ഭുവനേശ്വര്‍: ഗര്‍ഭിണിയായ ഭാര്യയെ തീകൊളുത്തിക്കൊന്ന കേസില്‍ ഒഡിഷ മുന്‍ എംഎല്‍എ രാമമൂര്‍ത്തി ഗൊമാംഗോ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ജനപ്രതിനിധികള്‍ പ്രതികളായ കേസുകള്‍ പരിഗണിക്കുന്ന ഭുവനേശ്വറിലെ പ്രത്യേക കോടതി ചൊവ്വാഴ്ച ശിക്ഷ വിധിക്കും.
1995 സെപ്തംബര്‍ 28നാണ് രാമമൂര്‍ത്തിയുടെ ഭാര്യ ശശിരേഖയുടെ പാതിവെന്ത മൃതദേഹം എംഎല്‍എ ക്വാര്‍ട്ടേഴ്സിലെ ശുചിമുറിയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നായിരുന്നു രാമമൂര്‍ത്തിയുടെ വാദം. അസ്വാഭാവിക മരണത്തിന് കേസെടുത്ത ഖര്‍വേല്‍നഗര്‍ പൊലീസ് പിന്നീട് കൊലപാതകക്കുറ്റം ചുമത്തി രാമമൂര്‍ത്തിയെ അറസ്റ്റ് ചെയ്തെങ്കിലും രണ്ടുമാസത്തിനകം ജാമ്യം ലഭിച്ചു. 1990ലും 95ലും ജനതാദള്‍ ടിക്കറ്റിലും 2000ല്‍ ബിജെപി സ്ഥാനാര്‍ഥിയായും വിജയിച്ചു. 2009ല്‍ ബിജെപി വിട്ട രാമമൂര്‍ത്തി 2014ല്‍ തിരിച്ചെത്തി നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും തോറ്റു.