കൊച്ചി: മഴയെത്തി, മഴയെക്കൊപ്പമുള്ള വ്യാധികളും എത്തി. കഴിഞ്ഞ കറച്ച് വര്‍ഷങ്ങളായി മഴക്കാലത്ത് കേരളത്തെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രധാന പ്രശ്‌നം കൊതുക് ശല്യമാണ്. ഗ്രാമ, നഗരഭേദമന്യേ ആക്രമണം അഴിച്ചുവിട്ട് മൂളിപ്പാട്ടുമായി കൊതുകു കൂട്ടങ്ങളും എത്തിതുടങ്ങി. കൊതുകുപരത്തുന്ന ചിക്കന്‍ഗുനിയ, ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ളവ പലയിടത്തും നിയന്ത്രണ വിധേയമാണെങ്കിലും വേനല്‍മഴയില്‍ കൊതുകുകള്‍ പെരുകിയതോടെ ആരോഗ്യവകുപ്പ് ആശങ്കയിലാണ്. സംസ്ഥാനത്തുടനീളം ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യുകയും മരണം സംഭവിക്കുകയും ചെയ്ത സാഹചര്യത്തില്‍ കടുത്ത ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്.
എന്നാല്‍ കൊതുകുകളെ കൊണ്ട് പൊറുതി മുട്ടിയ ഒരു ജില്ലയുണ്ട്. വെള്ളക്കെട്ടുകള്‍ നിറഞ്ഞ ആലപ്പുഴയാണത്. ജില്ലയില്‍ കൊതുകുകളുടെ സാന്ദ്രത മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വളരെ കൂടുതലെന്ന് ആരോഗ്യവകുപ്പ് നടത്തിയ സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത് മുന്‍കൂട്ടി കണ്ട് മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നേരത്തെ ആരംഭിക്കണമെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ശുചീകരണത്തൊഴിലാളികളുടെ അപര്യാപ്തത മൂലം ഇത് നടപ്പായില്ല. ഇതോടെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായിരിക്കുകയാണ്.
നിലവില്‍ ഡെങ്കിപ്പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങളില്‍ ഫോഗിങ്ങും മരുന്നുതളിയും നടത്തി കൊതുകുപടയെ ചെറുക്കാനൊരുങ്ങുകയാണ് ആരോഗ്യവകുപ്പ്. ഇതിനാവശ്യമുള്ള ഉപകരണങ്ങളും മരുന്നുകളും ജില്ലാ മെഡിക്കല്‍ ഓഫീസില്‍ എത്തിച്ചിട്ടുണ്ട്. ഇതോടൊപ്പം കൊതുകുകള്‍ പെറ്റുപെരുകാനുള്ള സാഹചര്യം ഒഴിവാക്കുന്നതിനും കൊതുകു നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളെക്കുറിച്ചും ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി വീടുകള്‍ തോറും കയറിയിറങ്ങി പ്രചാരണ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. ആശാ വാളണ്ടിയര്‍മാരെയാണ് ഇതിന് നിയോഗിച്ചിരിക്കുന്നത്.
സംസാരിക്കുമ്പോള്‍ പോലും കൊതുക് വായിലേക്ക് കയറുന്ന സ്ഥിതിയാണ് ആലപ്പുഴ നഗരത്തിലും പരിസരപ്രദേശത്തും. മാലിന്യം നിറഞ്ഞു കിടക്കുന്ന കനാലുകളും ഓടകളുമാണ് പ്രധാന കൊതുകുവളര്‍ത്തല്‍ കേന്ദ്രങ്ങള്‍. രാവിലെ 6.30നും ഒമ്പതിനും ഇടയിലും വൈകിട്ട് നാലിനും ഏഴിനും ഇടയിലുമാണു കൊതുകിന്റെ ആക്രമണം ഏറ്റവും കൂടുതല്‍. എന്നാലിപ്പോള്‍ പകല്‍നേരത്ത് പോലും കൊതുകുകള്‍ ചോരതേടി വേട്ടയാടുകയാണ്. കുഞ്ഞുങ്ങള്‍ രാത്രികാലത്ത് ഉറങ്ങുന്നില്ല. കൊതുകിനെ അകറ്റാനുള്ള രാസപ്രയോഗങ്ങളെയെല്ലാം ഇവ അതീജീവിച്ചിരിക്കുന്നു. കൊതുകുതിരികളും ലിക്വിഡുമെല്ലാം കാഴ്ചവസ്തുക്കളായി മാറി. കൊതുകുകളെ തുരത്തുന്നതിനുള്ള പദ്ധതികള്‍ക്ക് അനക്കം വച്ചിട്ടുപോലുമില്ല. ലാര്‍വകളുള്ളിടത്ത് മതിയായ അളവില്‍ മരുന്നു തളിച്ചാലേ ഇവയെ നശിപ്പിക്കാനാവൂ. എന്നാല്‍ ഉത്തരവാദിത്വപ്പെട്ടവര്‍ അനങ്ങുന്നില്ല.
