കൊച്ചി: മോദിയുടെ നോട്ട് നിരോധനത്തിന് ഇന്ന് ഒരുവയസ്. ഒന്നാം വാര്‍ഷികത്തില്‍ രാജ്യവ്യാപക കരിദിനം ആചരിച്ചാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം രേഖപ്പെടുത്തുന്നത്. സിപിഐഎം, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് അടക്കം 18 പ്രതിപക്ഷ പാര്‍ട്ടികളാണ് കരിദിനം ആചരിക്കുന്നത്.
കള്ളപ്പണത്തിനും കള്ളനോട്ടിനുമെതിരായ യുദ്ധം എന്നുവിശേഷിപ്പിച്ചാണ് കേന്ദ്രസര്‍ക്കാര്‍ നോട്ടുനിയന്ത്രണം പ്രഖ്യാപിച്ചത്. ജനങ്ങള്‍ക്ക് തീരാദുരിതമാണ് ഇത് സമ്മാനിച്ചത്. ഒരു ഏകാധിപതിയുടെ ഗര്‍വ്വ് മാത്രമാണ് മോദി കാണിച്ചതെന്നും വിമര്‍ശനമുണ്ട്. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ കുഴയ്ക്കുന്ന നടപടിയായി നോട്ട് നിരോധനത്തെ വിലയിരുത്തപ്പെടുന്നു.
നോട്ട് അസാധുവാക്കല്‍ തീരുമാനം വരുമ്പോള്‍ 15.44 ലക്ഷം കോടി രൂപയുടെ 500 രൂപ, 1000 രൂപ നോട്ടുകളാണ് പ്രചാരത്തിലുണ്ടായിരുന്നത്. ഇതില്‍ കള്ളപ്പണവും കള്ളനോട്ടുമായി മൂന്നുലക്ഷംകോടി രൂപമുതല്‍ അഞ്ചുലക്ഷം കോടി വരെയുണ്ടെന്നും ഈ തുക ബാങ്കിലെത്തില്ലെന്നുമായിരുന്നു സര്‍ക്കാറിന്റെ കണക്കുകൂട്ടല്‍. 12 ലക്ഷം കോടി രൂപയേ തിരിച്ചെത്തൂ എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബാക്കിയുള്ളത് കള്ളപ്പണമായി അസാധുവാക്കപ്പെടുമെന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗി സര്‍ക്കാറിനുവേണ്ടി കഴിഞ്ഞവര്‍ഷം ഡിസംബറില്‍ സുപ്രീംകോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. പ്രതീക്ഷകള്‍ക്കുവിരുദ്ധമായി അസാധുനോട്ട് ഏതാണ്ട് പൂര്‍ണമായും തിരിച്ചെത്തിക്കഴിഞ്ഞു.
കഴിഞ്ഞവര്‍ഷം നവംബര്‍ പത്തുമുതല്‍ ഈ വര്‍ഷം ജൂണ്‍ 30 വരെ 15.28 ലക്ഷം കോടിയുടെ അസാധുനോട്ടുകള്‍ ബാങ്കുകളില്‍ തിരിച്ചെത്തിയെന്നാണ് ആര്‍.ബി.ഐ.യുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് ആകെയുണ്ടായിരുന്ന അസാധുനോട്ടിന്റെ 98.96 ശതമാനം വരും. 1.04 ശതമാനം അഥവാ 16,000 കോടി രൂപ മാത്രമാണ് ഈ കണക്കനുസരിച്ച് ബാക്കിയുള്ളത്. അസാധുനോട്ടിന്റെ കണക്കെടുപ്പ് പൂര്‍ത്തിയായില്ലെന്ന് ആര്‍.ബി.ഐ.തന്നെ പറയുന്നനിലയ്ക്ക് ഈ പണവും തിരിച്ചെത്തിയിട്ടുണ്ടാവും എന്നുവേണം കരുതാന്‍. ആര്‍.ബി.ഐ.വൃത്തങ്ങള്‍ അനൗദ്യോഗികമായി നല്‍കുന്ന സൂചനയും ഇതുതന്നെയാണ്.
ഇതേ കാലയളവില്‍ 7,62,000 കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്. ഇതിന് 20 കോടി രൂപയുടെ മൂല്യം വരും. മുന്‍വര്‍ഷം പിടിച്ചെടുത്ത കള്ളനോട്ടുകളുടെ മൂല്യത്തെ അപേക്ഷിച്ച് 20.4 ശതമാനം വര്‍ധന മാത്രമാണ് ഇക്കാര്യത്തിലുണ്ടായത്. ക്രയവിക്രയത്തിലുള്ള നോട്ടിന്റെ തീരേ ചെറിയൊരു ഭാഗം മാത്രമാണിത്. കള്ളനോട്ട് കണ്ടെത്തുന്ന കാര്യത്തിലും നോട്ടുനിരോധനം വിജയിച്ചിട്ടില്ല എന്നുവേണം ഇതില്‍നിന്ന് മനസ്സിലാക്കാന്‍.
