തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമീപം നിലയുറപ്പിച്ച കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചുമാറ്റി. പ്രധാനമന്ത്രി ക്യാമറയില്‍ കുടുങ്ങാതിരുന്നതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരുടെ നടപടി. പൂന്തുറയില്‍ ഓഖി ദുരിത ബാധിതരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തുന്നതിനിടെയായിരുന്നു സംഭവം. കണ്ണന്താനത്തെ പിടിച്ചുമാറ്റിയ എസ്പിജി മോദിയെ പകര്‍ത്താന്‍ ക്യാമറാമാന്‍മാര്‍ക്ക് സൗകര്യമൊരുക്കി. മത്സ്യതൊഴിലാളികള്‍ പ്രധാനമന്ത്രിയോട് തങ്ങളുടെ ആവലാതികള്‍ പങ്കുവെയ്ക്കുന്നു. ഈ സമയം കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം സമീപത്തുണ്ടായിരുന്നു. മത്സ്യതൊഴിലാളികള്‍ പറയുന്നത് പ്രധാനമന്ത്രിക്ക് തര്‍ജമ ചെയ്ത് കൊടുക്കുകയായിരുന്നു കണ്ണന്താനം. ഈ സമയം അദ്ദേഹം മോദിയെ മറഞ്ഞാണ് നിന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ തട്ടിക്കൊണ്ടിരുന്നു. എന്നാല്‍ ആദ്യമൊന്നും കണ്ണന്താനം കാര്യമായെടുത്തില്ല. എന്നാല്‍ ഉദ്യോഗസ്ഥര്‍ തട്ട് തുടര്‍ന്നുകൊണ്ടേയിരുന്നു. ഒടുവില്‍ അദ്ദേഹത്തെ പിടിച്ച് മാറ്റി പ്രധാനമന്ത്രിക്ക് അപ്പുറത്താക്കി. ഇതോടെയാണ് നരേന്ദ്രമോദി വ്യക്തമായി ക്യാമറകളില്‍ പതിഞ്ഞത്. ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമായിരിക്കുകയാണ്. ദുരന്തമേഖലയിലും പ്രധാനമന്ത്രിക്ക് ക്യാമറ വിട്ടൊരു കളിയുമില്ലെന്നതടക്കമുള്ള കുറിപ്പുകളോടെയാണ് വീഡിയോ പ്രചരിക്കുന്നത്.