല. ദേഷ്യം വന്നാല്‍ സ്വയം നിയന്ത്രണം നഷ്ടപ്പെടുമായിരുന്നു. വിവാഹ മോചനം താന്‍ വളരെ അധികം ആലോചിച്ച് എടുത്ത തീരുമാനമാണ്. അഭിഭാഷകര്‍ അടക്കം ഇടപെട്ട് ഇപ്പോള്‍ മധ്യസ്ഥ ചര്‍ച്ചകള്‍ നടക്കുകയാണ്. ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് പോലെ വലിയൊരു വില്ലനല്ല മുകേഷെന്നും അദ്ദേഹത്തെ വിവരിക്കാന്‍ തനിക്ക് അറിയില്ലെന്നും മേതില്‍ ദേവിക പറഞ്ഞു.

Top