ആരാണ് വിക്രമാദിത്യ? രാധേശ്യാമിന്റെ പുതിയ പോസ്റ്റര്‍ എത്തി; ടീസര്‍ പ്രഭാസിന്റെ ജന്മദിനത്തില്‍ പുറത്തിറക്കാനൊരുങ്ങി അണിയറപ്രവര്‍ത്തകര്‍

തെന്നിന്ത്യന്‍ താരം പ്രഭാസിന്റെ ജന്മദിനം ആഘോഷമാക്കാന്‍ ഒരുങ്ങി രാധേശ്യാമിന്റെ അണിയറപ്രവര്‍ത്തകര്‍. എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന രാധേശ്യാമിന്റെ ടീസര്‍ പ്രഭാസിന്റെ ജന്മദിനമായ ഒക്ടോബര്‍ 23 ന് പുറത്തിറക്കാനാണ്  തീരുമാനം. അതിന് മുന്നോടിയായി രാധേശ്യാമിന്റെ പുതിയ പോസ്റ്റര്‍ ഇന്ന് പ്രകാശനം ചെയ്തു.പ്രഭാസ് തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച പോസ്റ്ററില്‍ താരം ചിന്തയില്‍ മുഴുകി നില്‍കുന്ന ചിത്രമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ആരാണ് വിക്രമാദിത്യ എന്ന ക്യാപ്ഷനോടെ പുറത്തിറക്കിയ പോസ്റ്ററിനുള്ള ഉത്തരമാകും 23 ന് ഇറങ്ങുന്ന ടീസര്‍.  ഒരു പതിറ്റാണ്ടിന് ശേഷം പ്രഭാസ് റൊമാന്റിക് വേഷം കൈകാര്യം ചെയ്യുന്ന ചിത്രമെന്ന ഖ്യാതിയോടെയാണ് രാധേശ്യാം ഒരുങ്ങുന്നത്.  ഇതിനോടകം തന്നെ പുറത്തുവന്ന പോസ്റ്ററുകള്‍ എല്ലാം സിനിമാപ്രേമികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. ജന്മദിനമായ 23 ന് പുറത്തിറക്കുന്ന വിക്രമാദിയ ക്യാരക്ടര്‍ ടീസറിനായുള്ള കാത്തിരിപ്പിലാണ് കേരളത്തിലെ ഉള്‍പ്പെടെയുള്ള ഫാന്‍സ്. പൂജാ ഹെഗ്‌ഡെയും പ്രഭാസും താരജോഡികളായി ഒന്നിച്ചഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണ് രാധേശ്യാം. പ്രമുഖ സംവിധായകന്‍ രാധാകൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം യുവി ക്രിയേഷന്റെ ബാനറില്‍  വംസി, പ്രമോദ് എന്നിവരാണ് നിര്‍മ്മിക്കുന്നത്. ചിത്രം പൊങ്കല്‍ ദിവസമായ ജനുവരി 14 ന് പ്രദര്‍ശനത്തിന് എത്തും.

 

Top