തടവറയിലെ കഥകളെയും കവിതകളെയും മോചിപ്പിക്കാന്‍ മോഹന്‍ലാല്‍ എത്തുന്നു; ഇത് ലിസി എന്ന എഴുത്തുകാരിയുടെ സ്വപ്‌ന സാഫല്യം

കോഴിക്കോട്: തടവറയില്‍ കിടന്ന് കഥകളും കവിതകളും എഴുതുക പിന്നീട് അത് പുസ്തകമാകുക, അവസാനം അത് തന്റെ പ്രിയപ്പെട്ട താരം മോഹന്‍ലാല്‍ പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കുക. ഇതാണ് തകര്‍ന്ന ജീവിതത്തിലും ലിസി എന്ന എഴുത്തുകാരിക്ക് പ്രതീക്ഷയാകുന്നത്.

ജയിലില്‍ കഥകളും കവിതകളുമെഴുതി പരോളിന് കാത്തിരിക്കുന്ന ലിസിയുടെ കഥ ഒരു പത്രം പ്രസിദ്ധീകരിച്ചിരുന്നു. മാദ്ധ്യമപ്രവര്‍ത്തകനും കൊക്കോപ്പെല്ലി പബ്‌ളിക് റിലേഷന്‍സ് എം.ഡിയുമായ സുബിന്‍ മാനന്തവാടിയാണ് ലിസിയുടെ രചനകളും ജീവിതകഥയും സമാഹരിച്ച് കുറ്റവാളിയില്‍നിന്ന് എഴുത്തുകാരിയിലേക്ക് ” എന്ന പുസ്തകം തയ്യാറാക്കിയത്. കഴിഞ്ഞ വര്‍ഷം പരോളില്‍ ഇറങ്ങിയപ്പോള്‍ മോഹന്‍ലാലിനെക്കൊണ്ട് പുസ്തകം പ്രകാശിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ലാല്‍ അന്ന് ജയ്പൂരില്‍ മേജര്‍ രവിയുടെ സെറ്റിലായിരുന്നു. മറ്റാരും പ്രകാശനം ചെയ്യേണ്ട, മോഹന്‍ലാല്‍ തന്നെ മതി…” ലിസി അന്ന് സുബിനോട് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലിസിയുടെ കാത്തിരിപ്പ് വെറുതേയായില്ല. പ്രിയതാരം മോഹന്‍ലാല്‍ തന്നെ അവളുടെ ജീവിതകഥയെ ജയിലിന് പുറത്തെത്തിക്കും. തടവറയില്‍ കിടന്ന് അവളെഴുതിയ കവിതകളും കഥകളും അതോടെ ജയില്‍ മോചിതരാവും. അടുത്ത ദിവസം കൊച്ചിയിലായിരിക്കും പുസ്തകത്തിന്റെ പ്രകാശനം.

കഴിഞ്ഞ ദിവസം ലിസി വീണ്ടും പരോളിലിറങ്ങി. അമ്മയ്ക്ക് രോഗം മൂര്‍ച്ഛിച്ചിരുന്നു. സുല്‍ത്താന്‍ ബത്തേരിക്കടുത്ത് ചുള്ളിയോട്ടിലെ വീട്ടിലെത്തി അമ്മയെ ആശുപത്രിയിലാക്കി അനിയത്തിയെ കൂട്ടിനിരുത്തിയാണ് ലിസി കൊച്ചിയിലെത്തിയത്. ഈ മാസം 30 വരെയാണ് പരോള്‍. അതിനുള്ളില്‍ പുസ്തകം പ്രകാശനം ചെയ്യണം. മോഹന്‍ലാലുമായി ലിസി തന്നെ സംസാരിച്ചു. ലാല്‍ സമ്മതിച്ചു.

lisi3

എന്താ മോഹന്‍ലാലിനോട് ഇത്രയേറെ ഇഷ്ടമെന്ന് ചോദിച്ചപ്പോള്‍ ലിസി പറഞ്ഞു, മോഹന്‍ലാലിന്റെ കഥാപാത്രങ്ങളെപ്പോലൊരു കൂടപ്പിറപ്പ് എനിക്കുണ്ടായിരുന്നെങ്കില്‍ എന്ന് തോന്നിപ്പോകും. എന്ത് പ്രശ്‌നം വന്നാലും നമുക്കൊപ്പം നിന്ന് നേരിടാന്‍ ഒരാങ്ങള. അതാണെനിക്ക് മോഹന്‍ലാല്‍. ജയിലില്‍ ടിവി കാണാന്‍ അവസരം ലഭിക്കുമ്പോഴൊക്കെ മോഹന്‍ലാലിന്റെ സിനിമ ഏത് ചാനലിലാണെന്ന് തെരഞ്ഞുപിടിച്ച് കാണും. പുലി മുരുകനും കണ്ടു.” ഇപ്പോള്‍ തടവറയിലിരുന്ന് ലിസി തന്റെ ജീവിതത്തിന് തിരക്കഥയൊരുക്കുകയാണ്. സുബിന്റെ സഹായവുമുണ്ട്. ഈ തിരക്കഥ സിനിമയാക്കണം. അതാണ് ലിസിയുടെ അടുത്ത മോഹം. തടവറയില്‍ പിറക്കുന്ന ആദ്യ പെണ്‍തിരക്കഥയാവും ലിസിയുടേത്.

ഒരു സ്ത്രീ കുറ്റവാളിയാകുന്ന സാഹചര്യവും പിന്നീടുള്ള അവളുടെ ജീവിതവും പുറംലോകം അറിയണം. മയക്കുമരുന്നു കൈവശം വച്ചതിനാണ് എന്നെ പിടികൂടിയത്. അന്നെനിക്കറിയില്ലായിരുന്നു ആ പൊതിയില്‍ എന്തായിരുന്നെന്ന്. ആശുപത്രിയില്‍ വെന്തുപിടയുന്ന കൂടപ്പിറപ്പിന്റെ ജീവനായിരുന്നു എനിക്ക് വലുത്. അവള്‍ക്ക് മരുന്ന് വാങ്ങാന്‍ രണ്ടായിരം രൂപ തന്നയാള്‍ക്ക് ഞാന്‍ ചെയ്തുകൊടുത്ത ഒരു ഉപകാരം. രണ്ടാം തവണ ഭീഷണിപ്പെടുത്തിയാണ് അയാള്‍ പറഞ്ഞയച്ചത്. കൂലിപ്പണിക്ക് പോയി ഞങ്ങള്‍ ആറു മക്കളെ പോറ്റിയിരുന്ന അമ്മ കിടപ്പിലായിരുന്നു. അനിയത്തിക്ക് മരുന്ന് വാങ്ങിക്കണം. എന്റെ കേസ് നടത്തണം. വഴങ്ങുകയല്ലാതെ മാര്‍ഗമുണ്ടായിരുന്നില്ല. അങ്ങനെ രണ്ടാം തവണയും. രണ്ടു കേസിലും കൂടി 25 വര്‍ഷം തടവ്. ഇനി പതിനെട്ട് വര്‍ഷം ബാക്കി.” ലിസിക്ക് നിരാശയില്ല. തന്റെ ജീവിതകഥ പുറത്തിറങ്ങുകയാണല്ലോ.

Top