തിരുവനന്തപുരം: അശ്ലീല യൂട്യൂബർ വിജയ് പി നായരെ ആക്രമിച്ച സംഭവത്തിൽ ശ്രീലക്ഷ്‌മി അറയ്‌ക്കലിനെ നൂറ് ശതമാനം പിന്തുണയ്‌ക്കുന്നുവെന്ന് അമ്മ ഉഷാകുമാരി അറയ്‌ക്കൽ .വിജയ് പി നായർ അടി അർഹിക്കുന്ന ആൾ തന്നെയാണ്. എന്റെ അഭിപ്രായത്തിൽ അയാൾക്ക് കൊടുത്തത് പോരായെന്നാണ്. ലോകം മുഴവൻ എതിർത്താലും അവൾ ചെയ്‌തത് ശരിയെന്ന് വിശ്വസിക്കുന്ന അമ്മയാണ് ഞാൻ. ഞാൻ എന്റെ മകളെ കുറിച്ചോർത്ത് അഭിമാനിക്കുകയാണ്. അയൽവാസിയായ ഒരാൾ അരമണിക്കൂർ മുമ്പും എന്നെ തെറിവിളിച്ചിട്ട് പോയതേ ഉളളൂ. പെട്ടെന്ന് ദഹിക്കുന്ന ഒരു വിഷയമല്ലിത്, അതിന്റെ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നും ഉഷാ അറയ്‌ക്കൽ പറയുന്നു.കേരളകൗമുദി ഓൺലൈനാണു വെളിപ്പെടുത്തൽ പുറത്ത് വിട്ടത് .
ഉഷ അറയ്‌ക്കലിന്റെ വാക്കുകൾ:
കൊടുക്കാൻ സ്‌ത്രീധനമില്ലാത്തതിനാലും പിന്നോക്ക കുടുംബമായതിനാലും എനിക്ക് നല്ല കല്യാണ ആലോചനകൾ ഒന്നും വന്നിരുന്നില്ല. ഒടുവിൽ എന്റെ വീട്ടിൽ നിൽക്കാൻ തയ്യാറായ ഒരാളാണ് എന്നെ കല്യാണം കഴിക്കാനായി വന്നത്. നാട്ടിലെ ഒരു ഹോട്ടലിൽ ജോലിക്കാരനായി വന്നതായിരുന്നു അയാൾ. എന്നെക്കാൾ പത്ത് വയസ് പ്രായക്കൂടുതൽ പുളളിക്കുണ്ടായിരുന്നു. പതിനൊന്ന് മാസം മാത്രമേ ഞങ്ങൾ ഒന്നിച്ച് ജീവിച്ചിട്ടുളളൂ. അയാൾ വിവാഹത്തട്ടിപ്പുകാരനായിരുന്നു. പുകവലിയും മദ്യപാനവും ഒന്നുമില്ലാത്ത കാണുമ്പോൾ മാന്യനായി തോന്നിക്കുന്ന ഒരാളായിരുന്നു അയാൾ. എല്ലാവരോടും നല്ല രീതിയിലായിരുന്നു പെരുമാറിയിരുന്നത്.
ശ്രീലക്ഷ്‌മിയെ പ്രസവിച്ചതിന് ശേഷം അയാൾ വീട്ടിൽ ഉണ്ടായിട്ടില്ല. മകൾ ജനിച്ച് 22 ദിവസമായപ്പോഴാണ് അയാൾ മറ്റൊരു വിവാഹം കഴിച്ചുവെന്ന് കൂടി അറിയുന്നത്. ആ ഒരു സാഹചര്യത്തിൽ ഞാൻ കേസ് ഫയൽ ചെയ്‌തു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ.കെ ആന്റണി തൊട്ട് താഴോട്ട് ഇങ്ങോട്ട് എല്ലാവർക്കും ഞാൻ പരാതി കൊടുത്തു.
കല്യാണം കഴിഞ്ഞ് പതിനൊന്ന് മാസത്തിനുളളിൽ എനിക്കൊരു കുട്ടിയായി ദാമ്പത്യം ശിഥിലമായപ്പോൾ കുടുംബം എന്നിൽ നിന്ന് അകന്നു. അവർക്ക് ഇതൊക്കെ നാണക്കേടായിരുന്നു. എല്ലവരും അകന്ന് പോയപ്പോൾ ആത്മഹത്യ ചെയ്യാനാണ് ഞാൻ ശ്രമിച്ചത്. മോളെ തനിച്ചാക്കി ഞാൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. എത്ര പുഴുക്കുത്തേറ്രാലും മോളെ ഈ സമൂഹത്തിൽ വളർത്തണമെന്ന് എനിക്ക് മനസിലായി. ഒപ്പം ഞാൻ മാത്രമല്ല ഈ സമൂഹത്തിൽ ഭർത്താവ് ഉപേക്ഷിച്ച സ്ത്രീയെന്ന ബോദ്ധ്യവും.
