അസ്താന: ഖസാക്കിസ്താന്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയും പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും തമ്മില്‍ അപ്രതീക്ഷിത കണ്ടുമുട്ടല്‍. ഷാങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയ്ക്കിടെ മോദി അസ്താന ഓപറ ഹൗസിലെ ലീഡേഴ്‌സ് ലോഞ്ചില്‍ എത്തിയപ്പോഴാണ് നവാസ് ഷെരീഫിനെ കണ്ടുമുട്ടിയത്. നവാസ് ഷെരീഫിനെ കെട്ടിപ്പിടിച്ച് കുശലാന്വേഷണം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
ഷെരീഫിന്റെ ആരോഗ്യത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും മോദി ചോദിച്ചറിഞ്ഞതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. കുല്‍ഭൂഷണ്‍ ജാദവ് കേസ് അടക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വലിയ ഉലച്ചില്‍ സംഭവിച്ച സാഹചര്യത്തിലാണ് ഇരു രാഷ്ട്ര തലവന്‍മാരും തമ്മില്‍ അനൗദ്യോഗികമായി കണ്ടുമുട്ടിയത്.
ഷാങ്ഹായ് സഹകരണ സമിതി ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാണ് നരേന്ദ്ര മോദി ഖസാകിസ്താനിലെത്തിയത്. ചൈനീസ് പ്രസിഡന്റ് സി ജന്‍പിങ്ങുമായും മോദി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഷാങ്ഹായ് സഹകരണ സമിതിയില്‍ ഇപ്പോള്‍ നിരീക്ഷണ പദവി മാത്രമാണ് ഇപ്പോള്‍ ഇന്ത്യയ്ക്കും പാകിസ്താനുമുള്ളത്.