കൊല്ലം : കല്ലുവാതുക്കലിൽനിന്നു കാണാതായ രണ്ടു യുവതികളുടെ മൃതദേഹം ഇത്തിക്കരയാറില്‍ കണ്ടെത്തി. നവജാതശിശുവിനെ െകാന്നകേസില്‍ മൂന്നു ദിവസം മുന്‍പ് അറസ്റ്റിലായ രേഷ്മയുടെ ഭര്‍ത്താവിന്റെ ബന്ധുക്കളാണ് മരിച്ചത്. കല്ലുവാതുക്കല്‍ മേവനക്കോണം രഞ്ജിത്തിന്റെ ഭാര്യ ആര്യ, രഞ്ജിത്തിന്റെ സഹോദരിയുടെ മകള്‍ ശ്രുതി എന്ന് വിളിക്കുന്ന ഗ്രീഷ്മ എന്നിവരാണ് മരിച്ചത്. ആര്യയുടെ ആത്മഹത്യാക്കുറിപ്പാണ് പുറത്തുവന്നിരിക്കുന്നത്. കരിയിലക്കൂനയിൽ ഉപേക്ഷിച്ചതിനെ തുടർന്ന് നവജാത ശിശു മരിച്ച സംഭവത്തിലെ പ്രതി രേഷ്മയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കുറിപ്പിൽ ഉള്ളത്.
പ്രസവിച്ചയുടന്‍ രേഷ്മ കുഞ്ഞിനെ കൊന്ന കേസില്‍ മൊഴിയെടുക്കാന്‍ യുവതികളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇരുവരെയും കാണാതായത് .
നവജാതശിശുവിനെ കൊലപ്പെടുത്തിയ രേഷ്മയെ കുറ്റപ്പെടുത്തുന്നതാണ് കുറിപ്പെന്ന് പൊലീസ് പറയുന്നു. ബന്ധുവായ ഗ്രീഷ്മയ്ക്കൊപ്പമാണ് ആര്യ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ജനുവരി അഞ്ചിന് ഉൗഴായ്ക്കോട് പ്രദേശത്ത് കരിയിലക്കൂട്ടത്തില്‍ നവജാതശിശുവിനെ കണ്ടെത്തിയിരുന്നു. കുഞ്ഞിന്റെ അമ്മ ആരാണെന്ന അന്വേഷണത്തിലാണ് ഡിഎന്‍എ പരിശോധനയിലൂടെ രേഷ്മയെ പിടികൂടിയതും കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തതും.
പ്രസവിച്ചയുടന്‍ എന്തിന് കുഞ്ഞിനെ കൊന്നു എന്ന ചോദ്യത്തിന് സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാനാണെന്നായിരുന്നു പാരിപ്പള്ളി പൊലീസിന് രേഷ്മ നല്‍കിയ മൊഴി. എന്നാല്‍ രേഷ്മ പറഞ്ഞ കാമുകനെ പൊലീസിന് കണ്ടെത്താനായില്ല. പക്ഷേ മരിച്ച ആര്യയുടെ പേരിലുള്ള മൊബൈല്‍നമ്പര്‍ ഉപയോഗിച്ചുകൊണ്ടായിരുന്നു രേഷ്മയുടെ സമൂഹമാധ്യമ ഇടപെടല്‍. ഇതിന്റെ വിശദാംശങ്ങള്‍ തേടാനാണ് ആര്യയെ പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചത്.
സാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്കു പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ആര്യ ഭര്‍ത്താവിന്റെ സഹോദരിയുടെ മകളായ ഗ്രീഷ്മയെയും ഒപ്പം കൂട്ടി. പിന്നീട് വീട്ടിലേക്കു തിരികെവന്നതുമില്ല. ഇവര്‍ കടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ഫോണ്‍ ടവര്‍ ലൊക്കേഷനും പ്രകാരമാണ് ഇത്തിക്കരയാറില്‍ പൊലീസും അഗ്നിശമനസേനയും പരിശോധന നടത്തിയതും മൃതദേഹങ്ങള്‍ കണ്ടെത്തിയതും. കേസില്‍ നിര്‍ണായകമായ രണ്ടുപേരാണ് മരിച്ചത്.രേഷ്മയ്ക്ക് കാമുകൻ ഉണ്ടായിരുന്നോ എന്നത് ഇനിയും സ്ഥിരീകരിക്കാൻ ആയിട്ടില്ല. കാമുകന് വേണ്ടിയാണ് സ്വന്തം കുഞ്ഞിനെ കൊന്നതെന്ന് രേഷ്മ പറയുമ്പോൾ രേഷ്മയെ സഹായിച്ചവരെ കൂടി പൊലീസിന് കണ്ടെത്തണം.
പിഞ്ചു കുഞ്ഞിനെ കൊന്ന കേസിൽ പോലീസ് പിടികൂടുന്നത് സഹിക്കാൻ സാധിക്കുന്നില്ലെന്ന് ആര്യയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. രേഷ്മ ഇത്രയും വഞ്ചകിയാണെന്ന് അറിഞ്ഞിരുന്നില്ല. അവരുടെ ജീവിതം നന്നാകണമെന്ന് മാത്രമാണ് കരുതിയത്. എന്റെ മകനെ നന്നായി നോക്കണം. അറിഞ്ഞുകൊണ്ട് ആരേയും ചതിച്ചിട്ടില്ലെന്നും എല്ലാവരും ക്ഷമിക്കണമെന്നും ആത്മഹത്യക്കുറിപ്പിൽ വ്യക്തമാക്കുന്നു.
സംഭവവുമായി ബന്ധപ്പെട്ട് രേഷ്മയുടെ ബന്ധുവായ ആര്യയെ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആര്യ ആത്മഹത്യചെയ്തത്. ആര്യയ്‌ക്കൊപ്പം രേഷ്മയുടെ മറ്റൊരു ബന്ധുവായ ഗ്രീഷ്മയും ഇത്തിക്കരയാറ്റിൽ ചാടി ആത്മഹത്യ ചെയ്തിരുന്നു.