തിരുവനന്തപുരം: പ്രവാസികളുടെ കരുതലായി നിലകൊള്ളാന്‍ കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. പ്രവാസികള്‍ സ്‌പോണ്‍സര്‍മാരില്‍ നിന്നും നേരിടുന്ന അനാവശ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ എമിഗ്രേഷന്‍ നിയമത്തില്‍ മാറ്റംവരുത്തുമെന്ന് മുരളീധരന്‍ പറഞ്ഞു. ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ ഇതിനായുള്ള ബില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രവാസികളെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ എംബസിക്ക് ലഭിക്കുന്ന തരം നിയമം നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ബില്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണയിലാണെന്നും മന്ത്രി പറഞ്ഞു. പ്രമുഖ മാദ്ധ്യമത്തോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, ശബരിമല സുവര്‍ണാവസരം ആണെന്ന ബി.ജെ.പി അദ്ധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുടെ പ്രസ്താവനയില്‍ തെറ്റില്ലെന്നും പിള്ള ഇക്കാര്യം പറഞ്ഞത് ജനങ്ങളോടല്ല പാര്‍ട്ടി പ്രവര്‍ത്തകരോടാണെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ പ്രവര്‍ത്തകര്‍ എല്ലാം രാഷ്ട്രീയമായി പ്രയോജനപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാറി എന്ന വസ്തുത സി.പി.എം അംഗീകരിക്കണമെന്നും രാഷ്ട്രീയ നേതാക്കളുടെ വ്യക്തി ജീവിതവും പൊതുജീവിതവും തമ്മില്‍ വ്യത്യാസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കമ്യൂണിസ്റ്റ് സംസ്‌കാരം കുടുംബത്തില്‍ പോലും നടത്താന്‍ കഴിയുന്നില്ല എന്ന അവസ്ഥയാണ് സി.പി.എമ്മിലെന്നും മന്ത്രി വിമര്‍ശിച്ചു.