ഡല്‍ഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക്ബറിനെതിരെ ലൈംഗികാരോപണവുമായി വനിതാ മാധ്യമപ്രവര്‍ത്തക. ലൈവ്മിന്റിന്റെ നാഷണല്‍ ഫീച്ചേഴ്‌സ് എഡിറ്റര്‍ പ്രിയ രമണിയാണ് മന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. മുന്‍ മാധ്യമപ്രവര്‍ത്തകനായ അക്ബര്‍, അഭിമുഖത്തിനായി തന്നെ മുംബൈയിലെ ഹോട്ടല്‍ മുറിലേക്ക് വിളിച്ചുവരുത്തുകയും പിന്നീട് റൂമില്‍ വെച്ച് മോശമായ രീതിയില്‍ പെരുമാറിയെന്നുമാണ് പ്രിയയുടെ ആരോപണം. തന്റെ ദുരനുഭവങ്ങളെക്കുറിച്ച് പ്രിയ വോഗ് മാസികയില്‍ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ലോകത്തെ എല്ലാ ഹാര്‍വി വെയ്ന്‍സ്റ്റീന്‍മാര്‍ക്കുമായി എന്ന തലക്കെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചത്. അശ്‌ളീല ഫോണ്‍ വിളികള്‍, സന്ദേശങ്ങള്‍, അനാവശ്യമായ പരാമര്‍ശങ്ങള്‍ എന്നിവയുടെ ആശാനാണ് അക്ബറെന്ന് പ്രിയ ലേഖനത്തില്‍ ആരോപിക്കുന്നു.
കഴിഞ്ഞ ഒക്ടോബറിലാണ് ലേഖനം പ്രസിദ്ധീകരിച്ചതെങ്കിലും പേര് പരാമര്‍ശിച്ചിരുന്നില്ല. ഇപ്പോള്‍ ഇന്ത്യയില്‍ ഉയര്‍ന്നിരിക്കുന്ന മീ ടൂ ക്യാംപെയ്‌നിന്റെ ഭാഗമായാണ് മന്ത്രിയുടെ പേര് മാധ്യമപ്രവര്‍ത്തക വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ എംജെ അക്ബറില്‍ നിന്ന് മോശം അനുഭവമുണ്ടായതായി വ്യക്തമാക്കി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മന്ത്രിയുടെ രാജിക്കായി മുറവിളി ഉയര്‍ന്നുകഴിഞ്ഞു.