കണ്ണൂര്‍: ശബരിമലയിലേക്ക് ആക്ടിവിസ്റ്റുകള്‍ വരുന്നതില്‍ തടസ്സമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ രണ്ട് സ്ത്രീകള്‍ ശ്രമം നടത്തിയതിനെതിരെ കടകംപള്ളി നേരത്തെ പത്ര ലേഖകരോട് സംസാരിക്കുമ്പോള്‍ ആക്ടിവിസ്റ്റുകള്‍ക്ക് തങ്ങളുടെ കഴിവ് തെളിയിക്കാനുള്ള സ്ഥലമായി കാണരുതെന്ന് പറഞ്ഞിരുന്നു. ഇതാണ് പിന്നീട് മന്ത്രി തിരുത്തിയിരിക്കുന്നത്.
ആക്ടിവിസ്റ്റുകള്‍ക്ക് സുരക്ഷ നല്‍കേണ്ട ചുമതല സര്‍ക്കാരിനില്ലെന്നും കടകംപള്ളി പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെതിരെ കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമായ നിലപാട് പറഞ്ഞിരുന്നു. ഇതോടെയാണ് കടകംപള്ളി സുദേന്ദ്രനും നിലപാട് തിരുത്തിയത്. ബോധപൂര്‍വം അക്രമമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ വരുന്ന ആക്ടിവിസ്റ്റുകളെയാണു തടയേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.
ആക്ടിവിസത്തിനു വേണ്ടി ശബരിമലയെ ഉപയോഗിക്കരുത്. അക്കാര്യം തന്നെയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയും പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ താന്‍ കുറച്ചു കൂടി വ്യക്തമായി പറയേണ്ടതായിരുന്നെന്നും കടകംപള്ളി വ്യക്തമാക്കി.
ആക്ടിവിസ്റ്റ് യുവതിയുടെ ഇന്നത്തെ സന്ദര്‍ശനം ബിജെപി ആസൂത്രണം ചെയ്തതാണോ എന്ന സംശയവും തനിക്കുണ്ടെന്നു കടകംപള്ളി വ്യക്തമാക്കി. ആ യുവതിയുടെ സുഹൃത്തുക്കളും മറ്റും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വിവരങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്. അതില്‍ നിന്നാണ് സംഭവം ആസൂത്രണം ചെയ്തതാണെന്ന സംശയം വന്നത്.
ശബരിമല വിഷയത്തില്‍ കലാപമുണ്ടാക്കാനാണ് ബിജെപി ശ്രമം. അതില്‍ നിന്നു പിന്മാറണമെന്നും കടകംപള്ളി ആവശ്യപ്പെട്ടു. സുപ്രീകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനുള്ള ദേവസ്വം ബോര്‍ഡ് തീരുമാനത്തെയും മന്ത്രി സ്വാഗതം ചെയ്തു. കോടതിയില്‍ വിവരങ്ങള്‍ ധരിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.