കറന്‍സിരഹിത സമ്പദ്വ്യവസ്ഥയുടെ കുതിപ്പായിരുന്നു നോട്ടുനിരോധനത്തിന്റെ ലക്ഷ്യം എന്നായിരുന്നു അടുത്ത അവകാശവാദം. 2016 ഒക്ടോബര്‍മുതല്‍ മേയ്വരെയുള്ള കാലത്ത് ഡിജിറ്റല്‍ പണമിടപാടില്‍ 56 ശതമാനം വര്‍ധനയുണ്ടായെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. ചെറുകിട പണമിപാടുകളുടെ എണ്ണത്തിലുണ്ടായ ഈ കുതിപ്പ് മൂല്യത്തിലുണ്ടായില്ലെന്നതാണ് വസ്തുത. പണലഭ്യത കൂടിയപ്പോള്‍ ജനങ്ങള്‍ ഡിജിറ്റല്‍ ഇടപാടില്‍നിന്ന് പിന്തിരിയുകയുംചെയ്തു. 2016 നവംബറിനും 2017 ഓഗസ്റ്റിനുമിടയില്‍ ഡിജിറ്റല്‍ പണമിടപാടുമൂല്യത്തില്‍ 18.8 ശതമാനം വര്‍ധന മാത്രമാണുണ്ടായതെന്ന് ആര്‍.ബി.ഐ.യുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
എന്നാല്‍, പണലഭ്യത ഏറക്കുറേ സാധാരണനിലയിലായിട്ടുണ്ടെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നു. നോട്ടുനിരോധനത്തിന് ഒരാഴ്ചമുമ്പ് 17.01 ലക്ഷം കോടി രൂപയാണ് ക്രയവിക്രയത്തിലുണ്ടായിരുന്നത്. നിരോധനം വന്നതിന്റെ അടുത്ത മാസങ്ങളില്‍ ഇത് പകുതിയായി കുറയുകയും ജനങ്ങള്‍ പണമില്ലാതെ വലയുകയും ചെയ്തു. എന്നാല്‍, ഈ വര്‍ഷം ഒക്ടോബര്‍ 13-ഓടെ 15.32 ലക്ഷം കോടി രൂപ ക്രയവിക്രയത്തിലുണ്ടെന്നാണ് റിസര്‍വ് ബാങ്കിന്റെ കണക്ക്. ഇത് നോട്ടുനിരോധനത്തിന് മുമ്പുണ്ടായിരുന്നതിന്റെ 89 ശതമാനം വരും.
കള്ളപ്പണം വന്‍തോതില്‍ വെളുപ്പിച്ചിട്ടുണ്ടെങ്കിലും അത് കണ്ടെത്താനുള്ള നടപടികള്‍ തുടരുകയാണെന്നാണ് അധികൃതര്‍ ഇപ്പോള്‍ പറയുന്നത്. നോട്ടുനിരോധനത്തിനുപിന്നാലെ 35,000 കടലാസുകമ്പനികള്‍ 17,000 കോടി രൂപ നിക്ഷേപിച്ചതായി ആദായനികുതിവകുപ്പ് കണ്ടെത്തി. അസാധുനോട്ട് ബാങ്കുകളില്‍ നിക്ഷേപിച്ച് അധികം വൈകാതെ പിന്‍വലിച്ച് കള്ളപ്പണം വെളുപ്പിക്കുകയായിരുന്നു ഇവര്‍ എന്നാണ് കരുതുന്നത്. പ്രവര്‍ത്തനരഹിതമായ 2,24,000 കമ്പനികള്‍ക്കുള്ള അംഗീകാരം റദ്ദാക്കുകയും 3,09,000 കമ്പനി ഡയറക്ടര്‍മാരെ അയോഗ്യരാക്കുകയും ചെയ്തിട്ടുണ്ട്. ഈ കമ്പനികള്‍ സര്‍ക്കാറിന്റെ നിരീക്ഷണത്തിലാണ്. 50 ലക്ഷം രൂപയ്ക്കുമേല്‍ പഴയ നോട്ട് നിക്ഷേപിച്ച 70,000 വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്. ഈ കേസുകളിലെല്ലാം തുടര്‍നടപടികള്‍ നടക്കുന്നുണ്ട്.