ജീവിതത്തിൽ അദ്ദേഹം നല്ല ഭർത്താവായിരുന്നില്ല, ഒന്നും വാങ്ങിയെടുക്കാനല്ല ഈ വിവാഹമോചനം : നാളെ ബന്ധം വേർപിരിഞ്ഞാലും നല്ല സുഹൃത്തുക്കളായി തുടരുമെന്ന് മേതിൽ ദേവിക

സ്വന്തം ലേഖകൻ

പാലക്കാട്: മുകേഷിനെതിരെ വിവാഹമോചനത്തിനു വക്കീൽ നോട്ടീസ് നൽകിയെന്ന വാർത്ത ശരിയാണെന്നും എന്നാൽ ഇത് വളരെ മുന്നേ എടുത്ത തീരുമാനമാണെന്നും മേതിൽ ദേവിക.’തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ വിവാഹമോചനത്തിനായി അഭിഭാഷകനെ കണ്ടുവെന്നും ദേവിക പറയുന്നു.

മുകേഷിന്റെ കുടുംബത്തോട് എനിക്ക് പ്രശ്‌നമില്ല.’ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോൾ തന്നെ അതിന്റെ വരുംവരായ്കകൾ അദ്ദേഹം തന്നെ അനുഭവിക്കണം എന്ന് പറഞ്ഞിരുന്നു. രാഷ്ട്രീയത്തിലെ വിവാദങ്ങളെല്ലാം അദ്ദേഹം തന്നെ വരുത്തിവച്ചതാണെന്നും എന്നാൽ അത് തിരുത്താൻ അദ്ദേഹം തയാറല്ലെന്നും ദേവിക പറയുന്നു.

ജീവിതത്തിൽ അദ്ദേഹം നല്ല ഭർത്താവായിരുന്നില്ല. കുടുംബജീവിതം നല്ല രീതിയിൽ കൊണ്ടുപോകാനായില്ല. എട്ടുവർഷം ഒരുമിച്ച് ജീവിച്ചിട്ടും അദ്ദേഹത്തെ എനിക്ക് മനസ്സിലാക്കാൻ പറ്റിയില്ല. ഇനി മനസ്സിലാക്കാൻ പറ്റുമെന്നും തോന്നുന്നില്ല. അതുകൊണ്ടാണ് വിവാഹമോചനമെന്ന തീരുമാനം എടുത്തതെന്നും കൂട്ടിച്ചേർത്തു.

രണ്ട് പേരുടെ ആശയങ്ങൾ തമ്മിൽ യോജിച്ച് പോകുന്ന സാഹചര്യമല്ല എന്ന് തോന്നിയതിനാലാണ് മുകേഷുമായുള്ള വിവാഹബന്ധം പിരിയുന്നതെന്നും മേതിൽ ദേവിക പറഞ്ഞു. എറണാകുളത്ത അഭിഭാഷകൻ വഴിയാണ് നോട്ടീസ് അയച്ചത്.

കല്ല്യാണം നടന്നതും അവിടെവച്ചാണ്. ഒന്നും വാങ്ങിയെടുക്കാനല്ല ഇത്. അങ്ങനെ ഒരു ഉദ്ദേശവുമില്ല. ഇനി നാളെ വേർപിരിഞ്ഞാലും നല്ല സുഹൃത്തായി തുടരുമെന്നും ദേവിക പറയുന്നു.

2013 ഒക്ടോബർ 24നായിരുന്നു മുകേഷും ദേവികയും തമ്മിലുള്ള വിവാഹം. കേരള ലളിത കലാ അക്കാദമിയിൽ ഒരുമിച്ചു പ്രവർത്തിച്ച പരിചയമാണ് വിവാഹത്തിലേക്ക് നയിച്ചത്. നടി സരിതയാണ് മുകേഷിന്റെ ആദ്യ ഭാര്യ. സരിതയും മുകേഷും 1987ലാണ് വിവാഹിതരായത്. 25 വർഷത്തെ ദാമ്പത്യത്തിനു ശേഷം 2011ൽ ആണ് സരിതയും മുകേഷും വേർപിരിയുന്നത്.

Top