ന്യൂഡല്‍ഹി: ബാലാകോട്ടില്‍ പാക്കിസ്ഥാന് തിരിച്ചടി നല്‍കിയ സൈന്യത്തിനും പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികര്‍ക്കും വേണ്ടി വോട്ട് ചെയ്യണമെന്ന് ലാത്തൂരില്‍ മോദിയുടെ അഭ്യര്‍ത്ഥന. ഇതിനെതിരെ നല്‍കിയ പരാതിയില്‍ നടപടി ഉണ്ടാകാന്‍ സാധ്യത. സംഭവത്തില്‍ മഹാരാഷ്ട്രയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറോട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം തേടിയിരുന്നു.
പ്രസംഗത്തില്‍ പ്രഥമദൃഷ്ട്യാ ചട്ടലംഘനമുണ്ടെന്നു മഹാരാഷ്ട്ര മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് ഒസ്മനാബാദ് തിരഞ്ഞെടുപ്പ് ഓഫിസര്‍ റിപ്പോര്‍ട്ട് നല്‍കി. ഇന്ത്യന്‍ സൈന്യത്തെ രാഷ്ട്രീയവത്കരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്ക്കും എതിരെ നടപടിയുണ്ടായേക്കുമെന്ന് സൂചന.
പ്രധാനമന്ത്രിക്കെതിരെയുള്ള പരാതികള്‍ അന്വേഷിക്കുകയാണെന്നും വിവരശേഖരണം നടത്തുകയാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വൃത്തങ്ങള്‍ ദേശീയമാദ്ധ്യമങ്ങളെ അറിയിച്ചു. ചട്ടലംഘനം കണ്ടെത്തിയാല്‍ തിരഞ്ഞെടുപ്പ് അവസാനിക്കുന്നതിന് മുമ്പ് നടപടി സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇക്കഴിഞ്ഞ ഏപ്രില്‍ 9നാണ് മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലിയില്‍, പുല്‍വാമയിലെ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ പേരില്‍ മോദി ആദ്യ വോട്ടര്‍മാരോട് വോട്ടഭ്യര്‍ത്ഥന നടത്തിയത്. തുടര്‍ന്നും വിവിധ വേദികളില്‍ സൈന്യത്തിന്റെ പ്രത്യാക്രമണം സര്‍ക്കാരിന്റെ നേട്ടമായി ഉയര്‍ത്തിക്കാട്ടി വോട്ട് തേടിയിരുന്നു. ഇതിനെതിരെ സി.പി.എം തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുകയും ചെയ്തിരുന്നു.
ഏപ്രില്‍ 11ന് മോദിയുടെ വിവാദപരാമര്‍ശം പ്രഥമദൃഷ്ട്യാ തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കി. മോദിയെയും അമിത് ഷായെയും കൂടാതെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും സൈന്യത്തെ വോട്ടഭ്യര്‍ത്ഥനയ്ക്കായി ഉപയോഗിച്ചിരുന്നു. സൈന്യത്തെ ‘മോദിയുടെ സേന’ എന്ന് യോഗി വിശേഷിപ്പിച്ചതില്‍ പ്രതിഷേധിച്ച് വിരമിച്ച സൈനിക മേധാവികള്‍ രാഷ്ട്രപതിക്ക് കത്ത് നല്‍കിയതും വിവാദമായിരുന്നു.
എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ഉന്നയിച്ചു നല്‍കിയ പരാതി തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായി. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിനെതിരെ കൊല്‍ക്കത്ത സ്വദേശി മഹേന്ദ്ര സിങ് നല്‍കിയ പരാതിയാണ് വെബ്‌സൈറ്റില്‍ ഇല്ലാത്തത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചട്ടംലംഘിച്ചെന്ന് ഉന്നയിച്ചു നല്‍കുന്ന പരാതികള്‍ കമ്മിഷന്റെ വെബ്‌സൈറ്റില്‍ കാണാന്‍ സൗകര്യമുണ്ട്. ഇത്തരത്തില്‍ 426 പരാതികളാണ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. എന്നാല്‍ പ്രധാനമന്ത്രിക്കെതിരെയുള്ള പരാതി മാത്രം പട്ടികയിലില്ല.