ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് റാലികള്‍ക്ക് മീററ്റില്‍ തുടക്കമായി. കോണ്‍ഗ്രസിനെയും പ്രതിപക്ഷ പാര്‍ട്ടികളെയും കടന്നാക്രമിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. കഴിഞ്ഞ അഞ്ച് വര്‍ഷമായി തന്റെ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അത് ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കുമെന്നും മോദി പറഞ്ഞു. തീരുമാനങ്ങളെടുക്കാന്‍ കഴിഞ്ഞ സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളത്. ഭൂമിയിലും ആകാശത്തും ബഹിരാകാശത്തും മിന്നലാക്രമണം നടത്താനുള്ള നെഞ്ചുറപ്പ് കാണിക്കാന്‍ കാവല്‍ക്കാരന് മാത്രമേ സാധിച്ചുള്ളു. മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി നിരവധി സര്‍ക്കാരുകള്‍ കഴിഞ്ഞ കാലങ്ങളില്‍ ഈ രാജ്യത്ത് അധികാരത്തില്‍ വന്നിട്ടുണ്ട്. എന്നാല്‍ ഇതാദ്യമായാണ് പ്രഖ്യാപിച്ച കാര്യങ്ങള്‍ വളരെ വേഗത്തില്‍ നടപ്പിലാക്കിയ ഒരു സര്‍ക്കാരിനെ രാജ്യം കാണുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഈ രാജ്യത്തിനായി എന്‍.ഡി.എ സര്‍ക്കാര്‍ എന്തൊക്കെ ചെയ്തു എന്നതിന്റെ കണക്കുകള്‍ വരുന്ന ദിവസങ്ങളില്‍ എല്ലാവര്‍ക്കും ലഭ്യമാകും.
ഞാന്‍ എന്താണ് ചെയ്തത്, മറ്റുള്ളവര്‍ ചെയ്തതും ചെയ്യാത്തതുമായ കാര്യങ്ങള്‍ നിങ്ങളുടെ മുന്നിലെത്തും. വികസനത്തിന്റെ വഴിയിലൂടെയാണ് ഈ പാര്‍ട്ടി മുന്നോട്ട് പോകുന്നത്. എന്നാല്‍ മറ്റുള്ളവര്‍ക്ക് നയമോ, മാര്‍ഗരേഖയോ ഒന്നുമില്ലെന്നും പ്രതിപക്ഷ സഖ്യത്തെ വിമര്‍ശിച്ചു കൊണ്ടായിരുന്നു മോദിയുടെ പ്രസംഗം. ഇത്രകാലം ഭരിച്ചിട്ടും ജനങ്ങള്‍ക്ക് ഒരു ബാങ്ക് അക്കൗണ്ട് പോലും തുറക്കാന്‍ കഴിയാത്തവര്‍ ഇപ്പോള്‍ അക്കൗണ്ടിലേക്ക് നേരിട്ട് പണം നല്‍കുമെന്ന് പറയുന്നു. അവര്‍ എന്താണ് ചെയ്യുകയെന്നും മോദി ചോദിച്ചു. ബഹിരാകാശ രംഗത്ത് രാജ്യം കൈവരിച്ച നേട്ടത്തെ പ്രതിപക്ഷം അവഗണിച്ചത് എങ്ങനെയാണെന്ന് ജനങ്ങള്‍ കണ്ടതാണ്. ഉപഗ്രഹവേധ മിസൈല്‍ വിജയിച്ചപ്പോള്‍ അതിനെ നാടകമെന്ന് വിശേഷിപ്പിച്ച് ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കാന്‍ രാഹുല്‍ ഗാന്ധി ശ്രമിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസിനെ നീക്കിയാലേ രാജ്യത്ത് ദാരിദ്ര്യം നീങ്ങുകയുള്ളു, ബി.ജെ.പി വിരുദ്ധ മഹാസഖ്യത്തിന് ഭീകരരുടെ പിന്തുണയുണ്ടെന്നും മോദി പറഞ്ഞു.
വ്യോമസേന കൂടുതല്‍ യുദ്ധവിമാനങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ അത് അവഗണിക്കുകയാണ് ചെയ്തത്. സൈനികര്‍ക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ നല്‍കാനോ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണങ്ങള്‍ നടത്താനുള്ള അനുമതി ശാസ്ത്രജ്ഞര്‍ക്ക് നല്‍കുകയോ ചെയ്തില്ല. രാജ്യം ദുര്‍ബലമായിരിക്കണം എന്നാണ് അവര്‍ ആഗ്രഹിച്ചതെന്നും മോദി കുറ്റപ്പെടുത്തി.