അവസാനം അറസ്റ്റ്!!! കന്യാസ്ത്രീ പീഡനക്കേസില്‍ ബിഷപ്പ് ജയിലിലേക്ക്

കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തില്‍ ജലന്ധര്‍ ബിഷപ്പിനെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടര ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റിലേക്ക് പോലീസ് എത്തിയിരിക്കുന്നത്. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറവിലങ്ങാടുള്ള ഗസ്റ്റ് ഹൗസില്‍ രണ്ടുവര്‍ഷത്തിനിടെ പലതവണ തന്നെ ബലാത്സംഗം ചെയ്തതെന്നാണ് കന്യാസ്ത്രീയുടെ പരാതി 2014 മെയില്‍ ബിഷപ്പ് താമസത്തിനായി ഗസ്റ്റ് ഹൗസിലെത്തിയപ്പോഴാണ് ആദ്യമായി പീഡിപ്പിച്ചത്. തുടര്‍ന്ന് രണ്ടുവര്‍ഷത്തിനിടെ 13 തവണ ബലാത്സംഗം ചെയ്തെന്നും കന്യാസ്ത്രീയുടെ മൊഴിയിലുണ്ട്.

ആദ്യ ഘട്ടത്തില്‍ സഭക്കകത്ത് പരാതി നല്‍കിയിട്ടും കന്യാസ്ത്രീക്ക് നീതി ലഭിച്ചിരുന്നില്ല. പരാതി അറിയിച്ചിട്ടും കേസില്‍ ഇടപെടാതെ ഒഴിഞ്ഞ് മാറാനാണ് കര്‍ദിനാള്‍ ആലഞ്ചേരി ഉള്‍പ്പെടെയുള്ളവര്‍ ശ്രമിച്ചത്. സംഭവം മാര്‍പ്പാപ്പയെ അറിയിക്കാനുള്ള ബാധ്യത ആലഞ്ചേരിക്ക് ഉണ്ടായിരുന്നു. പരാതി ഉന്നയിച്ചപ്പോള്‍ തന്നെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി സഭ ശ്രമിച്ചിരുന്നു. സംഭവത്തില്‍ ജലന്ധര്‍ രൂപത കന്യാസ്ത്രീയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് പരാതിയുമായി കന്യാസ്ത്രീ പോലീസിനെ സമീപിച്ചത്.

ഇന്ന് 10.30 ഓടെ മൂന്നാം ദിവസത്തെ ചോദ്യം ചെയ്യലിന് ഹാജരായ ഫ്രാങ്കോ മുളക്കലിനോട് അറസ്റ്റ് ചെയ്‌തെന്ന് പോലീസ് അറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യലിന് ഹാജരായ ഉടന്‍ അറസ്റ്റ് ഒഴിവാക്കാനാകില്ലെന്ന് പൊലീസ് അറിയിച്ചു. കൂടെ എത്തിയവരോട് പുറത്തേക്ക് പോകാന്‍ ആദ്യം തന്നെ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. അടുത്ത ബന്ധുക്കളോടും അറസ്റ്റ് ഒഴിവാക്കാനാകില്ലെന്ന് പൊലീസ് സൂചന നല്‍കിയിരുന്നു. ബിഷപ്പിന്റെ കൂടുതല്‍ വസ്ത്രങ്ങളടക്കമുള്ളവ എത്തിക്കാനും നിര്‍ദേശം നല്‍കി. പഞ്ചാബ് പോലീസിനെയും അറസ്റ്റ് വിവരങ്ങൾ അറിയിച്ചിട്ടുണ്ട്.

മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോതി 25 നു പരിഗണിക്കാന്‍ ഇരിക്കുന്നത് ചൂണ്ടിക്കാട്ടി ഇടക്കാല ജാമ്യത്തിനുള്ള നീക്കം നടത്തിയിരുന്നു. ഇതിനായി ജാമ്യാപേക്ഷയടക്കമുള്ള നടപടിക്രമങ്ങള്‍ അഭിഭാഷകര്‍ തയ്യാറാക്കിയിട്ടുണ്ടെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എട്ട് മണിക്കൂര്‍ നീണ്ട രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷവും മൊഴികളിലെ വ്യക്തത കുറവാണ് അറസ്റ്റിന് തടസമായി നേരത്തെ അന്വേഷണസംഘം ചൂണ്ടിക്കാട്ടിയിരുന്നത്. ബലാല്‍സംഗ കുറ്റം നിഷേധിച്ച ഫ്രാങ്കോ മഠത്തിലെ ആഭ്യന്തര അധികാര തര്‍ക്കമാണ് ആരോപണങ്ങള്‍ക്കു പിന്നിലെന്ന മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.

കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ തന്നെ ആദ്യ സംഭവമായിരിക്കും സ്ത്രീ പീഡനക്കേസില്‍ ഒരു ബിഷപ്പ് അറസ്റ്റിലാകുന്നത്. വത്തിക്കാന്‍ നേരിട്ട് ഇടപെട്ട് പ്രാങ്കോ മുളക്കലിനെ ബിഷപ്പ് പദവിയില്‍ നിന്നും നീക്കിയിരുന്നു. ഫ്രാങ്കോ മുളക്കലിന്റെ അപേക്ഷ പരിഗണിച്ചാണ് സഭാ ഉത്തരവാദിത്വത്തില്‍ നിന്നും നീക്കിയത്.

Top