എഴുത്തും വായനയും അറിയാത്ത മന്ത്രിയെ സത്യപ്രതിജ്ഞ ചൊല്ലാന്‍ സഹായിച്ചത് ഗവര്‍ണര്‍. ചത്തീസ്ഗഢിലെ കോണ്ട നിയോജകമണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്തിയ കവാസി ലഖ്മയെയാണ് സംസ്ഥാന ഗവര്‍ണറായ ആനന്ദി ബെന്‍ പട്ടേല്‍ സത്യപ്രതിജ്ഞാ വേളയില്‍ സത്യവാചകം ചൊല്ലാന്‍ സഹായിച്ചത്. ഡിസംബര്‍ 17 ന് അധികാരമേറ്റ ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍ സര്‍ക്കാര്‍ 9 പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തി ചൊവ്വാഴ്ചയാണ് വികസിപ്പിച്ചത്. ഇതിലൊരാളായാണ് ലഖ്മയും മന്ത്രിസഭയിലെത്തിയത്.
സത്യപ്രതിജ്ഞാചടങ്ങില്‍ ആദ്യവാചകം വായിച്ചു കൊടുത്ത ശേഷം ബാക്കി വായിക്കാനാവാതെ നിന്ന ലഖ്മയ്ക്ക് വേണ്ടി ഗവര്‍ണര്‍ തന്നെ ബാക്കി വായിച്ചു കൊടുക്കുകയായിരുന്നു. ലഖ്മ അത് ഏറ്റു പറഞ്ഞു മന്ത്രിയായി ചുമതലയേറ്റു. ‘പാവപ്പെട്ട കുടുംബത്തിലാണ് ജനിച്ചത്.. സ്‌കൂളിലൊന്നും പോയിട്ടില്ല. ഈ രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടി എനിക്ക് മത്സരിക്കാന്‍ ടിക്കറ്റ് തന്നു. ജീവിതത്തിന്റെ നാനാതുറകളില്‍ പെട്ടവര്‍ എന്നെ ഇഷ്ടപ്പെടുന്നു. ഈശ്വരന്‍ തനിക്ക് ബുദ്ധി നല്‍കിയിട്ടുണ്ടെന്നും അതു കൊണ്ട് വിദ്യാഭ്യാസമില്ലെങ്കിലും നല്ല രീതിയില്‍ ഭരണം കാഴ്ച വെക്കാനാവുമെന്നും ലഖ്മ പറയുന്നു.
ഇരുപത് കൊല്ലമായി നിയമസഭാംഗമായി തുടരുന്ന തനിക്കെതിരെ അഴിമതിയാരോപണം ഒന്നും തന്നെ ഉയര്‍ന്നിട്ടില്ലെന്നും ലഖ്മ കൂട്ടിച്ചേര്‍ത്തു. 2013 ല്‍ കോണ്‍ഗ്രസിന്റെ നേതൃനിര തുടച്ചുനീക്കപ്പെട്ട നക്‌സല്‍ ആക്രമണത്തില്‍ രക്ഷപ്പെട്ട നേതാക്കളിലൊരാളാണ് ലഖ്മ.