മന്ത്രി എംഎം മണിക്ക് സുരക്ഷയൊരുക്കാന്‍ പ്രത്യേക വനിതാ പോലീസ് സംഘത്തെ നിയോഗിച്ചു. തോട്ടം തൊഴിലാളികള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന് കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ മന്ത്രിക്കെതിരെ സ്ത്രീകള്‍ പ്രതിഷേധിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് പൊതു പരിപാടികളില്‍ മന്ത്രിക്ക് വനിതാ പോലീസിന്റെ പ്രത്യേക സുരക്ഷ ഒരുക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്.
പൊതുചടങ്ങുകളിലും റോഡിലും വച്ചും മണിക്ക് നേരെ വനിതാ പ്രവർത്തകരുടെയും സംഘടനകളുടെയും പ്രതിഷേധം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് തീരുമാനം.
മന്ത്രി മണി പോകുന്ന സ്ഥലങ്ങളിലെല്ലാം അദ്ദേഹത്തിന്റെ വാഹനത്തോടൊപ്പം ആറ് വനിതാ പൊലീസ് സംഘത്തെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. വനിതാ പൊലീസ് സംഘം പ്രത്യേകം വാഹനത്തിലാണ് സഞ്ചരിക്കുക. പൊലീസ് കൺട്രോൾ റൂമിന്റെ കാമറ ഉൾപ്പെടെയുള്ള സജ്ജീകരണമുള്ള വാഹനത്തിലാണ് സംഘം സഞ്ചരിക്കുക. മന്ത്രി മണിക്ക് എസ്കോർട്ടും പൈലറ്റിനുമായി പുരുഷ പൊലീസുകാരും ഉണ്ട്. അതിന് പുറമെയാണ് വനിതാ പൊലീസ് സംഘത്തെ കൂടി നിയോഗിച്ചിരിക്കുന്നത്.