മലപ്പുറം: ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ജിഷ്ണുവിന്റെ അമ്മ മഹിജയെ പൊതുവേദിയില്‍ പരിഹസിച്ച് മന്ത്രി എംഎം മണി. യുഡിഎഫിന്റേയും ബിജെപിയുടേയും കയ്യിലാണ് മഹിജയെന്നും മുഖ്യമന്ത്രി കാണാന്‍ ചെല്ലുമ്പോള്‍ അവര്‍ കതകടച്ചാല്‍ അത് അപമാനമാകുമെന്നും എംഎം മണി പറഞ്ഞു. പ്രതികളെ പിടിച്ച ശേഷം മാത്രം വീട്ടിലേക്ക് വന്നാല്‍ മതിയെന്നാണ് മഹിജ പറഞ്ഞിട്ടുള്ളത്. ഈ സ്ഥിതിയില്‍ മുഖ്യമന്ത്രി കാണാന്‍ ചെല്ലുമ്പോള്‍ കതകടച്ചാല്‍ അത് വേറെ പണിയാകും. കതക് അടച്ചിട്ടിട്ട് കാണേണ്ടെന്ന് പറഞ്ഞാല്‍ അത് അപമാനമാകുമെന്നും മണി പറഞ്ഞു.
മലപ്പുറം മുസ്ലിയാരങ്ങാടിയിലെ പൊതുയോഗത്തില്‍ സംസാരിക്കവെയാണ് വൈദ്യുത മന്ത്രിയുടെ പരാമര്‍ശങ്ങള്‍. നേരത്തേയും മഹിജക്കെതിരെ മന്ത്രി മണി രംഗത്തെത്തിയിരുന്നു. പൊലീസ് ആസ്ഥാനത്തെ സംഘര്‍ഷത്തില്‍ ജിഷ്ണുവിന്റെ കുടുംബത്തെ കുറ്റപ്പെടുത്തുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്.
പ്രതിഷേധത്തിനിടെ നടന്ന പൊലീസ് നടപടിയില്‍ വീഴ്ച വന്നിട്ടില്ല. ഡിജിപിയുടെ ഓഫിസിന് മുന്നില്‍ എത്തിയാല്‍ അറസ്റ്റ് ചെയ്യും. മഹിജ ബിജെപിയുടെയും ആര്‍എസ്എസിന്റെയും യുഡിഎഫിന്റെയും കൈയിലാണ്.അവരെ ഈ പാര്‍ട്ടികള്‍ ഉപയോഗപ്പെടുത്തുകയാണെന്നും നേരത്തെ മന്ത്രി മണി പറഞ്ഞിരുന്നു.