ബാഴ്‌സലോണ: കടയില്‍ നിന്ന് വാങ്ങിയ കുപ്പി വെള്ളത്തില്‍ നോറോ വൈറസുകള്‍. വെള്ളം കുടിച്ച് നാലായിരത്തോളം പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. കലശലായ ഛര്‍ദ്ദിയും പനിയും തലകറക്കത്തെയും തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയ്ക്കിടെയാണ് കുടിച്ചവരുടെ ശരീരത്തില്‍ നോറോ വൈറസുകള്‍ കണ്ടെത്തിയത്.
വടക്ക് കിഴക്കന്‍ സ്പെയിനിലാണ് സംഭവം. മനുഷ്യവിസര്‍ജനം കലര്‍ന്ന കുപ്പിവെള്ളം കുടിച്ചാണ് ആളുകള്‍ രേഗബാധിതരായിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 4146 പേര്‍ ഛര്‍ദ്ദി, പനി, തലകറക്കം തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് പരിശോധനയിലാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ബാഴ്സിലോണ , താരഗോണ എന്നീ സ്ഥലങ്ങളിലുള്ള ഓഫീസുകളില്‍ സ്ഥാപിച്ചിട്ടുള്ള കൂളറുകളില്‍ നിന്നും വെള്ളം കുടിച്ചവര്‍ക്കാണ് അസുഖം ബാധിച്ചിരിക്കുന്നത്.
ലോകത്തില്‍ ആദ്യമായാണ് കുപ്പിവെള്ളത്തില്‍ നോറോ വൈറസിനെ കണ്ടെത്തുന്നതെന്ന് വെള്ളം പരിശോധിച്ച ബാഴ്‌സലോണ സര്‍വ്വകലാശാലയിലെ മൈക്രോബയോളജി പ്ര?ഫസര്‍ ആല്‍ബര്‍ട്ട് ബോഷ് പറഞ്ഞു. ടാപ്പിലൂടെ വരുന്ന വെള്ളത്തിലാണ് സാധാരണയായി ഇത്തരം വൈറസുകള്‍ കാണപ്പെടുന്നത്. ശുദ്ധജലത്തില്‍ മാലിന്യം കലര്‍ന്ന വെള്ളം കലര്‍ന്നാല്‍ മാത്രമേ ഇങ്ങനെ സംഭവിക്കുവെന്നും അദ്ദേഹം പറഞ്ഞു.
പല ശുചീകരണ പ്രക്രീയകളിലൂടെ കടന്നുപോകുന്ന കുപ്പിവെള്ളത്തില്‍ എങ്ങനെ വൈറസ് എത്തിയെന്നത് വ്യക്തമല്ലെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ദ ഈഡന്‍ സ്പ്രീങ് ബോട്ടില്‍ഡ് വാട്ടര്‍ കമ്പനി 925 കമ്പനികളില്‍ എത്തിച്ചിരുന്ന 6150 ല്‍ അധികം ബോട്ടിലുകള്‍ തിരികെ വിളിച്ചു. നോറോ വൈറസുകള്‍ മൂലം ജീവഹാനി ഉണ്ടാകാനുള്ള സാധ്യത കുറവാണ്. രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ രോഗത്തില്‍ നിന്ന് മോചനം നേടാന്‍ സാധിക്കും.