പിസി ജോര്‍ജിന്റെയും ബിഷപ്പുമാരുടെയും സന്ദര്‍ശനം പണിയായി; ഫ്രാങ്കോ മുളക്കലിന് ജാമ്യം നിഷേധിച്ചതിന് കാരണമായി പല ഘടകങ്ങള്‍

പാലാ: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി തള്ളിയിരുന്നു. ജനപ്രതിനിധികളും സഭയിലെ ഉന്നതരും നല്‍കിയ ആത്മവിശ്വാസം ചോര്‍ന്നുപോയമട്ടിലാണ് ഫ്രാങ്കോ മുളക്കല്‍ ജയിലിനുള്ളില്‍ കഴിയുന്നത്. കന്യാസ്ത്രീ പീഡനക്കേസില്‍ കൂടുതല്‍ കുരുക്കിലേക്കാണ് താന്‍ പോകുന്നതെന്ന് ബിഷപ്പ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

11 മണി ആയപ്പോഴേക്കും കോടതി വിധിയെ കുറിച്ച് ബിഷപ്പിന് ജയിലിനുള്ളില്‍ വിവരം ലഭിച്ചു. ജയില്‍ അധികൃതര്‍ തന്നെയാണ് ജാമ്യാപേക്ഷ തള്ളിയ വിവരം അദ്ദേഹത്തെ അറിയിച്ചത്. ഇതോടെ അതുവരെയുണ്ടായിരുന്ന പ്രതീക്ഷകളെല്ലാം അസ്ഥാനത്തായി അദ്ദേഹത്തിന്റെ ധൈര്യം ചോരുകയും ചെയ്തു. വിധി അനുകൂലമല്ലെന്നും ഇനിയും ജയിലിനുള്ളില്‍ കഴിയേണ്ടി വരുമെന്നു ബോധ്യമായതോടെ മാനസികമായി തളര്‍ന്ന് സെല്ലില്‍ ഒരു വശത്തായി ചുരുണ്ടുകൂടി കിടന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം പി സി ജോര്‍ജ്ജിനെ പോലുള്ളവര്‍ സന്ദര്‍ശിച്ച ശേഷം നടത്തിയ പ്രസ്താവനകളും ബിഷപ്പുമാരെത്തി പിന്തുണച്ചതുമെല്ലാം തന്നെയാണ് ഫ്രാങ്കോയ്ക്ക് തിരിച്ചടിയായത്. പരാതിക്കാരെയും സാക്ഷികളെയും ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാന്‍ ശ്രമങ്ങളുണ്ടെന്ന വിധത്തില്‍ ഇത് വ്യാഖ്യാനിക്കപ്പെട്ടു. ഇതോടെ ബിഷപ്പിന് തന്റെ പുറത്തിറങ്ങല്‍ എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കാനാകില്ലെന്ന ശക്തമായ വാദമാണ് പ്രോസിക്യൂഷന്‍ എടുത്തുപറഞ്ഞത്. കന്യാസ്ത്രീയുടെ പരാതിയില്‍ പൊലീസ് അന്വേഷണം നിര്‍ണായക ഘട്ടത്തില്‍ നില്‍ക്കുകയാണ്. ഫ്രാങ്കോയെ പോലെയുള്ള ഉന്നത സ്വാധീനമുള്ള ഒരു വ്യക്തിക്ക് ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

സാക്ഷികളെയടക്കം സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതിയില്‍ മൂന്ന് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അത് വളരെ ഗൗരവത്തിലെടുക്കുന്നുവെന്നും കോടതി അറിയിച്ചു. പ്രഥമദൃഷ്ട്യാ കോടതിക്ക് മുന്നിലെത്തിയ രേഖകളുടെ പശ്ചാത്തലത്തില്‍ ജാമ്യം അനുവദിക്കാന്‍ പറ്റില്ലെന്നും കോടതി പറഞ്ഞു. കൂടാതെ കേസുമായി ബന്ധപ്പെട്ട് കന്യാസ്ത്രീകളുടേതടക്കം ഏഴു പേരുടെ രഹസ്യമൊഴി രേഖപ്പെടുത്താനും കോടതി തീരുമാനിച്ചിട്ടുണ്ട്.

ബിഷപ്പിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി സിംഗിള്‍ബെഞ്ചാണ് തള്ളിയത്. അതുകൊണ്ട് തന്നെ ഹൈക്കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കാം. സുപ്രീംകോടതിയേയും സമീപിക്കാം. എന്നാല്‍ സുപ്രീംകോടതിയില്‍ തല്‍കാലം പോകേണ്ടതില്ലെന്നാണ് തീരുമാനം. അതുകൊണ്ട് തന്നെ റിവ്യൂ ഹര്‍ജി നല്‍കും. പ്രാഥമദൃഷ്ട്യാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ തെളിവുകളുണ്ടെന്ന് കോടതി കണ്ടെത്തി. ഇന്നു രാവിലെ കേസ് പരിഗണിക്കുന്നതിനു മുന്‍പ് പൊലീസ് സീല്‍ ചെയ്ത കവറില്‍ ചില രേഖകള്‍ സമര്‍പ്പിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്. ബിഷപ്പ് സമൂഹത്തില്‍ ഉന്നത സ്ഥാനത്തുള്ള ആളാണെന്നും ജാമ്യം ലഭിച്ചാല്‍ കേസ് അട്ടിമറിക്കുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. സാക്ഷികളെ സ്വാധീനിക്കുമെന്നും അന്വേഷണം തുടരുകയാണെന്നും ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കരുതെന്നും വ്യക്തമാക്കിയിരുന്നു. അന്വേഷണ പുരോഗമതി റിപ്പോര്‍ട്ടും കേസ് ഡയറിയും കഴിഞ്ഞ ദിവസം സമര്‍പ്പിച്ചിരുന്നു.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ മൂന്ന് ദിവസത്തോളം ചോദ്യം ചെയ്തതിനു ശേഷമാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഒക്ടോബര്‍ 6 വരെ റിമാന്‍ഡ് ചെയ്തിരുന്നു. ബിഷപ്പ് ഇപ്പോള്‍ പാല സബ്ജയിലിലാണുള്ളത്. കേസിന്റെ ആദ്യഘട്ടത്തില്‍ കന്യാസ്ത്രീക്ക് അനുകൂലമായി മൊഴി നല്‍കിയിരുന്ന വൈദികന്‍ അടക്കമുള്ളവര്‍ മൊഴിമാറ്റിയതും കന്യാസ്ത്രീയെയും ബന്ധുക്കളെയും സ്വാധീനിക്കാന്‍ പ്രതിഭാഗം ശ്രമിച്ചതും അടക്കമുള്ള വിവരങ്ങള്‍ കഴിഞ്ഞ ദിവസങ്ങള്‍ പുറത്തുവന്നിരുന്നു.

Top