ഹാജരാകണമെന്ന നോട്ടീസ് കൈപ്പറ്റി: ബിഷപ്പിന്റെ അറസ്റ്റിന് കളമൊരുങ്ങുന്നു; കന്യാസ്ത്രീയ്ക്ക് ഏറ്റത് ക്രൂര പീഡനം

ന്യൂഡല്‍ഹി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന നോട്ടീസ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കൈപ്പറ്റി. കേരളാ പോലീസിന്റെ നോട്ടീസ് ജലന്ധര്‍ പോലീസ് ബിഷപ്പിന് കൈമാറുകയായിരുന്നു. ചോദ്യം ചെയ്യലിനായി ബുധനാഴ്ച്ച കേരളത്തില്‍ എത്തണമെന്നാണ് നോട്ടീസ്. ബിഷപ്പിനെതിരായ സമര പരിപാടികള്‍ ശക്തമായിരിക്കേ അറസ്റ്റിനുള്ള സാധ്യതയാണ് ഇപ്പോഴുള്ളത്.

ബുധനാഴ്ച രാവിലെ പത്തു മണിക്കകം ഹാജരാകാനാണ് ബിഷപ്പിന് നല്‍കിയിരിക്കുന്ന നോട്ടീസ്. മൊഴികളിലെ പൊരുത്തക്കേട് ഇപ്പോഴും തുടരുകയാണ്. ഇത് പരിഹരിക്കാനുള്ള ശ്രമം ഊര്‍ജ്ജിതമായി നടക്കുന്നതായി ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ബിഷപ്പ് എത്തിയാല്‍ ചോദ്യം ചെയ്യാനുള്ള ചോദ്യാവലിയും അന്വേഷണസംഘം തയ്യാറാക്കിക്കഴിഞ്ഞു. ചോദ്യം ചെയ്യുന്നതോടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള ഘട്ടങ്ങളിലേക്ക് കടക്കാനാണ് അന്വേഷണസംഘത്തിന്റെ ശ്രമം.

ഇതിനിടെ ജലന്ധര്‍ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കന്യാസ്ത്രീയെ നടത്തിയത് ക്രൂരമായ പീഡനമെന്ന് റിപ്പോര്‍ട്ട്. പീഡനം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തിയെന്നും എഫ്.ഐ.ആറില്‍ പറയുന്നു. കുറവിലങ്ങാട് പൊലീസ് കഴിഞ്ഞ ജൂണ് 28ന് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിലാണ് ഈ വിവരമുള്ളത്. 13 തവണയാണ് ഈ രീതിയില്‍ ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചത്.

2014 മുതല്‍ 2016 വരെ 13 തവണ പീഡനം നടന്നു. കറവിലങ്ങാട് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ ഗസ്റ്റ് ഹൌസില്‍ വെച്ചാണ് പീഡനം നടന്നത്. 2014 മെയ് അഞ്ചിനായിരുന്നു ആദ്യ പീഡനം നടന്നത്. കന്യാസ്ത്രീയുടെ സമ്മതമില്ലാതെ ബിഷപ്പ് ഫ്രാങ്കോ ഇവരെ ബലമായിട്ടായിരുന്നു പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത് എന്നാണ് എഫ്‌ഐആറില്‍ പറഞ്ഞിരിക്കുന്നത്.

ബിഷപ്പിനെ ചോദ്യം ചെയ്ത് കൃത്യമായ നിഗമനത്തിലെത്തുമെന്നും ആവശ്യമെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നും കോട്ടയം ജില്ലാ പോലീസ് മേധാവി എസ്. ഹരിശങ്കര്‍ വ്യക്തമാക്കിയിട്ടുണ്ട്. കന്യാസ്ത്രീയുടെയും സാക്ഷികളുടെയും ബിഷപ്പിന്റെയും മൊഴികളിലും രേഖകളിലും വൈരുധ്യങ്ങളുണ്ട്. ഇക്കാര്യങ്ങള്‍ വ്യക്തത വരുത്തി അന്തിമധാരണയിലെത്തും. സംസ്ഥാനത്തിനകത്തും പുറത്തുമായി പലയിടങ്ങളില്‍ അന്വേഷണം ആവശ്യമായതിനാലാണ് അന്വേഷണസംഘം വിപുലീകരിക്കുന്നതെന്നും അദ്ദേഹം കോട്ടയത്തു പറഞ്ഞു.

പരാതി നല്‍കിയ കന്യാസ്ത്രീയെയും സാക്ഷിയെയും സ്വാധീനിക്കാന്‍ ശ്രമം നടന്നതിനു തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. സ്വാധീനിക്കാന്‍ ശ്രമം നടന്നതിന് മൊബൈല്‍ ഫോണ്‍ റെക്കോര്‍ഡിങ് ഉള്‍പ്പടെയുള്ള രേഖകള്‍ പോലിസിന്റെ കൈവശമുണ്ട്. പരാതി കിട്ടിയതു മുതല്‍ മഠത്തില്‍ കര്‍ശന സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയത്. അപേക്ഷ പോലും ലഭിക്കാതെ, സ്വമേധയാ ആയിരുന്നു നടപടി.

Top