ഗുവാഹത്തി: കേന്ദ്രമന്ത്രി രഞ്ജന്‍ ഗൊഹോയിനെതിരെ ബലാത്സംഗക്കുറ്റത്തിന് കേസെടുത്തു. അസം പൊലീസാണ് മന്ത്രിക്കെതിരെ കേസെടുത്തത്. 24 കാരിയായ യുവതിയാണ് മന്ത്രിക്കെതിരെ പരാതി നല്‍കിയത്. വിവാഹിതയായ സ്ത്രീയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു എന്നാണ് കേസ്.
കേന്ദ്ര റെയില്‍വെ സഹമന്ത്രിയായ ഗൊഹൈനെതിരെ അസാം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും നാഗോണ്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സബിത ദാസ് അറിയിച്ചു. ബലാത്സംഗം, വഞ്ചന, എന്നിവ ചുമത്തിയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
അതേസമയം, തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്ന് ആരോപിച്ച് മന്ത്രിയും പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. യുവതിക്കും കുടുംബാങ്ങള്‍ക്കുമെതിരെയാണ് മന്ത്രി പരാതി നല്‍കിയിരിക്കുന്നത്. ഇതിന് പിന്നാലെ മന്ത്രിക്കെതിരായുള്ള കേസ് യുവതി പിന്‍വലിച്ചതായി മന്ത്രിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി സമീപിച്ചിരുന്നതായി കേസ് റജിസ്റ്റര്‍ ചെയ്ത അസാമിലെ നാഗാവ് സ്റ്റേഷനിലെ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ കേസ് ഇപ്പോഴും നിലവിലുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും നാഗാവ് സ്റ്റേഷനിലെ ഓഫീസര്‍ ഇന്‍ ചാര്‍ജ് അനന്ത ദാസ് വ്യക്തമാക്കി. കേസിന്റെ വിശദാംശങ്ങള്‍ പൂര്‍ണമായും പുറത്തുവിടാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.