അവളെ വളർത്തുമ്പോൾ എപ്പോഴും അമ്മയ്‌ക്ക് ആണായും പെണായും നീ വളരണമെന്ന ഉപദേശമാണ് ഞാൻ നൽകികൊണ്ടിരിക്കുന്നത്. അവളുടെ ചെവിയിൽ ഞാനത് എപ്പോഴും പറയുമായിരുന്നു. ഒരുപാട് പട്ടിണി അനുഭവിച്ചാണ് ഞങ്ങൾ ജീവിച്ചത്. അവൾക്ക് മൂന്നര വയസാകുന്നത് വരെ ഞാൻ കൂലി പണിയെടുത്താണ് ജീവിച്ചത്.
പുരോഗമനപരമായി ചിന്തിക്കുമ്പോൾ ശ്രീലക്ഷ്‌മി പറയുന്നതും പ്രവർത്തിക്കുന്നതുമെല്ലാം സമൂഹത്തിന് അത്യാവശ്യമാണ്. ആക്ഷേപങ്ങളൊന്നും ചെവിക്കൊളളാറില്ല. അവർ മെച്യൂരിറ്റിയെത്തിയ ഒരു കുട്ടിയാണ്. കുടുംബങ്ങളെല്ലാം എന്നിൽ നിന്ന് അകന്നാണ് ഇപ്പോൾ ജീവിക്കുന്നത്. അറയ്‌ക്കൽ എന്റെ അച്ഛന്റെ തറവാട്ട് പേരാണ്. ആ പേര് നീക്കം ചെയ്യണമെന്നാണ് ഇപ്പോൾ സഹോദരൻ പറയുന്നത്. മംഗളകാര്യങ്ങളിലൊന്നും ഞങ്ങളെ ക്ഷണിക്കാറില്ല.ശ്രീലക്ഷ്‌മിക്ക് മൂന്നരവയസായപ്പോൾ എല്ലാ ബന്ധുക്കളും മിണ്ടാൻ തുടങ്ങുകയും നല്ലൊരു അന്തരീക്ഷത്തിലാണ് അവർ വളരുകയും ചെയ്‌തത്. അവൾ അക്കാദമിക്കലി നല്ല മിടുക്കിയായിരുന്നു.
സ്വയംഭോഗത്തെപ്പറ്റിയാണ് അവൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ ആദ്യം തുറന്ന് സംസാരിച്ചത്. അന്ന് എനിക്ക് ഫേസ്ബുക്കൊന്നും ഉണ്ടായിരുന്നില്ല. പുറത്ത് അത് വലിയ കോലാഹലം സൃഷ്ടിച്ചിരുന്നു. അടക്കിപിടിച്ചുളള സംസാരവും കളിയാക്കലുമൊക്കെ ഞാൻ കേട്ടു. കല്യാണം കഴിക്കാത്ത ഇവൾ എങ്ങനെയാണ് ലൈംഗികതയെപ്പറ്റിയും സ്വയംഭോഗത്തെപ്പറ്റിയുമൊക്കെ സംസാരിക്കുന്നതെന്നാണ് ചോദിച്ചത്. ഇവൾക്ക് നാണമില്ലേയെന്ന് ചോദിച്ചായിരുന്നു പ്രശ്‌നങ്ങളൊക്കെ. അന്ന് ബന്ധങ്ങളൊന്നുമില്ലാതെ ആയി പോകുമല്ലോയെന്ന് കരുതി അവളെ വിളിച്ച് ഞാൻ ഫയർ ചെയ്‌തു.
സമൂഹത്തിന് ഇത് അത്യാവശ്യമാണെന്നായിരുന്നു അവളുടെ മറുപടി. ലൈംഗിക വിദ്യാഭ്യാസത്തിന്റെ അപര്യാപ്തത നമ്മുടെ സമൂഹത്തിനുണ്ട്. അത് മാറണമെങ്കിൽ നമ്മൾ ഓപ്പണായി സംസാരിക്കണം. അത് ഇന്ന് മാറുമെന്നല്ല. ലോകത്തിൽ ആര് എന്നെ എതിർത്ത് സംസാരിച്ചാലും എനിക്ക് പ്രശ്‌നമൊന്നുമില്ല. പക്ഷേ അമ്മ എന്നെ സപ്പോർട്ട് ചെയ്യാതെ ആയാൽ ഞാൻ തളർന്നുപോകുമെന്ന് അവൾ പറഞ്ഞു.പുരോഗമനപരമായ ആശയത്തിന് വേണ്ടിയാണ് എന്റെ മകൾ കുറ്റപ്പെടുത്തലുകൾ കേൾക്കുന്നതെങ്കിൽ ഞാൻ അവളെ പിന്തുണയ്‌ക്കേണ്ടതാണെന്ന് എനിക്ക് തോന്നി. എന്റെ റൂട്ട് ക്ലീയറായത് കൊണ്ടു തന്നെ മകളെ എനിക്ക് വിശ്വാസമാണ്.