ജമ്മു കശ്മീരിൽ 30000 നടുത്ത് സൈനികരൊണ് ഭീകരാക്രമണ ഭീഷണിയെ തുടർന്ന് വിന്യസിച്ചിട്ടുള്ളത്.മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ തൽക്കാലത്തേക്ക് നിർത്തിവച്ചു, ബ്രോഡ്ബാൻഡ് സർവ്വീസും ചില സ്ഥലങ്ങളിൽ നിര്‍ത്തിവച്ചു.കശ്മീര്‍ താഴ്വരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം താന്‍ വീട്ടുതടങ്കലിലാണെന്ന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു. സമാന രീതിയില്‍ താനും തടങ്കലിലാണെന്ന് മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തിയും ട്വീറ്റ് ചെയ്തു. മറ്റ് പ്രമുഖ നേതാക്കളെയും വീട്ടുതടങ്കലിലാക്കാൻ നീക്കമുണ്ടെന്നും ഒമർ അബ്ദുള്ള ട്വീറ്റില്‍ പറയുന്നു.
റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇരു സംസ്ഥാനങ്ങളിലുമായി 38,000 കേന്ദ്രസേനയെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നു. സർക്കാരിന്റെ കണക്കനുസരിച്ച് വിനോദസഞ്ചാരികളും തീർത്ഥാടകരുമടക്കം 11,000 പേരും 200 വിദേശികളും കശ്മീരിലുണ്ട്. ഇവരെ സംസ്ഥാനത്തിന് പുറത്ത് എത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ജമ്മുകശ്മീരിന് പുറത്തുള്ള വാഹനങ്ങൾക്ക് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.
അമർനാഥ് തീർഥാടകർക്ക് നേരെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ തീർഥാടന വഴിയിൽ നിന്ന് സുരക്ഷാസേന ആയുധങ്ങളും കുഴിബോംബുകളും കണ്ടെടുത്തിരുന്നു.
കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പും കശ്മീര്‍ നിയമസഭയ്ക്കും അവിടുത്തെ ജനങ്ങള്‍ക്കും സവിശേഷ അധികാരങ്ങള്‍ നല്‍കുന്ന 35- എ വകുപ്പും എടുത്തു കളയുന്ന പ്രഖ്യാപനം ഉടനെയുണ്ടാവും എന്നുള്ള അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ ഒമര്‍ അബ്ദുള്ള ഗവര്‍ണറെ കണ്ടിരുന്നു. വളരെക്കാലമായി ബിജെപി മുന്നോട്ട് വയ്ക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങളിലൊന്നാണ് ഇത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരേ പ്രാധാന്യമാണെന്നും ഒരു രാജ്യത്ത് പലതരം ഭരണഘടന വേണ്ടെന്നുമുള്ള ആഭ്യന്തര മന്ത്രി അമിത് ഷായുടെ ലോക്സഭയിലെ പ്രസ്താവനയും ഈ അഭ്യൂഹത്തെ ശക്തിപ്പെടുത്തുന്നതാണ്.