
കൊല്‍ക്കത്ത: അവതാരകയ്ക്ക് വസ്ത്രധാരണത്തെക്കുറിച്ച് ഉപദേശം നല്‍കി വെട്ടിലായി ബിജെപി നേതാവ്. പാന്റ്‌സ് ധരിച്ചു നടക്കാതെ മര്യാദയ്ക്കുള്ള വസ്ത്രം ധരിക്കാനായിരുന്നു മാധ്യമപ്രവര്‍ത്തകയോട് ബിജെപി വനിതാ നേതാവ് മൗഷ്മി ചാറ്റര്‍ജി പറഞ്ഞു. ഗുജറാത്തിലെ സൂററ്റില്‍ നടന്ന ചടങ്ങിനിടെയാണ് സംഭവം. പരിപാടിക്കിടെ മാധ്യമങ്ങളുമായി സംവദിക്കാന്‍ ‘പാന്റ്‌സ് ധരിച്ച’ അവതാരക മൗഷ്മിയെ ക്ഷണിച്ചു. ഇതിനിടെയായിരുന്നു നേതാവിന്റെ ഉപദേശം.
നിങ്ങളുടെ വസ്ത്രധാരണം ശരിയല്ല. ഇങ്ങനെയൊരു ചടങ്ങില്‍ സാരിയോ ചുരിദാറോ ആയിരുന്നു ധരിക്കേണ്ടിയിരുന്നത്. പാന്റ്‌സ് ധരിച്ചാല്‍ അന്പലത്തില്‍ പോകുന്‌പോള്‍ കുനിയാനും ഇരിക്കാനുമൊക്കെ ബുദ്ധിമുട്ടാകും. സാരിയോ, സല്‍വാറോ, ഗാഗ്ര ചോളിയോ ധരിച്ചാല്‍ എളുപ്പമായിരിക്കും- മൗഷ്മി ചാറ്റര്‍ജി പറഞ്ഞു. ഒരു ഭാരതീയ സ്ത്രീയെന്ന നിലയില്‍ താന്‍ പാന്റ്‌സ് പോലുള്ള വസ്ത്രങ്ങളെ എതിര്‍ക്കുന്നെന്നും അവര്‍ പറഞ്ഞു.
സംഭവം വിവാദമായതോടെ വിശദീകരണവുമായി മൗഷ്മി രംഗത്തെത്തി. അത് ഉപദേശം മാത്രമായിരുന്നെന്നും ബിജെപി നേതാവായല്ല, മറിച്ച് അമ്മയുടെ സ്ഥാനത്തുനിന്നാണ് അവതാരകയോട് അങ്ങനെ പറഞ്ഞതെന്നും മൗഷ്മി വിശദീകരിച്ചു.