കേരളത്തില്‍ പ്രധാനമായും നാലിനം കൊതുകുകളാണ് ഉള്ളത്.മലേറിയ പരത്തുന്ന അനോഫിലസ്, ജപ്പാന്‍ ജ്വരവും ഫൈലേറിയാസിസും വെസ്റ്റ്‌നൈല്‍ ഫീവറും പരത്തുന്ന ക്യൂലക്‌സ്, ഡെങ്കിപ്പനിക്കും ചിക്കുന്‍ഗുനിയയ്ക്കും കാരണമാകുന്ന ഈഡിസ്, മന്തിനു കാരണമാകുന്ന മാന്‍ അനോയ്ഡ്‌സ് എന്നിവയാണത്.
കൊതുകുകളുടെ പ്രജനന കാലമാണ് മഴക്കാലം. കെട്ടിക്കിടക്കുന്ന വെള്ളത്തിലാണു കൊതുകുകള്‍ മുട്ടയിടുന്നത്. 14 ദിവസത്തിനുള്ളില്‍ കൊതുക് പൂര്‍ണവളര്‍ച്ചയെത്തും പെണ്‍കൊതുക് 100 ദിവസംവരെ ജീവിച്ചിരിക്കും. ആണ്‍ കൊതുകുകളുടെ ആയുസ് പരമാവധി 20 ദിവസം മാത്രം. അതിനാല്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ ഇവയുടെ വളര്‍ച്ച തടയാം. മാലിന്യം നിറഞ്ഞ വെള്ളക്കെട്ടുകളിലാണ് ക്യൂലക്‌സ് കൊതുകുകള്‍ വളരുന്നത്. അനോഫിലസ് കൊതുകുകള്‍ ശുദ്ധജലത്തിലും (കിണറ്റിലും ടാങ്കിലും) ഈഡിസ് കൊതുകുകള്‍ കപ്പുകളിലും പാത്രങ്ങളിലും കെട്ടിനില്‍ക്കുന്ന വെള്ളത്തിലും പെറ്റുപെരുകുന്നു. സന്ധ്യാസമയത്തു വീടിനു സമീപം തുളസിയില, വേപ്പില തുടങ്ങിയവ പുകയ്ക്കുന്നതു കൊതുകിനെ അകറ്റും. വീടിനടുത്തുള്ള മലിനജല ഓടകള്‍ വൃത്തിയാക്കി വെള്ളക്കെട്ട് ഉണ്ടാകാതെ ശ്രദ്ധിക്കുക. വെള്ളക്കെട്ടുകള്‍ ഒഴുക്കിക്കളയാന്‍ കഴിയുന്നില്ലെങ്കില്‍ അവയില്‍ മണ്ണെണ്ണയോ കരിഓയിലോ ഒഴിക്കുക. വീടിനു സമീപത്തു മലിനജലം കെട്ടിനില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഗുണം ചെയ്യും.
ഇനി കൊതുകിനെ തുരത്താന്‍. പകല്‍ കൊതുകുകള്‍ വീടിനുള്ളില്‍ കടക്കാതിരിക്കാന്‍ അടുക്കളയുടെ ജനാലകളും സണ്‍ഷേഡ് അടക്കമുള്ള ഭാഗങ്ങളും കൊതുകുവല ഉറപ്പിച്ചു സംരക്ഷിക്കണം. പകല്‍സമയങ്ങളില്‍ പറമ്പില്‍ ജോലിചെയ്യുന്നവര്‍ കൊതുകു കടിയേല്‍ക്കാതിരിക്കാന്‍ ലേപനങ്ങളും ക്രീമുകളും പുരട്ടുന്നതു നല്ലതാണ്.