ഷൈന്‍ ചെയ്യാനാണു ശ്രമമെങ്കില്‍ അതു വേണ്ട …സി ഐയ്ക്ക് മന്ത്രിയുടെ പരസ്യ ശാസന; ആര്‍എസ്എസ് പ്രവര്‍ത്തകരെ ന്യായികരിച്ചത് പ്രകോപനത്തിനിടയാക്കി

വാടാനപ്പള്ളി: സിപിഐ(എം) പ്രവര്‍ത്തകനെ കൊന്നകേസിലെ പ്രതികള്‍ സിപിഎമ്മിന്റെ മുന്‍ പ്രവര്‍ത്തകരാണെന്നു പറഞ്ഞ പൊലീസ് ഉദ്യോഗസ്ഥനു മന്ത്രിയുടെ പരസ്യശാസന. മന്ത്രി എ സി മൊയ്തീനാണ് പൊലീസ് ഉദ്യോഗസ്ഥനെ പൊതുസ്ഥലത്തുവച്ചു പരസ്യമായി ശാസിച്ചത്.

സിപിഐ(എം). പ്രവര്‍ത്തകന്‍ ചെമ്പന്‍ ശശികുമാറിന്റെ കൊലപാതകക്കേസ് അന്വേഷിക്കുന്ന വലപ്പാട് സി.ഐ: ആര്‍. രതീഷ്‌കുമാറിനാണ് ശാസന ലഭിച്ചത്. സി.എന്‍. ജയദേവന്‍ എംപിയുമൊത്തു ശശികുമാറിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തി മടങ്ങുന്നതിനിടെയാണു മന്ത്രി പൊലീസ് ഉദ്യോഗസ്ഥനെ പരസ്യമായി ശകാരിച്ചത്.

പാര്‍ട്ടിനേതാക്കളുടെ പരാതിയെത്തുടര്‍ന്നായിരുന്നു മന്ത്രി സി.ഐയെ ശാസിച്ചത്. കേസില്‍ അറസ്റ്റിലായ ആറു ബിജെപി. പ്രവര്‍ത്തകര്‍ മുന്‍പ് സിപിഐ(എം). പ്രവര്‍ത്തകരായിരുന്നെന്നു സിഐ കഴിഞ്ഞദിവസം പത്രസമ്മേളനത്തില്‍ അറിയിച്ചിരുന്നു. ശശികുമാറിന്റെ കൊലപാതകത്തിലെ ഗൂഢാലോചനയ്ക്കു നേതൃത്വം നല്‍കിയ പ്രമുഖനെയും സംഭവത്തിനുശേഷം മാറിനില്‍ക്കുന്നയാളെയും കുറിച്ചു നേരത്തെ സിപിഐ(എം). ഏരിയാസെക്രട്ടറി പി.എം. അഹമ്മദ് മന്ത്രിയോടു പറഞ്ഞിരുന്നു.

സിഐ രതീഷ്‌കുമാര്‍ നടത്തിയ പത്രസമ്മേളനത്തിന്റെ വീഡിയോ ദൃശ്യങ്ങളും മന്ത്രിയെ മൊബൈലില്‍ കാണിച്ചു. വാടാനപ്പിള്ളി ബീച്ചില്‍ പട്ടികജാതി വിഭാഗത്തില്‍പെട്ട പെണ്‍കുട്ടിയെ കൈയ്ക്കു പിടിച്ച് അപമാനിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരേ പരാതിപ്പെട്ടിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നും സിപിഐ(എം). നേതാക്കള്‍ പറഞ്ഞു. ഇതോടെ ക്ഷുഭിതനായ മന്ത്രി ഉദ്യോഗസ്ഥനെ അടുത്തേക്കു വിളിപ്പിച്ചു. കേസ് എങ്ങനെ തെളിയിച്ചെന്നാണു താങ്കള്‍ വാര്‍ത്താസമ്മേളനം നടത്തിയതെന്നു മന്ത്രി ചോദിച്ചു.

സര്‍ക്കാര്‍ നയമാണു നടപ്പാക്കേണ്ടത്. ഷൈന്‍ ചെയ്ാനാണുയ ശ്രമമെങ്കില്‍, വേണ്ട. എന്തു തെളിവാണു കൈയിലുള്ളതെന്നും മന്ത്രി ചോദിച്ചു. പകച്ചുനിന്ന സി.ഐയോട് ഇതു നിങ്ങള്‍ക്ക് ഗുണം ചെയ്യില്ലെന്നു മന്ത്രി മുന്നറിയിപ്പും നല്‍കി. പ്രതികളെല്ലാം നേരത്തേ സിപിഐ(എം). പ്രവര്‍ത്തകരായിരുന്നെന്നും ഇവര്‍ പാര്‍ട്ടി വിട്ടു ബിജെപിയില്‍ ചേര്‍ന്നതിനെത്തുടര്‍ന്നുള്ള പ്രശ്‌നങ്ങളാണു കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണു സി.ഐയുടെ നിലപാട്.

മുഖ്യപ്രതിയായ ബിനീഷിനെ ശശികുമാര്‍ നിരന്തരം ആക്രമിച്ചിരുന്നു. കുട്ടികളെ സ്‌കൂളില്‍ കൊണ്ടുപോകുമ്പോള്‍ ശശികുമാര്‍ മാര്‍ഗതടസമുണ്ടാക്കി. രണ്ടരവര്‍ഷം മുമ്പു ബിനീഷിന്റെ അമ്മാവനെ മര്‍ദിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നു ബിനീഷ് ശശികുമാറിനെ കൊലപ്പെടുത്തുകയായിരുന്നെന്നും ഇതിനായി മറ്റുള്ളവരെ കൂടെക്കൂട്ടുകയായിരുന്നെന്നുമാണ് കഴിഞ്ഞ ദിവസം സിഐ പത്രസമ്മേളനത്തില്‍ പറഞ്ഞത്. സി.ഐയുടെ ഈ നിലപാടിനെതിരേയായിരുന്നു മന്ത്രിയുടെ ശാസന.

Top