രാജ്യ തലസ്ഥാനം കര്‍ഷക സമരത്തില്‍ കത്തുമ്പോള്‍ മോദി അമത് ഷാ ദ്വയത്തിന് പിടിച്ചാല്‍ പിടിപറ്റാത്ത രാഷ്ട്രീയമായി കര്‍ഷക രാഷ്ട്രീയം രാജ്യത്ത് ഉദയം ചെയ്യുകയാണ്. കഴിഞ്ഞ വര്‍ഷം രാജസ്ഥാനില്‍ നിന്നും നടന്ന കര്‍ഷക മുന്നേറ്റം ഇതേപോലെ തന്നെ മോദിയെ വിറപ്പിച്ചിരുന്നു. ഇപ്പോള്‍ പഞ്ചാബില്‍ നിന്നുള്ള കര്‍ഷക പ്രതിഷേധവും ഇത്തരത്തില്‍ അതിശക്തമായ ഒന്നായി മാറിക്കഴിഞ്ഞു.
പഞ്ചാബ് മോദിയെ അകറ്റി നിര്‍ത്തുന്ന സംസ്ഥാനമായി തുടരുമെന്നാണ് ഈ സമരവും നല്കുന്ന സൂചന. കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളിൽ (2014, 2019 ലോക്സഭാ തിരഞ്ഞെടുപ്പുകളും 2017ലെ നിയമസഭാ തിരഞ്ഞെടുപ്പും) ശിരോമണി അകാലി ദൾ സഖ്യകക്ഷിയായിരുന്നിട്ടും ബി.ജെ.പിക്ക് നേട്ടമുണ്ടായില്ല. ഉത്തരേന്ത്യയിൽ ബി.ജെ.പിയെയും മോദി തരംഗത്തെയും ചെറുത്തുനിന്ന ഏക സംസ്ഥാനം പഞ്ചാബാണ്. ബി.ജെ.പിയുടെ ഹിന്ദു വോട്ട് ബാങ്കും അകാലികളുടെ ജാട്ട്, സിക്ക് വോട്ട് ബാങ്കും പരസ്പരം സഹകരിച്ചില്ലെന്നാണ് തിരഞ്ഞെടുപ്പ് വിദഗ്ദ്ധർ കണ്ടെത്തിയത്.
അകാലികൾ വോട്ട് ചെയ്യാത്തതുകൊണ്ടാണ് അമൃത്സറിൽ 2014ൽ അരുൺ ജയ്റ്റ്ലിയും 2019ൽ ഹർദീപ് സിംഗ് പുരിയും തോറ്റത്. 2017 അസംബ്ലി തിരഞ്ഞെടുപ്പിലും ഇതുതന്നെ സംഭവിച്ചു. എന്നിട്ടും ബി.ജെ.പിക്ക് അകാലി രാഷ്ട്രീയം പിടികിട്ടാത്തതിന്റെ ഫലമാണ് അകാലിദളിന് കാർഷിക നിയമങ്ങളുടെ പേരിൽ എൻ.ഡി.എ വിടേണ്ടിവന്നത്. തങ്ങളുടെ മന്ത്രി ഹർസിമ്രത് കൗർ ബാദലിനെ അകാലിദാൾ പിൻവലിച്ചെങ്കിലും പാർട്ടിയുടെ വോട്ട് ബാങ്കായ കർഷകർ തൃപ്തിപ്പെട്ടില്ല.
സംസ്ഥാന മുന്നണിയിൽ ജൂനിയർ പങ്കാളിയായി ഒതുങ്ങിനിന്ന ബി.ജെ.പി കേന്ദ്രത്തിൽ മാടമ്പി മനോഭാവം കാട്ടി. ഹർസിമ്രത് കൗറിനെ ഭക്ഷ്യ സംസ്കരണ വകുപ്പിലൊതുക്കിയ ബി.ജെ.പി അകാലികളുടെ പല ആവശ്യങ്ങളും കേട്ടില്ലെന്നു നടിച്ചു. കാർഷിക നിയമങ്ങളോട് പഞ്ചാബിൽ ഇത്രയും രോഷമുണ്ടാകാൻ കാരണങ്ങൾ പലതാണ്. പഞ്ചാബി ജനതയുടെ സിക്ക് വീര്യവും ആത്മാഭിമാനവുമാണ് പ്രധാനം.
കർഷക ഭൂരിപക്ഷമുള്ള സിക്കുകാരെ മോദി സർക്കാർ ഒരിക്കലും വിശ്വാസത്തിലെടുത്തില്ല. മോദി രഥത്തിന്റെ വർഗീയചക്രമായ ഹൈന്ദവ ധ്രുവീകരണം പഞ്ചാബിൽ ഏശിയില്ല. ബി.ജെ.പിയുടെ ഹൈന്ദവ ധ്രുവീകരണമെന്നാൽ ഹിന്ദു- മുസ്ളിം വേർതിരിവെന്നാണ് അർത്ഥം. പഞ്ചാബിൽ അതിനു പ്രസക്തിയില്ല.