തിരുവനന്തപുരം: റോഡ് സുരക്ഷാ ആക്ഷന്‍ പ്ലാനിന്റെ ഭാഗമായി സംസ്ഥാനത്ത് സംയുക്ത മോട്ടോര്‍ വാഹന പരിശോധന തുടങ്ങി. മോട്ടോര്‍ വാഹനവകുപ്പും പൊലീസും വിവിധ വകുപ്പുകളുമായി സഹകരിച്ചുള്ള വാഹനപരിശോധന ഈ മാസം 31 വരെയാകും നടക്കുക.
സംയുക്ത വാഹന പരിശോധനയില്‍ ആദ്യ ദിവസം പിഴയായി ലഭിച്ചത് 2,73,500 രൂപ. 2735 നിയമ ലംഘനങ്ങളാണ് ആദ്യ ദിവസം കണ്ടെത്തിയത്. കൊല്ലം ജില്ലയിലാണ് കൂടുതല്‍ പേര്‍ നിയമ ലംഘനം നടത്തിയത്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് കര്‍ശന വാഹന പരിശോധന തുടരും.
റോഡ് സുരക്ഷ ആക്ഷന്‍ പ്ലാനിന്റെ ഭാഗമായാണ് ഈ മാസം 5 മുതല്‍ 31 വരെ സംസ്ഥാനത്ത് സംയുക്ത വാഹന പരിശോധന കര്‍ശനമായി നടത്താന്‍ സര്‍ക്കാരിന്റെ തീരുമാനം. ഓരോ തീയതികളില്‍ ഓരോതരം നിയമ ലംഘനങ്ങള്‍ക്കെതിരെയാകും പരിശോധന. സംസ്ഥാനത്തെ അപകട നിരക്കും അപകട മരണ നിരക്കും കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടികള്‍.
ഓഗസ്റ്റ് 8 മുതല്‍ 10 വരെ അനധികൃത പാര്‍ക്കിംഗ്, 11 -ാം തീയതി മുതല്‍ 13 വരെ അമിതവേഗം, 14 മുതല്‍ 16 വരെ മദ്യപിച്ചുള്ള വാഹനമോടിക്കല്‍, ലെയ്ന്‍ ട്രാഫിക് തുടങ്ങിയ വിഭാഗങ്ങള്‍ തിരിച്ചാവും പരിശോധന.