ചെന്നൈ: കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ എംഐ ഷാനവാസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ അണുബാധയുണ്ടായതാണ് ആരോഗ്യനില വഷളാക്കിയത്. ഈ മാസം ഒന്നാം തീയതിയാണ് കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചെന്നൈ ക്രോംപേട്ടിലെ സ്വകാര്യ ആശുപത്രിയില്‍ കോണ്‍ഗ്രസ് നേതാവും വയനാട് എംപിഷാനവാസ് എംപിയെ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രക്തസമ്മര്‍ദ്ദ നിലയില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും അപകടാവസ്ഥ തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വെന്റിലേറ്റര്‍ സഹായത്തോടെയാണ് അദ്ദേഹം കഴിയുന്നത്. കരളിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാണ്. അതേസമയം കിഡ്‌നി സംബന്ധമായ രോഗങ്ങള്‍ അലട്ടുന്നതിനാല്‍ ഷാനവാസിന് ഡയാലിസിസും നടത്തുന്നുണ്ട്.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. ഹൈബി ഈഡന്‍ എംഎല്‍എ, ടി സിദ്ധിഖ് എന്നിവര്‍ ഷാനവാസിനെ സന്ദര്‍ശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബാംഗങ്ങളെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ തിരക്കി.