മലപ്പുറം: പരസ്യങ്ങള്‍ കണ്ട് പലതിലും വീണുപോകുന്ന ജനങ്ങളെവെച്ച് പല ഏജന്‍സികളും കോടികള്‍ സമ്പാദിക്കുന്നു. പൊതുമേഖലാ ബാങ്കുകള്‍ വഴി ഈടില്ലാതെ നല്‍കുന്ന മുദ്രാ ലോണിന്റെ പേരിലും വ്യാപകമായ തട്ടിപ്പ് നടക്കുന്നതായാണ് വിവരം.
അപേക്ഷിക്കുന്ന വ്യക്തിയുടെ പ്രൊഫൈലും നടത്താനുദ്ദേശിക്കുന്ന പദ്ധതിയും മാത്രം പരിശോധിച്ച് പത്ത് ലക്ഷം രൂപ വരെ നല്‍കുന്ന മുദ്രാ ലോണിന് അപേക്ഷകന്റെ തിരിച്ചറിയല്‍ രേഖകള്‍ മാത്രമേ ആവശ്യമുള്ളു. ഈ പദ്ധതിയുടെ പേരിലാണ് പ്രമുഖ പത്രങ്ങളില്‍ പരസ്യം നല്‍കി ചില വ്യാജ ഏജന്‍സികള്‍ ലക്ഷങ്ങള്‍ തട്ടുന്നത്.
മുദ്രാ ലോണ്‍, ഈടാവശ്യമില്ലാത്ത ബാങ്ക് ലോണിന് പ്രൊജക്റ്റ്, റിപ്പോര്‍ട്ട്. പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഫ്രാഞ്ചൈസികളെ നിയമിക്കുന്നു. കൂടുതലറിയാന്‍ friends of kerala എന്ന സെമിനാറില്‍ പങ്കെടുക്കുക. പ്രവേശന ഫീസ് 600 രൂപ. ആഗസ്റ്റ് നാലിന് കോഴിക്കോട്, 6ന് വയനാട്, 10 ന് തൊടുപുഴ, 12 ന് ഇടുക്കി.” പിന്നെ സ്ഥാപനത്തിന്റെ പേരായ വെല്‍ത്ത് ഒമേഗയുടെ പേരും ഫോണ്‍ നമ്പറും കഴിഞ്ഞ ഞായറാഴ്ച്ച മലയാള മനോരമ പത്രത്തില്‍ വന്ന പരസ്യമാണിത്.
മുദ്രാ ലോണ്‍ നല്‍കുന്നതിനായി സര്‍ക്കാറോ ബാങ്കുകളോ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നതാണ് വാസ്തവം. അപേക്ഷകന്റെ യോഗ്യതയും പ്രൊജക്റ്റും നോക്കി ലോണ്‍ അനുവദിക്കുന്നത് അതാത് ബാങ്ക് മാനേജര്‍മാരാണ്. ലോണ്‍ അനുവദിക്കാന്‍ ഒരു ഏജന്‍സിയുടേയും നിര്‍ദേശങ്ങളോ, അഭിപ്രായങ്ങളോ ബാങ്ക് കണക്കിലെടുക്കാറില്ല.
എന്നാല്‍ ബാങ്കുകള്‍ അപേക്ഷകര്‍ക്ക് വളരെ പെട്ടന്ന് ലോണ്‍ പാസാക്കി നല്‍കാറില്ലെന്നതാണ് വാസ്തവം. ഈട് ആവശ്യമില്ലാത്ത ലോണ്‍ ആയതിനാല്‍ എന്തെങ്കിലും കാരണം പറഞ്ഞ് ലോണ്‍ അപേക്ഷ മടക്കുകയാണ് ബാങ്കുകള്‍ ചെയ്യുന്നത്. മതിയായ യോഗ്യതയുണ്ടായിട്ടും ലോണ്‍ കിട്ടാത്തവരാണ് ഇത്തരം ഏജന്‍സികളുടെ വലയില്‍ വീഴുന്നത്. ബാങ്കുമായി ഞങ്ങള്‍ക്ക് ബന്ധമുണ്ടെന്നും പറഞ്ഞ് പണം തട്ടുന്ന തട്ടിപ്പുകാരും ഏജന്‍സികളുടെ രൂപത്തില്‍ വ്യാപകമായി തുടങ്ങിയിട്ടുണ്ട്. പഞ്ചായത്ത് ലൈസന്‍സ് പോലും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം തട്ടിപ്പ് ഏജന്‍സികള്‍ സംസ്ഥാനത്ത് വ്യാപകമായിട്ടും പോലീസിന്റെ ഭാഗത്ത് നിന്ന് ഇടപെടലുകള്‍ ഉണ്ടായിട്ടില്ല.
രാജ്യത്തെ ചെറുകിട സംരംഭകര്‍ക്ക് പത്ത് ലക്ഷം രൂപ വരെ ലോണ്‍ നല്‍കാന്‍ ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ മുദ്രാ ലോണ്‍ പദ്ധതി നടപ്പാക്കിയത്. സാധാരണ ബാങ്ക് ലോണിനെ അപേക്ഷിച്ച് ലളിതമാണ് മുദ്രാ ലോണ്‍ ലഭിക്കാനുള്ള നടപടി ക്രമങ്ങള്‍. ഒരു പേജ് മാത്രമുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് നല്‍കിയാല്‍ ലോണ്‍ ലഭിക്കും. തിരിച്ചറിയല്‍ കാര്‍ഡ് മാത്രം രേഖയായി നല്‍കിയാല്‍ മതി.