കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവേശനത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കാതെ ഒഴിഞ്ഞുമാറി നടന്‍ മോഹന്‍ലാല്‍. അമ്മ യോഗത്തിലെ അജണ്ടയെപ്പറ്റി സംസാരിച്ച ശേഷം പോകാന്‍ തുടങ്ങിയ മോഹന്‍ലാലിനോട് ശബരിമല വിധിയില്‍ നിലപാടെന്തെന്ന ചോദ്യം മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുകയായിരുന്നു. സ്വതസിദ്ധമായ ചിരിയോടെ കണ്ണുരുട്ടി, അടികൊളളുമെന്ന ആംഗ്യമായിരുന്നു താരത്തിന്റെ പ്രതികരണം. ഇതു കണ്ട് നിന്ന മാധ്യമപ്രവര്‍ത്തകര്‍ക്കു പോലും ചിരി അടക്കാന്‍ കഴിഞ്ഞില്ല.
അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ഇന്നുണ്ടെന്നും സര്‍ക്കാരിനായി ഒരു ഷോ ചെയ്യുന്നുണ്ടെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മോഹന്‍ലാല്‍ മറുപടി നല്‍കി. പ്രളയദുരന്തത്തില്‍ തകര്‍ന്ന കേരളത്തിനായി അഞ്ചുകോടി രൂപ സമാഹരിക്കാന്‍ അബുദാബിയില്‍ വെച്ചാണ് ഷോയെന്നും അദ്ദേഹം പറഞ്ഞു. നടിമാരുടെ പരാതിയില്‍ നിയമപരമായ അഭിപ്രായം തേടിയിട്ടുണ്ടെന്നും അത് ഇന്നു വൈകിട്ട് നടക്കുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
പ്രളയത്തില്‍ ദുരിതം അനുഭവിച്ച കാലടി സംസ്‌കൃത സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥിനികള്‍ക്ക് മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ ദുരിതാശ്വാസ സഹായ വിതരണവും നടന്നു. സര്‍വ്വകലാശാല ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ 200 വിദ്യാര്‍ഥിനികള്‍ക്ക് 5000 രൂപയുടെ വസ്ത്രങ്ങള്‍ വാങ്ങാനായി കൂപ്പണുകള്‍ വിതരണം ചെയ്തു. മോഹന്‍ലാല്‍ നേതൃത്വം നല്‍കുന്ന വിശ്വശാന്തി ഫൗണ്ടേഷന്റെ മൂന്നാം ഘട്ട പ്രളയ സഹായ വിതരണമാണിത്. ശീമാട്ടിയുമായി സഹകരിച്ചാണ് സഹായ വിതരണം. ഇന്നസെന്റ് എംപിയും സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ധര്‍മരാജ് അടാട്ട്, ബീന കണ്ണന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
നേരത്തെ കൊച്ചിയില്‍ കന്യാസ്ത്രീകളുടെ സമരം നടക്കവെ, മോഹന്‍ലാലിന്റെ നിലപാടിനെക്കുറിച്ചു ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് അദ്ദേഹം പറഞ്ഞ മറുപടി ഏറെ വിവാദമാകുകയും തുടര്‍ന്ന് അദ്ദേഹം മാപ്പു പറയുകയും ചെയ്തിരുന്നു.