ആദ്യ മന്ത്രിസഭായോഗം: 15 കോടി കര്‍ഷകര്‍ക്ക് സാന്ത്വനം; മോദി സര്‍ക്കാര്‍ തുടങ്ങി

ന്യൂഡല്‍ഹി: പ്രതിവര്‍ഷം കര്‍ഷകര്‍ക്ക് 6000 രൂപ സാമ്പത്തിക സഹായം നല്‍കുന്ന കിസാന്‍ പദ്ധതിയുടെ പരിധിയില്‍ രാജ്യത്തെ എല്ലാ കര്‍ഷകരെയും ഉള്‍പ്പെടുത്തും. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭയുടെ ആദ്യയോഗമാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. രണ്ടു ഹെക്ടര്‍ വരെ ഭൂമിയുള്ളവരാണ് പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെട്ടിരുന്നത്. ഈപരിധി എടുത്തുകളഞ്ഞു.

രാജ്യത്തെ 15 കോടിയോളം കര്‍ഷകര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്ന്‌കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ട് ഹെക്ടററിന് താഴെ ഭൂമിയുള്ള ചെറുകിട-ഇടത്തരം കര്‍ഷകര്‍ക്ക് മാത്രമാണ് നേരത്തെ കിസാന്‍ യോജനയുടെ ആനുകൂല്യം ലഭ്യമായിരുന്നത്.എന്നാല്‍ ഈ പരിധികള്‍ ഒഴിവാക്കി രണ്ട് കോടി കര്‍ഷകരെ കൂടി പദ്ധതിയിലേക്ക് ചേര്‍ത്തിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. 12000 കോടി രൂപയാണ് ഇതിന് അധിക ചെലവായി വരിക. നേരത്തെ 75000 കോടി രൂപയാണ് പദ്ധതിക്ക് വകയിരുത്തിയിരുന്നത്. മൂന്ന് ഗഡുക്കളായി വര്‍ഷത്തില്‍ ആറായിരം രൂപയാണ് ലഭിക്കുക.

ചെറുകിട കര്‍ഷകര്‍ക്ക് പ്രതിമാസം 3000 രൂപ ലഭിക്കുന്ന പെന്‍ഷന്‍ പദ്ധതിയും മന്ത്രിസഭ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി കിസാന്‍ പെന്‍ഷന്‍ യോജന എന്ന പേരിലുള്ള പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയാണിത്. സര്‍ക്കാരും കര്‍ഷകനും തുല്യമായ തുക ഇതിനായി നീക്കി വെക്കണം. അഞ്ചു കോടി ചെറുകിട കച്ചവടക്കാര്‍ക്കും പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി സ്‌കോളര്‍ഷിപ്പ് തുക വര്‍ധിപ്പിച്ചതായിരുന്നു രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ തീരുമാനം. വീരമൃത്യു വരിച്ച ജവാന്‍മാരുടെ ആണ്‍കുട്ടികള്‍ക്ക് 25 ശതമാനവും പെണ്‍കുട്ടികള്‍ക്ക് 33 ശതമാനവും സ്‌കോളര്‍ഷിപ്പ് തുകയാണ് വര്‍ധിപ്പിച്ചത്. സംസ്ഥാനങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരുടെ മക്കളേയും പദ്ധതിയില്‍ ചേര്‍ത്തതാണ് മറ്റൊരു മാറ്റം.

Top