ധന്യ കൊലപാതകം; മദ്യപിച്ച് വീടിനുചുറ്റും കറങ്ങിയശേഷം ഷക്കീര്‍ കൊലനടത്തി; വീട്ടില്‍ കയറി വീട് പൂട്ടിയത് വിനയായി

54334_1473992857

മേട്ടുപ്പാളയം: ധന്യ കൊലപാതകേസിലെ പ്രതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മേട്ടുപ്പാളത്തെ വീട്ടില്‍ വച്ച് മലയാളി യുവതി ധന്യ(23)യെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷക്കീര്‍(27) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മദ്യപിച്ച് വീടിനുചുറ്റും കറങ്ങിയശേഷം വീട്ടില്‍ കയറി കൊലനടത്തുകയായിരുന്നു.

പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിന്റെ പ്രതികാരമായാണ് നിര്‍ദ്ധന കുടുംബത്തിലെ അംഗമായ ധന്യയെ പ്രതി കൊലപ്പെടുത്തിയത്. മദ്യലഹരിയിലാണ് പ്രതി കൃത്യം നടത്തിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പാലക്കാട് പുതുപ്പരിയാരം സ്വദേശിയായ സോമസുന്ദരത്തിന്റെ മകളാണ് ധന്യ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മേട്ടുപ്പാളയത്തിനുസമീപം അന്നൂരിലെ വീട്ടില്‍ വച്ചാണ് കൊലപാതകം നടത്തിയത്. പാലക്കാട് കുത്തനൂര്‍ സ്വദേശിയാണ് ഷക്കീര്‍. കൊലപാതകം നടത്തിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഷക്കീറിനെ പിന്തുടര്‍ന്ന് തമിഴ്നാട് പൊലീസ് പാലക്കാട്ടെത്തിയെങ്കിലും, ഇയാള്‍ വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. പിന്നീട് കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

പാലക്കാട് സ്വദേശിയുമായി ധന്യയുടെ വിവാഹം ജനവരിയില്‍ നടക്കേണ്ടതായിരുന്നു.ധന്യയുടെ പിതാവ് സോമസുന്ദരം, കൈയിലെ മുറിവിന് ചികിത്സതേടി ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെ ഭാര്യയുമൊത്ത് ആശുപത്രിയിലേക്ക് പോയിരുന്നു. വീടിന്റെ മുന്‍വശം പൂട്ടിയാണ് പോയത്. 6.30ഓടെ തിരിച്ചെത്തിയപ്പോള്‍ ധന്യയെ കുത്തേറ്റ് മരിച്ച നിലയില്‍ കാണുകയായിരുന്നു. വീടിന്റെ പിന്‍വാതില്‍ തുറന്ന നിലയിലുമായിരുന്നു.

തലയിലും വയറ്റിലും ഗുരുതരമായി പരിക്കേറ്റ് രക്തം വാര്‍ന്നാണ് ധന്യ മരിച്ചത്. രണ്ടുദിവസമായി ഇവരുടെ വീടിന്റെ പരിസരത്ത് മദ്യപിച്ചനിലയില്‍ ഷക്കീര്‍ ഉണ്ടായിരുന്നുവെന്ന് അയല്‍ക്കാര്‍ പറഞ്ഞു. പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതും മറ്റൊരു വിവാഹത്തിന് സമ്മതിച്ചതുമാണ് ഷക്കീറിലെ പക ഇരട്ടിയാക്കിയത്. നിരന്തരമായി യുവതിയെ ഇയാള്‍ ശല്യപ്പെടുത്തിയപ്പോള്‍ മാതാപിതാക്കളും കടുത്ത ആശങ്കയിലായി. തുടര്‍ന്ന് ഇയാളുടെ ശല്യം ഭയന്നാണ് വീട്ടുകാര്‍ വാതില്‍ പൂട്ടിപ്പോയത്. വീട്ടില്‍ ആരും ഇല്ലെന്ന് കരുതട്ടെ എന്നുകരുതിയായിരുന്നു ഇങ്ങനെയൊരു തീരുമാനം എടുത്തത്. എന്നാല്‍, ഓണമാഘോഷിക്കാന്‍ അവധിയെടുത്തിരുന്ന ധന്യ, വീട്ടിനകത്തുതന്നെയുണ്ടെന്ന് തീര്‍ച്ചയാക്കിയ പ്രതി കരുതിക്കൂട്ടിയാണ് കൊല നടത്തിയതെന്ന് അന്നൂര്‍ പൊലീസ് പറഞ്ഞു.

