കാലവര്‍ഷം കേരളത്തിലെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മികച്ചതോതില്‍ മഴ ലഭിക്കുന്നതിനുളള അനുകൂല സാഹചര്യമാണുളളതെന്നാണ് വിലയിരുത്തുന്നത്. സംസ്ഥാന പലസ്ഥലത്തും മഴ കനത്തു. കൊച്ചിയില്‍ കനത്ത മഴയും കാറ്റും, റോഡുകളില്‍ വെള്ളം കയറി. വടക്കന്‍ ജില്ലകളിലും മഴ ശക്തമാണ് .കണ്ണൂര്‍, മലപ്പുറം , കോഴിക്കോട് എന്നിവിടിങ്ങളില്‍ പുലര്‍ച്ചെ ഭേദപ്പെട്ട മഴലഭിച്ചു
നിറുത്താതെ പെയ്യുന്ന മഴയുമായി മഴക്കാലം എത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ മഴകിട്ടിയത് വൈക്കത്തും മാവേലിക്കരയിലുമാണ്, ആറ് സെന്റിമീറ്റര്‍ വീതം. വരുന്ന നാലുദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്. മധ്യകേരളത്തിലും തെക്കന്‍ജില്ലകളിലും കനത്ത മഴ രേഖപ്പെടുത്തിയപ്പോള്‍ വടക്കന്‍ജില്ലകളില്‍ മഴ ശക്തിപ്പെട്ട് വരുന്നേയുള്ളൂ. ഏറ്റവും വരള്‍ച്ച നേരിടുന്ന തിരുവനന്തപുരത്ത് കഴിഞ്ഞ 48 മണിക്കൂറായി സാമാന്യം നല്ല മഴകിട്ടുന്നുണ്ട്.
മലയോരമേഖലയില്‍ മഴ കനത്തതോടെ സംഭരണികളിലേക്കുള്ള നീരൊഴുക്ക് വര്‍ദ്ധിച്ചു. ജലനിരപ്പ് ക്രമാതീതമായി താണ പേപ്പാറ സംഭരണിക്കുചുറ്റുമുള്ള അഗസ്ത്യവന മേഖലയിലും മഴ കിട്ടിതുടങ്ങി. 17 ദശലക്ഷം ക്യുബിക്ക് മീറ്ററാണ് പേപ്പാറയില്‍ സംഭരിക്കാവുന്നജലം. തലസ്ഥാന നഗരത്തിന്റെ ഏറ്റവും പ്രധാന ജലശ്രോതസ്സായ പേപ്പാറയിലേക്ക് വെള്ളം ഒഴുകിയെത്തിയാലെ കുടിക്കാന്‍പോലും വെള്ളം കിട്ടൂ എന്ന സ്ഥിതക്കാണ് മഴയുടെ വരവ് ആശ്വാസമാകുന്നത്.