അയലത്തെ പറമ്പിലെ പുല്ലു കണ്ട് പശുവിനെ വളർത്താനാണ് ധനമന്ത്രി ശ്രമിക്കുന്നതെന്ന് എം.ടി രമേശ്,സാങ്കൽപ്പിക ബജറ്റാണെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം : ഇടതു സർക്കാറിന്റെ ൨൦൧൮ ലെ ബജറ്റിനെതിരെ ബിജെപി നേതാക്കളായ സുരേന്ദ്രനും എം ടി രമേശും .തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിനെ കണക്കിന് പരിഹസിച്ചുകൊണ്ടാണ് ഇരുവരും രംഗത്ത് എത്തിയത് .തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് വെറും രാഷ്ട്രീയ പ്രസംഗം മാത്രമായിരുന്നുവെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് പറയുന്നു . കേന്ദ്ര വിരുദ്ധ പ്രസംഗം നടത്താനാണ് ബജറ്റിന്‍റെ ഏറിയ പങ്കും ഐസക് വിനിയോഗിച്ചത്. നോട്ട് നിരോധനം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തിയെന്ന് ലോകത്തിലെ സാമ്പത്തിക വിദഗ്ദ്ധൻമാരെല്ലാം അഭിപ്രായപ്പെട്ടതാണ്. മറ്റ് സംസ്ഥാനങ്ങൾക്കൊന്നുമില്ലാത്ത പ്രതിസന്ധി കേരളത്തിൽ മാത്രം ഉണ്ടായെങ്കിൽ അത് ധനമന്ത്രിയുടെ പിടിപ്പുകേടു മൂലമാണ്. കേരളത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം നോട്ട് നിരോധനമാണെന്ന ഐസകിന്‍റെ പ്രസ്താവന യാഥാർത്ഥ്യത്തിന് നിരക്കാത്തതാണ്.

2,07,026 കോടി രൂപയാണ് കേരളത്തിന്‍റെ മൊത്തം കടം. ഇത് നോട്ട് നിരോധനം മൂലമാണോയെന്ന് ഐസക് വ്യക്തമാക്കണം. മാറിമാറി ഭരിച്ച് കേരളത്തെ കടത്തിൽ മുക്കി കൊന്നത് രണ്ടു മുന്നണികളുമാണ്. കടം എടുക്കാൻ കേന്ദ്രം അനുവദിക്കാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന ഐസകിന്‍റെ വാദം വിചിത്രമാണ്. കടം എടുക്കേണ്ട സാഹചര്യം ഒഴിവാക്കാൻ ഉത്തരവാദിത്തമുള്ള ധനമന്ത്രി നിരുത്തരവാദപരമായാണ് സംസാരിക്കുന്നത്. കേരളത്തിൽ നികുതി പിരിക്കാൻ കഴിയാത്തത് ഐസകിന്‍റെ മാത്രം കുറ്റമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അയലത്തെ പറമ്പിലെ പുല്ലു കണ്ട് പശുവിനെ വളര്‍ത്തുന്ന നാട്ടിൻ പുറത്തുകാരനെയാണ് ഐസക് ഓർമ്മിപ്പിക്കുന്നത്. ബജറ്റിന് പുറത്ത് നിന്ന് പണം കണ്ടെത്താൻ കിഫ്ബി ചിട്ടി നടത്തുമെന്ന ഐസകിന്‍റെ പ്രഖ്യാപനം യാഥാർത്ഥ്യബോധമില്ലാത്തതാണ്. കഴിഞ്ഞ ബജറ്റിൽ കിഫ്ബി വഴി നടത്തുമെന്ന ഒരു പദ്ധതി പോലും നടപ്പായിട്ടില്ല. 630 കിമീറ്റർ തീരദേശ ഹൈവേ, കുടിവെള്ള പദ്ധതിക്ക് 1700 കോടി, കെ ഫോൺ എന്ന പേരിൽ ഇന്‍റർനെറ്റ് വ്യാപനത്തിന് 1000 കോടി, സർക്കാർ ആശുപത്രികൾക്ക് 2000 കോടി തുടങ്ങി നിരവധി പ്രഖ്യാപനങ്ങൾ കിഫ്ബി വഴി നടപ്പാക്കുമെന്ന് കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചതാണ്.. ഇവയൊന്നും നടപ്പായിട്ടില്ല.

ജില്ലാ സഹകരണ ബാങ്കുകളെ ഇല്ലാതാക്കി കേരളാ ബാങ്ക് രൂപീകരിക്കാൻ നടപടി തുടങ്ങിയ സർക്കാർ എങ്ങനെയാണ് അവയെ ഉപയോഗിച്ച് കെഎസ്ആർടിസിയുടെ ബാധ്യത തീർക്കുന്നതെന്ന് വിശദീകരിക്കണം. കേരളത്തിന്‍റെ വികസനത്തിന് യാതൊരു പ്രതീക്ഷയും നൽകാത്ത യാഥാർത്ഥ്യ ബോധമില്ലാത്ത ബജറ്റാണ് തോമസ് ഐസക് അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എംടി രമേശ്.

അതേസമയം തോമസ് ഐസക് ഇന്ന് അവതരിപ്പിച്ചത് സാങ്കൽപ്പിക ബജറ്റാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. യാഥാർത്ഥ്യബോധമില്ലാത്തതും സ്വപ്നങ്ങൾ മാത്രം പങ്കുവെക്കുന്നതുമാണ് ബജറ്റ് പ്രസംഗം.പണം എവിടുന്നു വരും എന്നതിന് ഈ വർഷവും ഉത്തരമില്ല. ആകെ ജനങ്ങളെ പിഴിയുന്ന കുറേ നികുതി നിർദ്ദേശങ്ങൾ. നിയമനനിരോധനം തുടരും. കിഫ്ബി ഇത്തവണയും കനിയില്ല. കെഎസ്ആർടിസിയുടെ കാര്യം ഇത്തവണയും കട്ടപ്പൊക.

കഴിഞ്ഞ ബജറ്റിൽ പറഞ്ഞ നടക്കാത്ത പല കാര്യങ്ങളുടേയും തനിയാവർത്തനം. ചെലവു ചുരുക്കാൻ ഫലപ്രദമായ നടപടി ഒന്നുമില്ല. ആകെക്കൂടി പതിവു വാചാടോപങ്ങൾ ഉണ്ടായതുകൊണ്ട് പ്രസംഗം വിരസമായില്ലെന്നു പറയാമെന്നും സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

Top