പ്രതിയെ പിടിക്കാതെ മൃതദേഹമെടുക്കാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ് നാട്ടുകാരും ഹിന്ദുമുന്നണി പ്രവര്‍ത്തകരും പൊലീസിനെ തടഞ്ഞു. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് കോയമ്പത്തൂര്‍ എസ്പി. രമ്യഭാരതി, കരുമത്താംപട്ടി ഡിവൈ.എസ്പി. കൃഷ്ണമൂര്‍ത്തി എന്നിവര്‍ ഉറപ്പുനല്‍കിയശേഷമാണ് മൃതദേഹമെടുക്കാന്‍ സമ്മതിച്ചത്. പിന്നീട് മൃതദേഹം കോയമ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

33 വര്‍ഷംമുമ്പ് തമിഴ്നാട്ടിലേക്ക് കുടിയേറി, അന്നൂരില്‍ തയ്യല്‍ജോലി ചെയ്തുവരികയായിരുന്നു സോമസുന്ദരം. അന്നൂര്‍ തെന്നംപാളയം റോഡിലെ വീട്ടിലാണ് 15 വര്‍ഷമായി ഇവര്‍ താമസിക്കുന്നത്. നിര്‍ധനകുടുംബാംഗമായ സോമസുന്ദരം തയ്യല്‍ജോലി ചെയ്തും ഭാര്യ ശാരദ സ്വകാര്യകമ്പനിയില്‍ പണിയെടുത്തുമാണ് കഴിഞ്ഞിരുന്നത്. ഏകമകളായ ധന്യ ബി.എസ്സി. (ഐ.ടി.) കഴിഞ്ഞ് പൊങ്കലൂരിലെ സ്വകാര്യകമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു.

തിരുപ്പൂരിലും അന്നൂരിലും ബനിയന്‍ കമ്പനിയിലും ബേക്കറിയിലുമായി ജോലിചെയ്യുകയായിരുന്നു ഷക്കീര്‍. ബന്ധുവിന്റെ ബേക്കറിയില്‍ ജോലിക്കെത്തി സോമസുന്ദരത്തിന്റെ കുടുംബവുമായി പരിചയത്തിലായിരുന്നു ഇയാള്‍. മൂന്ന് വര്‍ഷമായി പിന്തുടര്‍ന്ന് ഷക്കീര്‍ പ്രണയാഭ്യര്‍ഥന നടത്തിയെങ്കിലും ധന്യ നിരസിക്കുകയായിരുന്നു. ജോലികഴിഞ്ഞ് തിരിച്ചുവരുമ്പോഴും ഷക്കീര്‍ ശല്യപ്പെടുത്തിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

കഴിഞ്ഞ ആഴ്ച്ച അണ്ണൂരില്‍ തന്നെയുള്ള ഒരു സി.ബി.എസ്.ഇ. സ്‌കൂളിലെ അദ്ധ്യാപകനായ ദിനേശുമായി, ധന്യയുടെ വിവാഹം ഉറപ്പിച്ചിരുന്നു. ജനുവരിയിലാണു വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഈ തീരുമാനം അറിഞ്ഞതോടെയാണ് ഷക്കീര്‍ ധന്യയെ കൊലപ്പെടുത്തിയത്. ഇതേത്തുടര്‍ന്നാണു വീട്ടില്‍ ആരുമില്ലാത്ത തക്കംനോക്കി ഷക്കീര്‍ കൃത്യം നിര്‍വഹിച്ചത്. സോമസുന്ദരത്തിന്റെ കൈക്കേറ്റ മുറിവുപരിശോധിക്കുന്നതിനാണ് അവര്‍ ആശുപത്രിയില്‍ പോയത്. മകളുടെ സുരക്ഷയോര്‍ത്തു വീട് പൂട്ടിയാണു പോയതെങ്കിലും പതുങ്ങിയിരുന്ന ഷക്കീര്‍ വാതില്‍ തല്ലിത്തകര്‍ത്തു ധന്യയെ കുത്തിവീഴ്ത്തുകയായിരുന്നു.

Top