ന്യൂഡല്‍ഹി: ലൈംഗീക പീഡന ആരോപണത്തില്‍പ്പെട്ട ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതല്‍ സ്ത്രീകള്‍ രംഗത്ത്. സഭവിട്ട കന്യാസ്ത്രീകളാണ് ബിഷപ്പിനെതിരെ മൊഴി നല്‍കിയിരിക്കുന്നത്. ബിഷപ് പലതവണ മോശമായി സ്പര്‍ശിച്ചെന്നു കന്യാസ്ത്രീമാര്‍ മൊഴി നല്‍കി.
ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ബലമായി ആലിംഗനം ചെയ്‌തെന്നും ജലന്തര്‍ മഠത്തില്‍ വച്ചു കയറിപ്പിടിച്ചെന്നും സഭവിട്ട കന്യാസ്ത്രീകള്‍ മൊഴി നല്‍കി. അതേസമയം, പരാതി ലഭിച്ച വിവരം സ്ഥിരീകരിക്കാന്‍ ഭഗല്‍പൂര്‍ ബിഷപ്പിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും.
എന്നാല്‍, ബിഷപിനെതിരായ നടപടികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ആദ്യം പരാതി നല്‍കിയ കന്യാസ്ത്രീ കോടതിയെ സമീപിച്ചേക്കും. പരാതിക്കാരിയുടെ മൊഴി പലവട്ടം എടുത്തിട്ടും ബിഷപ്പിനെ അന്വേഷണ സംഘം ചോദ്യം ചെയ്തത് ഒരു തവണ മാത്രമാണ്. നടപടി വൈകുന്നതിനാല്‍ കന്യാസ്ത്രീ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്നാണു വിവരം.
ഇതിനിടെ, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വത്തിക്കാനിലേക്ക് കടക്കാന്‍ പദ്ധതിയിടുന്നതായി സൂചന. ഡല്‍ഹി വഴി ഈ മാസം 13നോ അതിനടുത്ത ദിവസങ്ങളിലോ ബിഷപ്പ് ഫ്രാങ്കോ വത്തിക്കാനിലേക്ക് പോയേക്കുമെന്നാണ് വിവരം.
ഒക്ടോബര്‍ മൂന്നു മുതല്‍ 28 വരെ വത്തിക്കാനില്‍ ബിഷപ്പുമാരുടെ സിനഡ് ചേരുന്നുണ്ട്. പനാമയില്‍ അടുത്തവര്‍ഷം ആദ്യം നടക്കുന്ന ലോക യുവജന സമ്മേളനത്തിനു മുന്നോടിയായാണ് ഈ വിഷയത്തില്‍ വത്തിക്കാനില്‍ സിനഡ് ചേരുന്നത്. ഇന്ത്യയിലെ കത്തോലിക്കാ ബിഷപ്പുമാരുടെ കോണ്‍ഫറന്‍സ് (സിബിസിഐ) യുവജന കമ്മീഷന്‍ ചെയര്‍മാന്‍ ആണ് ബിഷപ്പ് ഫ്രാങ്കോ. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ബിഷപ്പുമാര്‍ക്കൊപ്പം ഫ്രാങ്കോ വത്തിക്കാനില്‍ എത്തേണ്ടതാണ്.
ഫ്രാങ്കോയുടെ പാസ്പോര്‍ട്ട് അന്വേഷണ സംഘം പിടിച്ചെടുത്തുവെന്നും രാജ്യം വിട്ടുപോകാതിരിക്കാന്‍ വിമാനത്താവളങ്ങളില്‍ അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നുമാണ് പോലീസുമായി അടുത്തവൃത്തങ്ങളില്‍ നിന്നു ലഭിക്കുന്ന വിവരം. എന്നാല്‍ ”പച്ചവെള്ളത്തെ വീഞ്ഞാക്കിയതിലും വലിയ അത്ഭുതം പ്രവൃത്തിക്കുന്ന ഫ്രാങ്കോയ്ക്ക് ഒരു പാസ്പോര്‍ട്ട് തട്ടിക്കൂട്ടാനൊന്നും വലിയ പ്രയാസമില്ല” എന്നാണ് ഫ്രാങ്കോയുടേയും അദ്ദേഹത്തിന്റെ അടുപ്പക്കാരുടെയും ക്രിമിനല്‍ സ്വഭാവം അറിയാവുന്നവര്‍ പറയുന്നത്.