ഫോണില്ലാത്ത കുട്ടികൾക്ക് സൗകര്യം ഒരുക്കാൻ സഹായം തേടിയാണ് മുകേഷേട്ടനെ വിളിച്ചത് ;ആറ് പ്രവാശ്യം വിളിച്ചപ്പോൾ ദേഷ്യം വന്നിട്ടുണ്ടാകും :ഫോൺ വിവാദത്തിൽ പ്രതികരണവുമായി വിദ്യാർത്ഥി

സ്വന്തം ലേഖകൻ

ഒറ്റപ്പാലം: ഫോണിൽ വിളിച്ച കുട്ടിയോട് മുകേഷ് എം.എൽ.എ കയർത്തു സംസാരിച്ച സംഭവത്തിൽ പ്രതികരണവുമായി വിദ്യാർത്ഥിയും കുടുംബവും. സംഭവത്തിൽ തങ്ങൾക്ക് പരാതിയില്ലെന്ന് വിദ്യാർഥിയും കുടുംബവും വ്യക്തമാക്കി.ഒറ്റപ്പാലം മുൻ എം.എൽ.എ എം. ഹംസ കുട്ടിയുടെ വീട്ടിലെത്തി സംസാരിച്ചതിന് പിന്നാലെയാണ് വിദ്യാർഥി പ്രതികരണവുമായി രംഗത്ത് എത്തിയത്.

‘ആറ് തവണ വിളിച്ചു. സിനിമ നടനെ വിളിക്കുകയല്ലേ എന്റെ കാര്യം നടക്കുമെന്നാണ് കരുതിയത്. ഫോണില്ലാത്ത കുട്ടികൾക്ക് സൗകര്യം ഒരുക്കാൻ വേണ്ടി സഹായം തേടിയാണ് വിളിച്ചത്. ആറ് പ്രാവശ്യം വിളിച്ചതിനാലാവും ദേഷ്യപെട്ടത്.

സാർ ഫോൺ എല്ലാവർക്കും കൊടുക്കുന്നുണ്ട് എന്ന് കേട്ടിരുന്നു. കൂട്ടുകാരന് വേണ്ടിയാണ് അദ്ദേഹത്തെ സമീപിച്ചത്. ഫോണില്ലാത്ത കുട്ടികൾ പഠനത്തിന് കഷ്ടപ്പെടുന്നത് കണ്ട് വിഷമം തോന്നിയിരുന്നു. അത് കൊണ്ടാണ് വിളിച്ചത്. എനിക്ക് ഫോൺ വാങ്ങി നൽകാൻ അമ്മ ബുദ്ധിമുട്ടിയത് കണ്ടിരുന്നു. അത് കണ്ട് മറ്റ് കുട്ടികൾക്ക് വേണ്ടി ഇടപെടാൻ മുകേഷിനെ വിളിച്ചതെന്നും കുട്ടി പറയുന്നു.

‘ അദ്ദേഹം ഗൂഗിൾ മീറ്റിൽ സംസാരിക്കുന്നതിനിടെയാണ് വിളിച്ചത്. അതുകൊണ്ട് കോൾ കട്ടായിപ്പോയിയെന്ന് പറഞ്ഞ് തിരിച്ച് വിളിക്കുകയായിരുന്നു. ഒരു സിനിമാതാരത്തെ വിളിക്കുന്നതുകൊണ്ടാണ് കോൾ റെക്കോഡ് ചെയ്തത്. റെക്കോഡ് ചെയ്ത കോൾ സുഹൃത്തിന് അയച്ചുകൊടുത്തിരുന്നു. വേറെ ആർക്കും താൻ അയച്ചുകൊടുത്തിട്ടില്ലെന്നും കുട്ടി പറഞ്ഞു.

മുകേഷിനോടുള്ള ആരാധന കൊണ്ട് സുഹൃത്തിന് വേണ്ടി താരത്തെ വിളിക്കുകയായിരുന്നു. അത് മുകേഷ് മനസ്സിലാക്കുമെന്നും മുൻഎം.എൽ.എ എം.ഹംസ പറഞ്ഞു.

Top